പിണറായിയുടെ കിറ്റ് രാഷ്ട്രീയം; ഓണത്തിന് മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വീണ്ടും അവതരിക്കും

ഇത്തവണയും ഓണത്തിന് സൗജന്യ ഭക്ഷണക്കിറ്റ് വിതരണം ഉണ്ടാകുമെന്ന സ്ഥിരീകരണം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സംസ്ഥാനം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ഓണക്കിറ്റ് വിതരണം എന്നതും ശ്രദ്ധേയമാണ്. വോട്ടുപിടിക്കാൻ വേണ്ടിയാണ് ഇത്തരം സൗജന്യങ്ങൾ പിണറായി സർക്കാർ നൽകുന്നത് എന്നത്തരോപണം മുമ്പ് പലതവണ ഉയർന്നതാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് ഇലക്ഷന് മുമ്പ് ക്ഷേമ പെൻഷനുകൾ നൽകുന്നതും വോട്ടർമാരെ സ്വാധീനിക്കാനാണ് എന്ന ആരോപണം പ്രതിപക്ഷം ഉയർത്തിയിരുന്നു. പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി പിന്നീട് അത് മാറി. ക്ഷേമ പെൻഷൻ കൈക്കൂലിയാക്കി എന്നായിരുന്നു പ്രതിപക്ഷ ആരോപണം. എന്നാൽ കൈക്കൂലിയല്ല, പെൻഷൻ പാവങ്ങളുടെ അന്നം എന്നും ഭരണപക്ഷം തിരിച്ചടിച്ചിരുന്നു. ജനങ്ങളെ അപമാനിക്കാനാണ് പ്രതിപക്ഷ ശ്രമം എന്നും ഭരണകക്ഷി ആരോപിച്ചിരുന്നു. ഈ ആരോപണ പ്രത്യാരോപണങ്ങളുടെ ചൂടാറും മുമ്പാണ് ഓണക്കിറ്റ് പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രതിപക്ഷം ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

2021 നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തൊട്ടുമുമ്പും കിറ്റ് വിതരണം കേരളത്തിൽ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വിഷുവിന് എന്ന പേരിൽ നൽകിയ കിറ്റുകളാണ് വിവാദമായത്. അന്ന് വിഷുക്കിറ്റ് നേരത്തേ വിതരണം ചെയ്യുന്നത് ജനങ്ങളെ സ്വാധീനിക്കാനാണ് എന്നാണു പ്രതിപക്ഷം ആരോപിച്ചത്. ഭക്ഷ്യകിറ്റ് സൗജന്യമല്ല, ജനങ്ങളുടെ അവകാശമാണ് എന്നു പറഞ്ഞാണ് സർക്കാർ അതിനെ പ്രതിരോധിച്ചത്. കോവിഡ് കാലത്തെ ദുരിതത്തിൽനിന്നു കേരളം പൂർണമായും മോചനം നേടിയിട്ടില്ല എന്നതുകൊണ്ടാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത് എന്നായിരുന്നു വിശദീകരണം.

എന്നാൽ 2016 ലെ തിരഞ്ഞെടുപ്പു കാലത്ത് യുഡിഎഫ് സർക്കാർ സൗജന്യ അരിയും ശുദ്ധജലവും വിതരണം ചെയ്യുന്നതിനെ എതിർത്തവരാണ് ജനങ്ങളുടെ അവകാശം എന്ന പേരിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത് എന്നതാണ് ശ്രദ്ധേയം. ഓണത്തിനും ക്രിസ്മസിനുമെല്ലാം കോവിഡ്ക്കാലത്ത് തുടർച്ചയായി സൗജന്യ കിറ്റുകൾ വിതരണം ചെയ്തത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന വിലയിരുത്തലുകളുമുണ്ട്. ഇതും പിണറായി വിജയൻ്റെ തുടർ ഭരണത്തിന് വഴിയൊരുക്കിയെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

ശക്തമായ ഭരണവിരുദ്ധ വികാരവും സർക്കാരിൻ്റെ കെടുകാര്യസ്ഥതയും ചർച്ചയാവുന്ന സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ കോവിഡ് കാല മാതൃകയിൽ ഈ കിറ്റ് വിതരണം എന്ന ചോദ്യവും ഉയരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്നുണ്ട്. പതിവുപോലെ ഒരു വിഷുക്കാലത്ത് തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. അതിനാൽ സൗജന്യ കിറ്റ് വിതരണം ഓണക്കാലത്ത് മാത്രം ഒതുങ്ങില്ല. നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തൊട്ടുമുമ്പും കിറ്റുമായി പിണറായി സർക്കാർ അവതരിക്കാനാണ് സാധ്യത.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *