പുരോഹിതന്മാരില്ലാത്ത ഇടവകകളും, ഒഴിഞ്ഞ അള്‍ത്താരകളും, പീഠങ്ങളും ദുഃഖകരമായ യാഥാര്‍ത്ഥ്യങ്ങളായ യൂറോപ്യന്‍ സഭയുടേതിന് സമാനമായ വിധി കേരളത്തിലും ആവർത്തിക്കുമെന്ന് മുന്നറിയിപ്പ്. ഗുവാഹത്തി അതിരൂപതയുടെ സ്ഥാനമൊഴിഞ്ഞ മെത്രാൻ മാര്‍ തോമസ് മേനാംപറമ്പിലാണ് കത്തോലിക്ക സഭയ്ക്ക് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സിറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍ വിശ്വാസികളും സഭാ നേതൃത്വങ്ങളും തമ്മിലുള്ള തർക്കം മറ നീക്കി പുറത്ത് വരുന്ന സാഹചര്യത്തിലാണ് മേനാംപറമ്പിലിന്റെ തുറന്നടിക്കൽ.പാലാ രൂപതാ മിഷനറി സംഗമത്തിലാണ് ഇത്തരമൊരു താക്കീത് അദ്ദേഹം നൽകിയത്.
യുണൈറ്റഡ് കാത്തലിക് ന്യൂസ് ഏജന്‍സിയാണ് ഇങ്ങനെ ഒരു വാർത്താ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പാലാ രൂപതയുടെ വജ്ര ജൂബിലി ആഘോഷങ്ങള്‍ പ്രമാണിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി മൈതാനത്ത് നടത്തിയ മിഷനറി സംഗമത്തിലാണ് ബിഷപ് മേനാം പറമ്പിലിന്റെ തുറന്നുപറച്ചില്‍. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു ചടങ്ങ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്യുന്ന പാലാ രൂപതക്കാരായ 4000ലേറെ വൈദികരും കന്യാസ്ത്രീകളുമാണ് സംഗമത്തില്‍ പങ്കെടുത്തത്.
ഇന്ത്യയിലെ കത്തോലിക്കര്‍ക്കിടയില്‍ വിശ്വാസം ക്രമേണ കുറയുന്നതിനെതിരെ ജാഗ്രത പാലിക്കുന്നതിനൊപ്പം, പുതിയ തലമുറയുടെ വൈവിധ്യമാര്‍ന്ന ശബ്ദങ്ങളിലും ആവശ്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികള്‍ക്കിടയിലെ ആന്തരിക സംഘര്‍ഷങ്ങളും നിസ്സംഗതയും പരിഹരിക്കാന്‍ സമയബന്ധിതമായ ശ്രമങ്ങള്‍ അധികാരികള്‍ നടത്തിയില്ലെങ്കില്‍ ഇന്ത്യയിലെ സഭയ്ക്ക് ഭാവിയില്‍ യൂറോപ്പിലേതിന് സമാനമായ വിധി നേരിടേണ്ടി വരുമെന്നും മാർ മേനംപറമ്പില്‍ മുന്നറിയിപ്പ് നൽകി..
കേരളത്തിലെ കത്തോലിക്കാ സഭയിലെ അംഗങ്ങളായ യുവാക്കള്‍ക്കിടയിലെ വിശ്വാസക്കുറവ് അതിവേഗം വര്‍ദ്ധിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഗോള പ്രവണതകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനു പുറമേ, ഉയര്‍ന്ന സാക്ഷരതയും ജീവിത നിലവാരവും ഇതിന് കാരണമാണ്. ഉള്ളിലെ സംഘര്‍ഷങ്ങൾ രമ്യമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സഭയുടെ ദൗത്യം തടസ്സപ്പെട്ടേക്കാം. അകത്തും പുറത്തുമുള്ള പലരും അവരുടെ വാക്കുകള്‍ കേള്‍ക്കാത്തതിന് സഭയെ വിമര്‍ശിക്കുന്നുണ്ട്. നാം അവരെ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.


തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസ്സിന്റെ ടയറൂരി ഓടയിൽ വീണു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.