സ്വന്തം ലേഖകൻ
വിഴിഞ്ഞം പോർട്ട് കമ്മീഷനിംഗിൽ അദാനി സിപിഎം നേതൃത്വം നൽകുന്ന സർക്കാരിൻ്റെ പാർട്ട്ണർ ആണ് എന്നായിരുന്നു മന്ത്രി വിഎൻ വാസവൻ്റെ അവകാശവാദം. ഒരു കമ്മ്യൂണിസ്റ്റ് മന്ത്രി ഇങ്ങനെ പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൂണ്ടിക്കാട്ടി. വെറുതെയല്ല മോദി ഇത്തരമൊരു പരാമർശം നടത്തിയത്. കാലാകാലങ്ങളായി പാർലമെൻ്റിന് അകത്തും പുറത്തും അദാനിയുടെ പേരിൽ മോദിയെ വേട്ടയാടിവരാണ് ഇപ്പോൾ അദാനി തങ്ങളുടെ പങ്കാളിയാണെന്ന് വിളംബരം ചെയ്തത്. ഇതിനെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ശരി വയ്ക്കുകയും ചെയ്തു.
വികസനത്തിനായി അദാനിയല്ല ആരുമായും കൂട്ടുകുടുമെന്നാണ് എംവി ഗോവിന്ദൻ പതിവ് താത്വിക രീതിയിൽ ഇന്ന് പ്രഖ്യാപിച്ചത്. “അദാനിയെയടക്കമുള്ളവരെ ലോകത്തിലെ മുതലാളിമാരാക്കാന് ശ്രമിച്ചത് കോണ്‍ഗ്രസാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗമായി ഇവരെയെല്ലാം ഉയര്‍ത്തി കൊണ്ടുവന്നത് കോണ്‍ഗ്രസ്, അതിന്റെ തുടര്‍ച്ചയാണ് ബിജെപി. ബിജെപിക്കും കോണ്‍ഗ്രസിനും വര്‍ഗപരമായ വ്യത്യമാസമില്ല. വികസനത്തില്‍ അദാനിയുമായി മാത്രമല്ല, ലോകത്തിലെ ആരുമായും ഞങ്ങള്‍ സഹകരിക്കും. ഞങ്ങള്‍ക്ക് ചങ്ങലയില്ലാതെ ജനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ സാധിക്കുന്ന രീതിയിലുള്ള ഏതൊരു മൂലധന നിക്ഷേപത്തോടും സഹകരിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട് “ എന്ന താത്വികമൊഴിയാണ് ഇന്ന് ഗോവിന്ദൻ പതിവ് ശൈലിയിൽ അവതരിപ്പിച്ചത്.
ഇതിൽ ഒരു കാര്യം മാത്രം എല്ലാവർക്കും മനസിലായി, വാസവൻ പറഞ്ഞത് പോലെ അദാനി ഇടത് സർക്കാരിൻ്റെ മാത്രമല്ല സിപിഎമ്മിൻ്റെ കൂടി പങ്കാളിയാണ് എന്ന്. ഇനി അറിയാനുള്ളത് കേരള സിപിഎമ്മിൻ്റെ നിലപാട് തന്നെയാണോ എംഎ ബേബി നയിക്കുന്ന ദേശീയ സിപിഎമ്മിനെന്ന് മാത്രമാണ്.
സിതാറാം യെച്ചൂരി ദേശീയ സെക്രട്ടറിയായിരുന്ന കാലത്ത് അദാനിയെ നഖശിഖാന്തം എതിർത്തവരാണ് സിപിഎം. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു, സൗരോർജ്ജ കരാറുകൾ നേടാൻ ഇന്ത്യയിൽ 2000 കോടിയിലധികം രൂപ അദാനി കൈക്കൂലി നല്‍കിയെന്ന ആരോപണം. അമേരിക്കൻ അന്വേഷണ ഏജൻസി അദാനിക്കെതിരെ സമർപ്പിച്ച കുറ്റപത്രം പുറത്ത് വന്നതിന് പിന്നാലെ സിബിഐ കേസെടുക്കണമെന്നായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത്. പല സംസ്ഥാനങ്ങളിലായി നടന്ന അഴിമതി അമേരിക്കൻ ഏജൻസി കണ്ടെത്തേണ്ടി വന്നത് അപമാനകരമാണ്. പ്രധാനമന്ത്രിയുടെ സംരക്ഷണം കാരണമാണ് അദാനിക്കെതിരെ കേസില്ലാത്തത് എന്നുമായിരുന്നു സിപിഎം ഇതു ഇതുവരെ ആരോപിച്ചിരുന്നത്. മോദിയും അദാനിയും പാർട്ട്ണർമാരാണെന് സിപിഎം നേതാക്കൾ പല തവണ ഒളിഞ്ഞും തെളിഞ്ഞും ആരോപിച്ചിരുന്നു. അവർ തന്നെ ഇപ്പോൾ ശരിവയ്ക്കുന്നത് മോദി മാത്രമല്ല പിണറായി വിജയനും സിപിഎമ്മും അദാനിയുടെ പങ്കാളികളാണ് എന്നാണ്.
മേൽപറഞ്ഞ സമയത്ത് മാത്രമല്ല മുമ്പ് നിരവധി തവണ അദാനിക്കെതിരെ പാർട്ടി ഉയർത്തിയ ആരോപണങ്ങൾ എല്ലാം സിപിഎം റദ്ദ് ചെയ്തോ എന്നതാണ് പ്രസക്തമായ ചോദ്യം. പലകാര്യങ്ങളിലും നിലവിൽ കേരള- ദേശീയ ഘടകങ്ങൾ രണ്ട് തട്ടിലാണ് എന്ന് കേന്ദ്ര കമ്മിറ്റി അംഗം പികെ ശ്രീമതിയെ സംസ്ഥാന സെക്രട്ടറിയറ്റിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തെളിഞ്ഞതാണ്. അദാനിയോടുള്ള ദേശീയ സിപിഎം നിലപാട് മാറ്റിയിട്ടുണ്ടെങ്കിൽ മറ്റൊരു താത്വിക അവലോകന ന്യായീകരണമായി ബേബി തന്നെ ഉടൻ എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. പകരം മൗനം അവലംബിക്കുകയാണെങ്കിൽ പോലും ദേശീയ സിപിഎമ്മും അദാനിയെ പങ്കാളിയായി അംഗീകരിച്ചെന്ന് സാരം.
വീഡിയോ കാണാം:



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.