കേരളത്തിൽ കോൺഗ്രസും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് കെപിസിസിയിൽ നേതൃത്വ മാറ്റമുണ്ടാകുന്നത്. തുടർച്ചയായി രണ്ട് തവണ പ്രതിപക്ഷത്തിരിക്കുന്ന പാർട്ടിക്കും മുന്നണിക്കും ഇനി നേരീടാനുള്ളത് നിയമസഭാ തിരഞ്ഞെടുപ്പ് എന്ന ജീവൻ മരണ പോരാട്ടമാണ്. കോൺഗ്രസിനെയും മുന്നണിയേയും കൈവിട്ട അധികാരത്തിൽ തിരിച്ചെത്തിക്കാൾ സണ്ണി ജോസഫ് നയിക്കുന്ന പുതിയ സംസ്ഥാന നേതൃത്വത്തിന് കഴിയുമെന്നാണ് സാധാരണ അണികൾ കരുതുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിൻ്റെ തൊട്ടുമുമ്പുള്ള നിലമ്പൂർ ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും പുതിയ നേതൃത്വത്തിൻ്റെ ലിറ്റ്മസ് ടെസ്റ്റായി മാറും. കഴിഞ്ഞ കുറേ വർഷങ്ങളായി കോൺഗ്രസിന്റെ അടിത്തറ മുമ്പെങ്ങുമില്ലാത്ത രീതിയിൽ ദുർബലമാണ്. അതിന് തെളിവായിരുന്നു ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സംഭവിച്ചത്. ഇപ്പോഴത്തെ പ്രതിപക്ഷത്തേക്കാൾ മികച്ച പ്രകടനമായിരുന്നു ചെന്നിത്തലയുടെ നേതൃത്വത്തിൽ നടന്നത് എന്ന് ഇപ്പോൾ കോൺഗ്രസിൽ തന്നെ അടക്കം പറച്ചിലുണ്ട്. അന്ന് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ താഴെ തട്ടിൽ എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെടുകയായിരുന്നു. ഇത് കേരളത്തിൽ ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ചയെന്ന രാഷ്ട്രീയ അധ്യായം എഴുതിച്ചേർക്കാൻ ഇടതുപക്ഷത്തിന് അവസരം ഒരുക്കി.
ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണിയുടേയും അടിവേരിളക്കി കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുമെന്ന് ചന്ദ്രഹാസമിളക്കി കൊണ്ടായിരുന്നു കെ സുധാകരൻ്റെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വരവ്. ഒരു ചുക്കും സംഭവിച്ചില്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അധ്യക്ഷനെ മാറ്റണം എന്ന മുറവിളി പാർട്ടിയിൽ നിന്നും ഉയർന്നു. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സണ്ണി ജോസഫിനെ പ്രഖ്യാപിക്കുന്നത് തന്നെ.
Also Read: കോൺഗ്രസിൽ ഇനി ‘സണ്ണി ഡേയ്സ്’; പുതിയ KPCC നേതൃത്വം ചുമതലയേറ്റു
എക്കാലത്തും പരമ്പരാഗത ശക്തികളായി പാർട്ടിക്കൊപ്പം നിന്ന ക്രൈസ്തവ വിഭാഗങ്ങൾ കൈവിട്ടതാണ് തിരിച്ചടിക്ക് കാരണമായത് എന്ന വിലയിരുത്തൽ മുമ്പേ പാർട്ടിയിൽ നേരത്തേ തന്നെ ശക്തമാണ്.ഏറ്റവുമൊടുവിൽ ഒരു ക്രിസ്ത്യൻ പ്രതിനിധിയായി പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ തന്നെ ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. ക്രിസ്ത്യൻ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ, സംസ്ഥാനത്തെ കോൺഗ്രസുമായി അകൽച്ചയിലാണ് എന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു തീരുമാനത്തിൽ പിന്നിൽ. സഭാ നേതൃത്വവുമായി നല്ല അടുപ്പം പുലർത്തുന്ന സണ്ണി ജോസഫിനെ സംസ്ഥാന നേതൃത്വം ഏൽപ്പിക്കുന്നത് വഴി അധികാരം തിരിച്ചുപിടിക്കുക എന്നതാണ് കോൺഗ്രസിൻ്റെ എറ്റവും വലിയ ലക്ഷ്യം.
പിപി തങ്കച്ചന് (2004) ശേഷം 21 വർഷങ്ങൾ കഴിഞ്ഞാണ് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ഒരാൾ കെപിസിസി പ്രസിഡൻ്റാവുന്നത്. നിലവിൽ നിയമസഭയിൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറി കൂടിയാണ് സണ്ണി ജോസഫ്. 1970 മുതൽ കെ എസ് യുവിന്റെ സജീവ പ്രവർത്തകനായിട്ടാണ് സണ്ണി ജോസഫ് രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനം. കോഴിക്കോട്, കണ്ണൂർ യൂണിവേഴ്സിറ്റികളിൽ വിദ്യാർഥി പ്രതിനിധിയായ സിൻഡിക്കേറ്റ് മെമ്പറായിരുന്നു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്, ഉളിക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി കാർഷിക വികസന സഹകരണ സൊസൈറ്റി പ്രസിഡന്റ്, മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ്,
കണ്ണൂർ ഡിസിസി പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചുണ്ട്. കഴിഞ്ഞ മൂന്ന് തവണയായി പേരാവൂരിൽ നിന്നുള്ള നിയമസഭാഗവും നിലവിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനുമാണ് സണ്ണി ജോസഫ്.


തിരഞ്ഞെടുപ്പിലേത് പ്രതീക്ഷിക്കാത്ത തിരിച്ചടി ; ബിനോയ് വിശ്വം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.