നിലച്ചിട്ടില്ല നിലമ്പൂർ പോര്; മുന്നണി പ്രവേശനത്തിൽ ഇനി കരുത്തൻമാർ ഏറ്റുമുട്ടുമോ?

രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുകയാണ്. വിജയിച്ചത് യുഡിഎഫ് ആണെങ്കിലും കരുത്ത് തെളിയിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്വതന്ത്രനായി മത്സര രംഗത്ത് ഉണ്ടായിരുന്ന മുൻ എംഎൽഎ പിവി അൻവറുമായിരുന്നു. മുന്നണിയുടെ  പ്രവർത്തനങ്ങളെ ഏകോപ്പിച്ച് വിജയത്തിലേക്ക് നയിച്ചതിൽ സതീശൻ്റെ നിലപാടിന് വലിയ പങ്കുണ്ട്. പിവി അൻവറിൻ്റെ പിന്തുണ ഇല്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് തീരുമാനിച്ചത് പ്രതിപക്ഷ നേതാവിൻ്റെ കടുംപിടുത്തത്തിൽ ആയിരുന്നു. അത് തെറ്റിയില്ല എന്ന് മാത്രമല്ല മികച്ച വിജയവും നേടാനും കഴിഞ്ഞു.

ഷൗക്കത്തിൻ്റെ ഭൂരിപക്ഷം നേരിയത് ആയിരുന്നെങ്കിൽപ്പോലും സതീശൻ വലിയ വിമർശനത്തിന് വിധേയനാ വേണ്ടി വന്നേനേ. എന്തായാലും അത് ഉണ്ടായില്ലെന്ന് മാത്രമല്ല ഷൗക്കത്ത് മികച്ച വിജയം സ്വന്തമാക്കിയപ്പോൾ അതിലുടെ കരുത്ത് തെളിയിക്കാനായി. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥി ആയി വന്നതിന് ശേഷമാണ് വിഡി സതീശനുമായി തെറ്റി അൻവർ മത്സര രംഗത്തിറങ്ങുന്നത്. തൻ്റെ പോരാട്ടം പിണറായിസത്തിനും സതീശനിസത്തിനും എതിരെ ആണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഫലപ്രഖ്യാപനം വന്നപ്പോൾ ഇടത്- ഐക്യമുന്നണികളെ അൻവർ വിറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരു വിഭാഗങ്ങളുടേയും ശക്തികേന്ദ്രങ്ങളിൽ അൻവർ ഫാക്ടർ പ്രതിഫലിക്കുകയും ചെയ്തു. സിപിഎമ്മിൻ്റെ വോട്ടാണ് തനിക്ക് ലഭിച്ചത് എന്നാണ് അൻവർ അവകാശപ്പെടുന്നത്. യുഡിഎഫും ഇത് ശരി വയ്ക്കുന്നുണ്ട്. അൻവറിന് ലഭിച്ച 19746 വോട്ടുകൾ  ഭൂരിഭാഗവും അല്ലെങ്കിൽ പകുതിയിൽ ഏറെയും ഇടത് ക്യാമ്പിൽ നിന്നാണ് സമാഹരിച്ചത് എങ്കിൽ അൻവർ പിടിച്ച വോട്ടാണ് വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഫാക്ടർ എന്ന് തന്നെ യുഡിഎഫിന് സമ്മതിക്കേണ്ടി വരും. കാരണം 11077 വോട്ടുകൾക്കാണ് ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. അൻവർ പിടിച്ചത് മുഴുവൻ ഭരണവിരുദ്ധ വോട്ടുകൾ ആണെന്നാണ് മുന്നണി നേതാക്കളും അവകാശപ്പെടുന്നത്.

അൻവർ ഫാക്ടർ തിരഞ്ഞെടുപ്പിൽ വർക്ക് ചെയ്തു എന്ന് ആദ്യം പ്രതികരിച്ചത് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആണ്. അൻവർ ഒപ്പമുണ്ടായിരുന്നെങ്കിൽ കൂടുതൽ മികച്ച വിജയം ഉണ്ടാകുമായിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ മുരളിധരൻ അടക്കമുള്ള കോൺഗ്രസ് അൻവറിൻ്റെ മുന്നേറ്റം കുറച്ച് കാണുന്നില്ല. അദ്ദേഹത്തിൻ്റെ മുന്നണിയിൽ എടുക്കുന്ന കാര്യം ചർച്ച ചെയ്ത് പിന്നീട് തീരുമാനിക്കുമെന്നാണ് അവരുടെ നിലപാട്.

യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗും അൻവർ ഫാക്ടർ തിരഞ്ഞെടുപ്പിൽ വർക്ക് ചെയ്തു എന്ന അഭിപ്രായക്കാരാണ്. എംക മുനീർ അടക്കമുളളവർ അത് പരസ്യമായി വ്യക്തമാക്കി കഴിഞ്ഞു. യുുഡിഎഫ് ആലോചിച്ച് പിന്നീട് തീരുമാനം എടുക്കും എന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട്. മാധ്യമങ്ങളോട് അൻവറിൻ്റെ മുന്നണി പ്രവേശന കാര്യത്തിൽ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നോ കമൻ്റ്സ് എന്ന് പറഞ്ഞ് അതൃപ്തി പ്രകടിപ്പിക്കുകയാണ് വിഡി സതീശൻ ചെയ്തത്. എന്നാൽ ഇന്ന് ഒരു സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ ഒറ്റക്കല്ല ആ കാര്യം തീരുമാനിക്കുന്നത് എന്ന് സതീശൻ പറയുകയും ചെയ്തു.

യുഡിഎഫിന് സഹകരിക്കാൻ താല്പര്യമുണ്ടെങ്കിൽ അവരുമായി സഹകരിക്കാൻ തയ്യാറാണ് എന്ന നിലപാട് അൻവറും വ്യക്തമാക്കി കഴിഞ്ഞു. എന്നാൽ വോട്ടെണ്ണൽ നടക്കുന്ന വേളയിൽ തന്നെ യുഡിഎഫ് പ്രവേശനം തൻ്റെ മനസിൽ ഉണ്ടെന്ന സൂചന അൻവർ നൽകിയിരുന്നു. അൻവറിന് ലഭിച്ച വോട്ടുകളുടെ എണ്ണം പതിനായിരം കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം യുഡിഎഫ് വോട്ടുകൾ ചോർത്തി എന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ താൻ പിടിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടാണ് എന്ന് അവകാശപ്പെട്ട്  മാധ്യമങ്ങളെ തിരുത്തി അൻവർ തന്നെ രംഗത്ത് എത്തി.

അൻവർ ഇപ്പോഴും മുന്നണി പ്രവേശനം സ്വപ്നം കാണുന്നുണ്ട്. അതിന് നിലവിൽ വിലങ്ങ് തടിയാവാൻ സാധ്യതയുള്ള ഒരേ ഒരാൾ വിഡി സതീശനാണ്. അദ്ദേഹം അൻവറിനെ മുന്നണിയിൽ വേണ്ട എന്ന കടുംപിടുത്തം ഇനിയും തുടരുമോ എന്നതാണ് അറിയേണ്ടത്. അങ്ങനെയെങ്കിൽ നിലമ്പൂർ പോര് അവസാനിച്ചിട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. മുന്നണി പ്രവേശനത്തെ ചൊല്ലി നിലമ്പൂരിൽ കരുത്തു തെളിയിച്ചവർ വാക്പോരടിച്ച് പരസ്പരം അങ്കം കുറിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

എന്നാൽ നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പോ അതിന് ശേഷമോ അൻവറിൻ്റെ മുന്നണി പ്രവേശം ഉണ്ടാകുമെന്ന് തന്നെയാണ്. മുസ്ലിം ലീഗും കെപിസിസി പ്രസിഡൻ്റും മുന്നണി കൺവീനറും മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കളും നിലവിലുള്ള നിലപാടിൽ ഉറച്ച് നിന്നാൽ സതീശൻ എതിർത്താൽ പോലും യുഡിഎഫ് പ്രവേശനം സാധ്യമാകും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷ നേതാവിനെതിരെ ശക്തമായ കടന്നാക്രമണം നടത്തിയ അൻവർ നിലവിൽ സതീശനെതിരെ വെടിനിർത്തലിലാണ്. സതീശനും നോ കമൻ്റ്സ് എന്ന പ്രതികരണത്തിലൂടെ അൻവർ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്. എന്തായാലും അൻവറിൻ്റെ ഭാവി യുഡിഎഫിൽ ആണോ അല്ലയോ എന്ന് വരും ദിവസങ്ങളിൽ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കാം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *