മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ പ്രസിഡന്റുമായ സിവി പദ്മരാജൻ അന്തരിച്ചു. 93 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ കരുണാകരന്റെയും എകെ ആന്റണിയുടെയും മന്ത്രിസഭകളിൽ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തു. മന്ത്രിസ്ഥാനം രാജിവച്ചാണ് കെപിസിസി അധ്യക്ഷനായത്. കെ കരുണാകരൻ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി രാഷ്ട്രീയ പ്രവർത്തന രംഗത്തേക്ക് വന്ന പദ്മരാജൻ കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പ്രവർത്തിച്ചു. വിദ്യാർഥിയായിരിക്കുമ്പോൾ കോൺഗ്രസിൽ ചേർന്ന പദ്മരാജൻ വഹിക്കാത്ത പദവികൾ ചുരുക്കമായിരുന്നു. അധ്യാപകനായും അഭിഭാഷകനായും പ്രവർത്തിക്കുമ്പോൾ സജീവ രാഷ്ട്രീയം നിലനിർത്തിയിരുന്നു. 1982ൽ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾതന്നെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായി. സാമൂഹികവികസനം, ഫിഷറീസ് വകുപ്പുകളുടെ ചുമതല വഹിച്ചു. 1983 ൽ മന്ത്രിപദം രാജിവെച്ച് കെപിസിസി അധ്യക്ഷനായി.
1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം. 1991ൽ വീണ്ടും വിജയം. തുടർന്ന് വൈദ്യുതി, കയർ വകുപ്പുകളുടെയും പിന്നീട് ധനകാര്യവകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയായി. ഇക്കാലത്താണ്, 20 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത്. കെ കരുണാകരൻ അപകടത്തിൽപ്പെട്ട് അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. 1994ലെ എകെ ആന്റണി മന്ത്രിസഭയിൽ ധനം, കയർ, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായിട്ടുണ്ട്.
ഭാര്യ: അഭിഭാഷകയായ വസന്തകുമാരി. മക്കൾ: അജി (മുൻ പ്രൊജക്ട് മാനേജർ, ഇൻഫോസിസ്). അനി (വൈസ് പ്രസിഡന്റ്, വോഡോഫോൺ–ഐഡിയ, മുംബൈ). മരുമകൾ: സ്മിത


മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസുകാരന് നേരെ പുലി ആക്രമണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.