ഇറാൻ മുൻകൂട്ടി കണ്ടു, ട്രംപിന് പിഴച്ചോ? ഇല്ലത്തുനിന്നും പുറപ്പെട്ടു അമ്മാത്തൊട്ടും എത്തിയില്ല എന്ന അവസ്ഥയിലോ യുഎസ്

പശ്ചിമേഷ്യയിൽ ഇസ്രയേലിനെ മുൻനിർത്തി ഇറാനെതിരെ നിഴൽ യുദ്ധം നടത്തുന്ന അമേരിക്ക നേരിട്ട് അരങ്ങത്തേക്ക് വന്നിരിക്കുയാണ്. ടെഹ്റാൻ ആണവായുധം വികസിപ്പിക്കുന്നതിൻ്റെ അവസാനഘട്ടത്തിൽ എത്തിയെന്ന് ആരോപിച്ചായിരുന്നു ടെൽ അവീവ് ജൂൺ 13ന് ഇറാനെ ആക്രമിക്കുന്നത്. യുദ്ധത്തിൻ്റെ മുന്നണിയിൽ ഇസ്രയേൽ ആയിരുന്നെങ്കിലും അണിയറയിൽ ചരട് വലിച്ചത് വാഷിംഗ്ടൺ ആയിരുന്നു.

ഇറാനും – ഇസ്രയേലും തമ്മിൽ സംഘർഷം ആരംഭിച്ചതിൻ്റെ പത്താം ദിവസം അമേരിക്ക ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബി-2 ബോംബർ വിമാനങ്ങൾ ബങ്കർ ബസ്റ്ററ്റർ പ്രയോഗിച്ച് കൊണ്ട് മുന്നണിയിലേക്ക് വന്നിരിക്കുകയാണ്. ഇറാൻ്റെ ആണവകേന്ദ്രങ്ങൾ തകർത്ത് തരിപ്പണമാക്കിയെന്നും ഇനി സമാധാനത്തിൻ്റെ നാളുകൾ ആണെന്നുമാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നത്.

ആണവകേന്ദ്രങ്ങളിൽ ആക്രമണം നടന്നുവെന്നും നാശനഷ്ടങ്ങൾ നേരിട്ടുവെന്നും ഇറാൻ സ്ഥിരിക്കുന്നുമുണ്ട്. പരിഹരിക്കാൻ പറ്റുന്ന തകരാർ ആണ് ഉണ്ടായിരിക്കുന്നത് എന്നാണ് ടെഹ്റാൻ പറയുന്നത്. ഫോർദോ ആണവ കേന്ദ്രത്തിൻ്റെ കവാടം മാത്രമാണ് തകർന്നതെന്നും ഇറാൻ അവകാശപ്പെടുന്നുണ്ട്. റേഡിയേഷൻ ഇല്ലെന്നും ജീവനക്കാരും ശാസ്ത്രജ്ഞരും സുരക്ഷിതരാണെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. മുന്ന് കേന്ദ്രങ്ങളിൽ നിന്നും ആക്രമണം മുന്നിൽക്കണ്ട് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ടെഹ്റാൻ പറയുന്നു. അതായത് ആക്രമണം മുന്നിൽക്കണ്ട് വേണ്ട നടപടികൾ നേരത്തേ സ്വീകരിച്ചെന്നർത്ഥം.

ആണവ കേന്ദ്രങ്ങളിലെ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. അത് ശരി വയ്ക്കുന്നതാണ് ആണവകേന്ദ്രങ്ങളിലെ ആക്രമണത്തിന് ശേഷം അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ വെളിപ്പെടുത്തലും. അമേരിക്ക ആക്രമിച്ച ആണവനിലയങ്ങൾക്ക് പരിസരമേഖലകളിൽ റേഡിയേഷൻ (ഓഫ് സൈറ്റ് റേഡിയേഷൻ) വർധനവ് ഇല്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസിയും (ഐഎഇഎ) പറയുന്നു. നിലവിലെ സാഹചര്യം ഇതാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറക്ക് അറിയിക്കുമെന്നും അവർ വ്യക്തമാക്കി. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രതിരോധ ഗുളികകൾ കഴിക്കേണ്ടതില്ലെന്നും ഇറാൻ ഭരണകൂടവും പൗരൻമാർക്ക് നിർദേശം നൽകിക്കഴിഞ്ഞു. ആണവ മേഖലയിലെ തങ്ങളുടെ കണ്ടെത്തലുകൾ നശിപ്പിക്കാൻ കഴിയില്ലെന്ന്  ആക്രമിച്ചതിന് പിന്നാല ഇറാൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ വക്താവ് ബെഹ്റൂസ് കമാൽവൻദിയുടെ പ്രതികരിച്ചിരുന്നു.

ഇന്നലെ ആറ് ബി – 2 ബോംബർ വിമാനങ്ങൾ മാരകമായ 12 ബങ്കർ ബസ്റ്റർ ബോംബുകളുമായാണ് പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടു. ഇതിൽ ആറെണ്ണം ഇന്നലെ പ്രയോഗിച്ചു കഴിഞ്ഞെന്നാണ് ഭൂരിഭാഗം അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതല്ല പന്ത്രണ്ട് ബോംബുകളും പ്രയോഗിച്ച് കഴിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിൽ ഇന്നലെത്തെ ആക്രമണം വെറും പാഴ് വേലയാകും. അതുമാത്രമല്ല ഇറാൻ്റെ യഥാർത്ഥ ശത്രുവെളിച്ചെത്ത് വരുന്നതിനും കാരണമായി. അതായത് ഇറാനെതിരായ യുദ്ധത്തിൽ ഈ പാഴ് വേല കൊണ്ട് അമേരിക്കയും ഒരു കക്ഷിയായി മാറി എന്നതാണ് മറ്റൊരു വസ്തുതുത.

അതുകൊണ്ട് വരുംനാളുകളിൽ പശ്ചിമേഷ്യയിലെ യുദ്ധം ഇറാൻ – ഇസ്രയേൽ സംഘർഷത്തിന് പകരം അമേരിക്കയും -ഇറാനുമായുള്ള നേർക്കുനേർ പോരാട്ടമായി രൂപം മാറും. ടെഹ്റാറാൻ്റെ സഖ്യകക്ഷികളും ചില്ലറക്കാരല്ല. വൻശക്തിയായ റഷ്യയും ചൈനയും അവർക്ക് പിന്നിലുണ്ട്. ഇനി ഈ യുദ്ധം ഒരു ലോകയുദ്ധമായി വഴിമാറുമോ എന്ന ആശങ്കയാണ് നിലനിൽക്കുന്നത്. അതോ ചൈനയും റഷ്യയും മുമ്പ് അമേരിക്ക ഇസ്രയേലിൻ്റെ പിന്നണിയിൽ നിന്നതു പോലെ ഇറാൻ്റെ പിന്നിൽ അതിശക്തമായി അണിനിരക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. രണ്ടായാലും ലോകത്തിനും അമേരിക്കയ്ക്കും അത് നല്ലതല്ല എന്നതാണ് വസ്തുത.

അമേരിക്കയുടെ ആക്രമണത്തിന് ശേഷവും ആണവ പദ്ധതികൾ തുടരുമെന്ന നിലപാടിലുറച്ചാണ് ടെഹ്റാൻ. അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും പറയുന്നുണ്ട്. ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുന്നതിന് ഇറാൻ പാർലമെൻ്റ് അംഗീകാരം നൽകിക്കഴിഞ്ഞു. ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കുന്നതോടു കൂടി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലോകത്തെ മറ്റ് രാജ്യങ്ങളിലേക്കുളള എണ്ണ വ്യാപാരം പൂര്‍ണമായും നിലയ്ക്കും. ഊര്‍ജ്ജമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന തീരുമാനമാണിത്. ഇറാൻ്റെ ആണവ പദ്ധതിയെ ഒന്നാകെ തുടച്ചു നീക്കാൻ പുറപ്പെട്ട അമേരിക്കയ്ക്ക് ‘ഇല്ലത്ത് നിന്ന് പുറപ്പെട്ടു, എന്നാൽ അമ്മാത്തൊട്ടു എത്തിയില്ല എന്ന അവസ്ഥയാകുമോ എന്ന് ഏതാനും ദിവസങ്ങൾക്കകം അറിയാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *