വനം മന്ത്രിയുടെ വൃത്തികെട്ട ആരോപണത്തിന് സിപിഎം കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷം; മന്ത്രി ശശീന്ദ്രനും എംവി ഗോവിന്ദനുമെതിരെ പ്രതിപക്ഷ നേതാവ്

നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന വനം മന്ത്രിയുടെ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിലമ്പൂരിലുണ്ടായ അപകടം ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളിൽ നിഷ്‌ക്രിയമായി ഇരിക്കുന്ന വനം മന്ത്രി ഗൂഢാലോചന ആരോപിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വനം മന്ത്രിയുടേത് വൃത്തികെട്ട ആരോപണമാണിത്. അതിനു കുടപിടിക്കുകയാണ് എംവി ഗോവിന്ദൻ.സ്വന്തം കഴിവുകേട് മറച്ചുവെക്കാന്‍ വേണ്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു വിവരം മന്ത്രിക്ക് എവിടെ നിന്ന് കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.കോണ്‍ഗ്രസ് കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. പാലക്കാട് നീലപ്പെട്ടി, നിലമ്പൂരില്‍ പന്നിക്കെണി. ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണം.

വനം മന്ത്രി ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഉടൻ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

“പാലക്കാട്‌ നീലപെട്ടിയുമായി വന്നവർ ഇവിടെ ഗൂഢാലോചന ആരോപിക്കുകയാണ്. സർക്കാരിന്റെ നിഷ്‌ക്രിയത്വമാണ് ഇതിന് കാരണം. ഇത്തരം സംഭവങ്ങളിൽ പ്രതിഷേധം സ്വാഭാവികമാണ്. എല്ലാ പാർട്ടിക്കാരും അതിലുണ്ടാകും. വൃത്തികെട്ട ആരോപണം ഉന്നയിക്കുകയാണ് വനം മന്ത്രി. അയാളുടെ കഴിവുകേടാണ് പറയുന്നത്. വനം വകുപ്പിന് ബന്ധമില്ലെങ്കിൽ എന്തിനാണ് മന്ത്രി പ്രതികരിക്കുന്നത്? മുൻപ് വന്യജീവി ആക്രമണം നടന്നപ്പോൾ മന്ത്രി ഫാഷൻ ഷോക്ക് പോയി. പ്രതി കോൺഗ്രസ് ആണെങ്കിൽ കുഞ്ഞിനെ യുഡിഎഫ് ഗൂഢാലോചന നടത്തി കൊന്നു എന്നാണോ പറയുന്നത്? മരിച്ചത് കോൺഗ്രസ്‌ കുടുംബത്തിലെ കുട്ടിയാണ്. യുഡിഎഫ് നടത്തിയത് സ്വാഭാവിക പ്രതിഷേധമാണ്”- പ്രതിപക്ഷ നേതാവ് പറഞ്ഞു.

രാജ്ഭവനിൽ ആർഎസ്എസ് നേതാവ് ഗുരുമൂർത്തി സംസാരിച്ച സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധം അറിയിച്ചു. എന്നാൽ സർക്കാർ മൗനം പാലിച്ചു. ഏറ്റവും ഒടുവിൽ കൃഷിമന്ത്രി പരിപാടി ബഹിഷ്കരിച്ചു. എന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. സർക്കാർ പ്രതിഷേധം അറിയിക്കാൻ തയ്യാറാണോ? അല്ലാത്ത പക്ഷം ബിജെപി സിപിഎം ബന്ധവം ആണത്. കേന്ദ്ര സർക്കാരിനെയും ബിജെപിയെയും സർക്കാരിന് പേടിയാണെന്നും സതീശൻ പറഞ്ഞു.

രാജ്ഭവനെ രാഷ്ട്രീയ പ്രചരണത്തിൻ്റെ വേദിയാക്കരുതെന്നാണ് നിലപാട്. രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മൗനം പേടികൊണ്ടാണ്. ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരോടെല്ലാം പഞ്ച പുച്ഛമടക്കി ഇരിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിലെ രാജഭവനെ രാഷ്ട്രീയ പ്രചാരണത്തിനും മതപ്രചരണത്തിനും ഉപയോഗിക്കാൻ സമ്മതിക്കില്ല. ദേശീയ പാത തകർന്നതിലും ഇതുതന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം വിമർശിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *