ആർ.രാഹുൽ
ഉമ്മൻ ചാണ്ടിയുടെ കാലത്ത് യുഡിഎഫിനെതിരെ സിപിഎമ്മും ഇടത് മുന്നണിയും ആരോപിക്കുന്നതായിരുന്നു ‘ത്രിപ്പിൾ കു’ ബന്ധം എന്ന ‘കുകുകു’ ബന്ധം. കുഞ്ഞൂഞ്ഞ് (ഉമ്മൻ ചാണ്ടി), കുഞ്ഞാപ്പ (കുഞ്ഞാലിക്കുട്ടി), കുഞ്ഞു മാണി (കെഎം മാണി). ഇതിൽ രണ്ട് ‘കു’മാർ കാലയവനികയ്ക്ക് ഉള്ളിൽ മറഞ്ഞു. സാക്ഷാൽ വിഎസ് അച്യുതാനന്ദൻ ഉൾപ്പെടെ ത്രിപ്പിൾ കുബന്ധം ആരോപിക്കുമ്പോഴും സിപിഎമ്മിൽ അദ്ദേഹത്തിൻ്റെ വിശ്വസ്തർ തന്നെ ആരോപിക്കുന്ന ഒരു ബന്ധമുണ്ടായിരുന്നു. ‘കുപി’ ബന്ധം, അതായത് കുഞ്ഞാലിക്കുട്ടി പിണറായി വിജയൻ ബന്ധം.
ഈ കുപിയിലേക്ക് ഇടക്കാലത്ത് കോൺഗ്രസിൽ ഇന്നും ഒരാൾ കടന്നു വന്നു. തുടർച്ചയായി അവഗണന എറ്റൂവാങ്ങിയ ഒരു വടക്കൻ പറവൂരുകാരൻ. അദ്ദേഹം ഇന്ന് കേരളത്തിലെ പ്രതിപക്ഷ നേതാവായി മാറി എന്നതാണ് കോൺഗ്രസുകാർ തന്നെ ചൂണ്ടിക്കാട്ടുന്നത്. ഒരു നിർണായക ഘട്ടത്തിൽ തന്നെ രക്ഷിച്ചെടുത്തതിൻ്റെ നന്ദിയും വിഡി സതീശനുണ്ട് എന്നാണ് പാർട്ടിയിലെ ഒരു വിഭാഗം തന്നെ അടക്കം പറയുന്നത്. നിയമസഭാ സമ്മേളനം കൂടുമ്പോൾ മാത്രമാണ് കേരളത്തിൽ പ്രതിപക്ഷമുള്ളു എന്ന് ജനങ്ങൾക്ക് മനസിലാവുന്നുള്ളൂ എന്നാണ് മുന്നണിയിൽ തന്നെ ഉയരുന്ന ആരോപണം. ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് പറയുന്നവരും ഉണ്ടെന്നാണ് മറ്റൊരു വസ്തുത.
ബേബിക്ക് ബദലായി ആന്റോ ആന്റണി; കടുംവെട്ട് വെട്ടാന് വിഡി സതീശന്
ഡിഎംകെ വഴി ഇന്ത്യാ മുന്നണിയിൽ പ്രവേശിച്ച് കേരളത്തിലെ യുഡിഎഫിൽ കയറിപ്പറ്റാം എന്ന അൻവറിൻ്റെ മോഹത്തിനെ പിണറായി വിജയൻ വെട്ടി എന്നാണ് ഇടതു മുന്നണിക്കാർ തന്നെ അവകാശപ്പെടുന്നത്. ഇന്ന് കേരളത്തിലെ ഒന്നാം നമ്പർ പിണറായി വിരുദ്ധൻ എന്ന് അറിയപ്പെടുന്നയാളാണ് പിവി അൻവർ. സതീശനടക്കമുള്ളവരെ വിശ്വസിച്ച് എംഎൽഎ സ്ഥാനവും രാജിവച്ച്, ഡിസിസി പ്രസിഡൻ്റിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഡിഎംകെ മോഹം പിണറായി തല്ലിക്കെടുത്തിയെങ്കിലും കൊൽക്കത്തക്ക് അദ്ദേഹം വണ്ടി കയറി. ഇന്ത്യയിലെ തന്നെ ഇന്നത്തെ ഒന്നാം നമ്പർ മോദി വിരുദ്ധയും സിപിഎം വിരുദ്ധയുമായ പശ്ചിമ ബംഗാളിലെ പെൺ വ്യാഘ്രം മമതാ ബാനർജിയുമായി കൈകോർത്തു.
മുമ്പ് കോൺഗ്രസ് വിട്ട പലരും ദീദിയെ സമീപിച്ചെങ്കിലും ഉൾക്കൊള്ളാൻ അവർ തയാറായില്ല. രമേശ് ചെന്നിത്തലയെ പോലുള്ള ഒരു നേതാവ് വന്നാൽ മാത്രം കേരള രാഷ്ട്രീയത്തിൽ കൈകോർക്കാം എന്ന നിലപാടാണ് മമത അപ്പോഴൊക്കെ സ്വീകരിച്ചതെന്ന് ഇന്ന് ബംഗാൾ തൃണമൂലിൽ ദീദി കഴിഞ്ഞാൽ ഏറ്റവും വലിയ സ്വാധീനമുള്ളനേതാക്കളിൽ ഒരാൾ ന്യൂസ് ഐയോട് പറഞ്ഞു. അൻവറിൻ്റെ കാര്യത്തിലും സമാനമായ നിലപാടാണ് മമത സ്വീകരിച്ചത്. എന്നാൽ അൻവർ പ്രയോഗിച്ച തുറുപ്പിൽ മമതയും വീണു (ആ തുറുപ്പ് വരും ദിവസങ്ങളിൽ വിശദമാക്കാം ). ദീദിയുടെ അനന്തരിവൻ അഭിഷേക് ബാനർജിയെ മുൻനിർത്തി അൻവർ നടത്തിയ നീക്കംഫലം കണ്ടു. അൻവർ അങ്ങനെ തൃണമൂൽ കോൺഗ്രസായി.
യുഡിഎഫ് പ്രവേശനം സ്വപ്നം കണ്ട അൻവറിന് ഘടകകക്ഷികൾ എട്ടിൻ്റെ പണി കൊടുത്തു. നിലവിൽ യുഡിഎഫിൻ്റെ ഭാഗമായ രണ്ട് ഇടത് പാർട്ടികൾ വക എട്ടും എട്ടും ചേർത്ത് പതിനാറിൻ്റെ പണി. അതിൽ ഒരാൾക്ക് ചോറ് കുറ് യുഡിഎഫിലാണെങ്കിലും കൂറ് എൽഡിഎഫിൽ ആ ആണെന്ന് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം കണ്ടതാണ്. മറ്റൊരു പാർട്ടി എന്ന് പറയുന്നത് ‘കേരളത്തിൽ നീണ്ടകര പാലത്തിന്നും ചവറ പാലത്തിനും ഇടയിൽ കാണുണ പ്രതിഭാസമെന്ന്’ മുമ്പ് ലീഡർ കെ കരുണാകരൻ വിശേഷിപ്പിച്ച പാർട്ടിയാണ്. അവർ പറയുന്നതും ന്യായമായ കാരണമാണ്. സാരിയുടുത്ത ഫാസിസ്റ്റാണ് മമത എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ മുണ്ടുടുത്ത, മീശയില്ലാത്ത ഫാസിസം വാളയാർ അതിർത്തി കഴിഞ്ഞാൽ വിപ്ലവത്തിൻ്റെ മൂർത്തിമത് ഭാവമാക്കി അവർ മാറ്റും. ഇങ്ങനെ സംസ്ഥാനത്തിൻ്റെ അതിർത്തി മാറുമ്പോൾ അധികാരത്തിനായി സ്വന്തം പിതാവിനെ പോലും മാറ്റി അഭിപ്രായം പറയുന്നവരുടെ അഭിപ്രായം അനുസരിച്ചായിരിക്കും അൻവറിൻ്റെ യുഡിഎഫ് പ്രവേശനമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരിക്കുന്നത്.
അൻവർ കയ്യാലപ്പുറത്തെ തേങ്ങയായി യുഡിഎഫിൽ തുടരും എന്നാണ് സതീശൻ പറയുന്നത്. ഇത് സതീശൻ്റെ അഭിപ്രായമല്ല പിണറായിയുടെ അഭിപ്രായമാണ് എന്നും പാർട്ടിക്കാർ തന്നെ അടക്കം പറയുന്നുണ്ട്. അൻവർ യുഡിഎഫിൽ വന്നാൽ തോൽക്കുന്നത് പിണറായി ആയിരിക്കും എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും അറിയാം. നിലവിൽ നിലമ്പൂരിൽ യുഡിഎഫ് ജയിക്കണമെന്ന് സതീശന് യാതൊരു ആഗ്രഹവുമില്ല എന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. എന്തായാലും ഒരു കാര്യം ഇതോടെ ഉറപ്പാണ് അൻവറിൻ്റെ യുഡിഎഫ് പ്രവേശനം വിലക്കി, കയ്യാലപ്പുറത്താക്കിയതിന് പിന്നിൽ പിണറായി അല്ലാതെ മറ്റാരുമല്ല. ഒന്നിലധികം പിണറായി ഭക്തരുടെ കൂടാരമാണ് ഇപ്പോൾ യുഡിഎഫ് എന്നത് തന്നെ കാരണം.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.