ആർ.രാഹുൽ
ഹിരൺ ദാസ് മുരളി എന്ന വേടൻ എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് കേരളത്തിൻ്റെ മൊത്തം രാഷ്ട്രീയ ചർച്ച. കാര്യവും കാരണവും അറിയാതെ അയാൾക്ക് പിന്തുണ നൽകുന്ന ചിലർ ഉണ്ട്. അയാളുടെ സംഗീതം മഹത്താരമാണ്, ആനയാണ് ആനവായിൽ അമ്പഴങ്ങയൊക്കെയാണ് എന്നൊക്കെയാണ് കോൺഗ്രസിൻ്റെ വടകര വിപ്ലവ എംപി ശിങ്കങ്ങൾ അടക്കം ചിലരൊക്കെ പറയുന്നത്. അയാൾ ആനയുമാണ് ചേനയുമാണ് എന്നൊക്കെയുള്ളയുള്ള വാദങ്ങൾ തൊള്ള തൊടാതെ വിഴുങ്ങണമെന്നും അയാളെ എതിർക്കുന്നവർ സവർണ സങ്കിയാണ് എന്നൊക്കെയാണ് ആരോപണം. സ്വന്തമായി നിലപാട് പറയുന്നവരെ ചാപ്പ കുത്തുന്ന ഏർപ്പാട് ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അടക്കം ഒരു പതിറ്റാണ്ടായി കൈക്കൊണ്ടിരിക്കുന്ന നിലപാടാണ്. അത് സ്വന്തം അഭിപ്രായം പറയുന്നവർ മുഖവിലക്ക് എടുക്കുന്നുമില്ല. വേടൻ എന്ന ഒന്നാം തരം ക്രിമിനലിനെ അയാളുടെ പാട്ടിൽ പറയുന്ന രാഷ്ട്രീയം കൊണ്ട് അംഗീകരിക്കണം എന്ന് പറയുന്നവരുടെ വാശി എന്തായാലും അംഗീകരിച്ച് കൊടുക്കാൻ പറ്റുന്നതല്ല. അയാളുടെ പാട്ടുകളും വരികളും ഇവിടുത്തെ ജനതയെ ആവേശം കൊള്ളിച്ചു എന്നത് കൊണ്ട് മാത്രം ഒരാൾ മഹാത്മാവാകുമോ? വേടനല്ല ഒരു വിഘടനവാദിയും അങ്ങനെ മഹാത്മാവാകുന്നില്ല.
പോലീസിൻ്റെ ചോദ്യം ചെയ്യലിൽ മാത്രമല്ല ഭേദ്യം ചെയ്യലിലും സ്വന്തം രാഷ്ട്രീയത്തെ ഒറ്റുകൊടുക്കാതെ ഇരുന്നവരാണ് ഈ രാജ്യത്തിൻ്റെ ശക്തി. അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ച കേസിൽ വേടൻ എന്ന് പറയുന്ന അഭിനവ രാഷ്ട്രീയ മഹാത്മാവ് പോലീസിനോട് ഏറ്റ് പറഞ്ഞ ചില കാര്യങ്ങളുണ്ട്. മീ ടു ആരോപണം അടക്കം ചില മാധ്യമങ്ങൾ പുറത്ത് കൊണ്ടുവന്നു കഴിഞ്ഞു. എന്താണ് ഹിരൺ മുരളി എന്ന വേടൻ്റെ ഫ്ലാറ്റിൽ അരങ്ങേറിയ കാര്യങ്ങൾ. തത്ത പറഞ്ഞ പോലെ മൊഴിഞ്ഞത് ആരാണ്? അത് ഈ പറയുന്ന വേടൻ തന്നെ. സഹജീവിയെ ആണായാലും പെണ്ണായാലും ജാതി-മത-വർഗ – വർണ വ്യത്യാസമില്ലാതെ കണക്കാക്കേണ്ടതുണ്ട്. അത് ഇനി ഏത് വേടനായാലും ഇരവാദം ഉയർത്തുന്ന ആരായാലും.
തന്നെ വേട്ടയാടിയ ഭരണകൂടവുമായി വേടൻ ഇതിനോടകം സന്ധി ചെയ്തു കഴിഞ്ഞു. അത് എന്തിനാണ്.? പോലീസ് പിടിക്കുമ്പോൾ കഞ്ചാവ് ലഹരിയിലായിരുന്നു വേടൻ. അല്പം മദ്യം ബോധത്തെ ഉണർത്തും എന്ന് പറഞ്ഞതുപോലെ അൽപ്പം കഞ്ചാവ് സകലമാന ബോധത്തെയും ഉണർത്തുന്നു. എല്ലാം ഏറ്റ് പറഞ്ഞു. പോലീസ് അത് വീഡിയോ രൂപത്തിൽ അടക്കം പകർത്തി എന്നാണ് സേനയിൽ നിന്ന് ലഭിക്കുന്ന സൂചന.
കൂടുതൽ ഒന്നിലേക്കും തൽക്കാലം കടക്കുന്നില്ല (വിശദമായി പിന്നീട് പറയാം). വേടൻ്റെ പാട്ട് കേട്ടും കണ്ടും ഹാലിളകിയവരാണത്രേ ഇതിന് പിന്നിൽ എന്നാണ് വ്യവസ്ഥാപിത ഇടത് – ഇടത് സോകോൾഡ് ബുദ്ധിജീവികൾ അടക്കം ആരോപിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രാജ്യത്തെ യുവാക്കളെ ആവേശം കൊള്ളിച്ച വ്യക്തിത്വമായിരുന്നു മഹാകവി മുഹമ്മദ് ഇഖ്ബാലിൻ്റേത്. ഇന്ത്യയുടെ ദേശീയ ഗാനമാകേണ്ടിയിരുന്ന ”സാരെ ജഹാം സേ അച്ചാ” യുടെ രചയിതാവ്. ഇന്ന് ഇന്ത്യയുടെ കര – നാവിക – വ്യോമ സേനകൾ പലപ്പോഴും ഈ പാട്ടിന് സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും മാർച്ച് ചെയ്തിട്ടുണ്ട്.ഇന്ത്യൻ നേവിയുടെ ഔദ്യോഗികമാർച്ച് സോങ്ങുകളിൽ ഒന്നാണ് ഇന്നും ഇഖ്ബാലിൻ്റെ ഗാനം.
ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ഇഖ്ബാലിനെ പോലെ ഇന്ത്യൻ വിദ്യാർത്ഥി – യുവജനങ്ങളെ സ്വാധീനിച്ച മറ്റൊരു കലാകാരനും ഉണ്ടായിട്ടില്ല. പിന്നിട്ട് അദ്ദേഹം വിഘടനവാദത്തിൻ്റെ ശക്തമായ വക്താവായി മാറുകയായിരുന്നു. ലണ്ടനിൽ ഇരുന്ന് ദ്വിരാഷ്ട്ര വാദം ആളിക്കത്തിച്ചു. ഇന്ത്യ വിഭജനം സംഭവിച്ചപ്പോൾ പാകിസ്താൻ്റെ ദേശീയ കവിയായി മാറി. ഇന്ത്യയുടെ ഐക്യതയെക്കുറിച്ച് ‘ഭാരത് വിധാതാ’ (മഹാകവി രബീന്ദ്രനാഥ ടാഗോർ) വന്ദേമാതരം (ബങ്കിംഗ് ചന്ദ്ര ചാറ്റർജി, ആനന്ദമഠം) എന്നിവയേക്കാൾ വൈകാരികതയുണ്ടായിരുന്നു ‘സാരേ ജഹാംസേ അച്ചാ’ എന്ന ഇഖ്ബാലിൻ്റെ വരികൾക്ക്. സ്വതന്ത്ര ഇന്ത്യയുടെ വാനമ്പാടി ‘ ലതാ മങ്കേഷ്ക്കർ തൻ്റെ ജീവിതത്തിൽ പാടിയ ഏറ്റവും മനോഹരവും സുന്ദരവും ആയ ഗാനവും അത് ആയിരുന്നു. മഹാകവി ഇഖ്ബാൽ പറഞ്ഞതിനേക്കാൾ വ്യക്തമായി ഇന്ത്യയുടെ അഖണ്ഡതയെക്കുറിച്ച് ഒരു കവിയും പാടിയിട്ടില്ല. പിന്നീട് രാജ്യത്തെ യുവാക്കളുടെ സിരയിൽ വിഘടനവാദം വളർത്തിയ ഇഖ്ബാൽ മഹാകവി തന്നെയാണ് അല്ലാതെ മഹാത്മാവല്ല. അർത്ഥമറിഞ്ഞ് ശ്രവിച്ചാൽ ഇന്നും കണ്ണീർ പൊഴിപ്പിക്കുന്ന ‘സാരെ ജഹാം സെ അച്ചാ’യുടെ രചയിതാവായ പകരം വയ്ക്കാനില്ലാത്ത മഹാകവി തന്നെയാണ് ഇഖ്ബാൽ. അല്ലാതെ പുണ്യാത്മാവല്ല.
വാൽക്കഷ്ണം: ബാബാസാഹേബ് അംബേദ്ക്കർ കഞ്ചാവടിച്ചു കൊണ്ടല്ല തൻ്റെ ആശയം പ്രചരിപ്പിച്ചത് എന്ന് വേടൻ ഫാൻസുകളും ഓർക്കുക.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.