വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ന് വൈകിട്ട് വിഴിഞ്ഞത്ത് നടന്ന ചടങ്ങിൽ പൈലിങ് പ്രവർത്തനങ്ങളുടെ സ്വിച്ച് ഓൺ നിർവഹിച്ചാണ് മുഖ്യമന്ത്രി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടത്തിയത്.
ജയിലിൽ നിരാഹാരവുമായി രാഹുൽ ഈശ്വർ
രണ്ടാം ഘട്ടത്തിൽ 10,000 കോടി രൂപയിലധികം ചെലവഴിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്. ഈ ഘട്ടം പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ വാർഷിക ശേഷി നിലവിലെ 15 ലക്ഷം ടി.ഇ.യുവിൽ നിന്ന് 50 ലക്ഷം ടി.ഇ.യുവായി ഉയരുമെന്ന് അധികൃതർ വ്യക്തമാക്കി. ദീർഘകാല വികസനത്തോടെ പ്രതിവർഷം 57 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ വിഴിഞ്ഞം തുറമുഖത്തിന് കഴിയും.
തുറമുഖത്തിന്റെ സഹായത്തോടെ ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെ ഉദ്ഘാടനവും, ദേശീയപാത ബൈപാസിലേക്ക് നിർമിച്ച പുതിയ പോർട്ട് റോഡിന്റെ തുറക്കലും ചടങ്ങിനോടനുബന്ധിച്ച് നടന്നു. 2028 ഓടെ രണ്ടാംഘട്ട നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
കേന്ദ്ര തുറമുഖ–ഷിപ്പിങ് മന്ത്രി സർവാനന്ദ സൊനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. മന്ത്രി വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി.എൻ. വാസവൻ, കെ.എൻ. ബാലഗോപാൽ, വിഴിഞ്ഞം പോർട്ട് മാനേജിങ് ഡയറക്ടർ കരൺ അദാനി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.