ലീഗിൻ്റെ ഒറ്റ ചോദ്യത്തിൽ തീരും സതീശൻ്റെ നിലപാട്; അൻവറിൽ ആടിയുലയുന്ന യുഡിഎഫ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫിൽ അഭിപ്രായ ഭിന്നത. തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് കരുത്ത് തെളിയിച്ച പിവി അൻവറിചൊല്ലിയാണ് തർക്കം മുറുകുന്നത്. അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തെ ചൊല്ലി വിരുദ്ധാഭിപ്രായങ്ങളാണ് നിലവിൽ മുന്നണിയിലെ പ്രധാന കക്ഷികളായ കോൺഗ്രസ് ,മുസ്ലീം ലീഗ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. അൻവറിന് യുഡിഎഫിലേക്കുള്ള വാതിൽ അടച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവർത്തിച്ച് പറയുന്നത്. ലീഗ് നേതാക്കളുടെ അഭിപ്രായം വ്യക്തിപരമാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

അൻവറിനെ മുന്നണിയിൽ എടുക്കേണ്ട എന്നത് മുന്നണിയുടെ കൂട്ടായ തീരുമാനമായിരുന്നു എന്ന് യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നുണ്ട്. എന്നാൽ അങ്ങനെ ഒരു കൂട്ടായ തീരുമാനമുണ്ടെങ്കിൽ എന്തിനാണ് ഇപ്പോൾ അൻവറിന് അനുകൂലമായി പരസ്യ പ്രതികരണം നടത്തുന്നത് എന്ന ചോദ്യം ബാക്കിയാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അടക്കമുള്ളവർ അൻവർ ഫാക്ടർ വർക്ക് ചെയ്തു എന്ന് ഇപ്പോൾ ലീഗ് നേതാക്കൾ ഉയർത്തുന്ന അഭിപ്രായപ്രകടനമാണ് നടത്തിയത്. പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കെ മുരളീധരൻ അടക്കമുള്ള നേതാക്കളും വ്യക്തമായ അൻവർ അനുകൂല നിലപാടാണ് സ്വീകരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അൻവറുമായുള്ള സഹകരണം പിന്നീട് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ് എന്ന് പറയുകയും ചെയ്തു. ഈ സമയങ്ങളിലെല്ലാം അൻവർ വിഷയത്തിൽ നോ കമൻ്റ്സ് എന്ന് പറഞ്ഞ് ഒഴിയുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്.

പിന്നീട് ഇന്നലെ ഒരു വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അൻവർ യുഡിഎഫിനെ സംബന്ധിച്ച് അടഞ്ഞ അധ്യായമാണെന്ന നിലപാട് സതീശൻ ആവർത്തിച്ചത്. മുന്നണിയുടെ ആത്മാഭിമാനം പണയം വയ്ക്കാനില്ല എന്ന രീതിയിൽ നടത്തിയ അഭിപ്രായപ്രകടനങ്ങൾക്ക് അണികൾക്കിടയിൽ വലിയ സ്വീകാര്യത കിട്ടിയതോടെ കെപിസിസി പ്രസിഡൻ്റും രമേശ് ചെന്നിത്തലയുമൊക്കെ മുൻ നിലപാട് മാറ്റി പറയാൻ നിർബന്ധിതരായി എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. എന്നാൽ മുസ്ലിം ലീഗ് നിലപാടിൽ ഉറച്ച് തന്നെയാണ് എന്നതാണ് ഇന്നും നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.

എല്ലാക്കാര്യത്തിനും വളരെ വേഗത്തിൽ പ്രതികരിക്കുന്ന അൻവറും വോട്ടെണ്ണലിന് ശേഷം നിശബ്ദനാണ്. യുഡിഎഫിനെതിരെ ഒരു കടന്നാക്രമണവും അദ്ദേഹം നടത്തിയിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് മുന്നണി പ്രവേശനം അൻവറും ആഗ്രഹിക്കുന്നുവെന്നാണ്. യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിനെ അവഹേളിച്ചതാണ് അൻവറിൻ്റെ മുന്നണി പ്രവേശനത്തിന് തടസമയത് എന്നാണ് കെപിസിസി അധ്യക്ഷൻ പ്രതിപക്ഷ നേതാവ് നിലപാട് പറഞ്ഞതിന് ശേഷം വ്യക്തമാക്കിയത്. അങ്ങനെ ഒരാളെ അംഗീകരിക്കാനാവില്ല എന്നാണ് കോൺഗ്രസ് നേതാക്കൾ മുൻ നിലപാടുകളിൽ നിന്നും മലക്കം മറിഞ്ഞ് അവകാശപ്പെട്ടത്. ഇവിടെയും മുസ്ലിം ലീഗ് നിലപാട് നിർണായകമാകും.

നിലമ്പൂരിൽ സ്ഥാനാർത്ഥിയാവുന്നതിന് മുമ്പ് ആര്യാടൻ ഷൗക്കത്ത് ലീഗിനെതിരെ ഉയർത്തിയ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാൽ കോൺഗ്രസും പ്രതിരോധത്തിലാവും. ലീഗ് അധ്യക്ഷൻ പാണക്കാട് തങ്ങളെ അടക്കം ഷൗക്കത്ത് അപമാനിച്ചതും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതും ചൂണ്ടിക്കാട്ടിയാൽ കോൺഗ്രസ് നേതാക്കൾക്ക് ഉത്തരം മുട്ടും എന്നതാണ് വസ്തുത. ഇങ്ങനെ ലീഗിൻ്റെ സമുന്നതരായ നേതാക്കൾക്കെതിരെ വിമർശനം ഉന്നയിയ ആളെ ഞങ്ങൾ അംഗീകരിച്ചില്ലേ? അയാളെ വിജയിപ്പിക്കാൻ ഞങ്ങൾ കയ്യും മെയ്യും മറന്ന് പ്രവർത്തിച്ചില്ലേ? അതിലും വലുതല്ലല്ലോ ഇതെന്ന ചോദ്യം ഉയർത്തിയാൽ മറുപടി പറയാൻ കോൺഗ്രസിന് പറ്റുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

വിഡി സതീശൻ പ്രയോഗിച്ച യുഡിഎഫിൻ്റെ ആത്മാമാഭിമാനം എന്ന തുറുപ്പിനെ വരെ വെട്ടാൻ കഴിയുന്ന ചോദ്യമാണ് ഇതെന്നാണ് വസ്തുത. ലീഗിൻ്റെ ആത്മാമാഭിമാനത്തിന് മുമ്പ് മുറിവേൽപ്പിച്ച ആളിനെ വിജയിപ്പിക്കാൻ എണ്ണയിട്ട യന്ത്രം പോലെ കോൺഗ്രസിനേക്കാൾ മുൻപന്തിയിൽ പ്രവർത്തിച്ച ലീഗ് തന്നെയാണ് അൻവറിൻ്റെ മുന്നണി പ്രവേശനത്തിൽ ഫാക്ടർ ആവാൻ പോകുന്നത് എന്നാണ് നിഷ്പക്ഷ രാഷ്ട്രയ നിരീക്ഷകർ വിലയിരുത്തുന്നത്.

Also Read: നിലമ്പൂരിൽ അൻവർ ഒരു ഫാക്ടറായി എന്ന് തെളിഞ്ഞുവെന്ന് ലീഗ്; സതീശനെ തള്ളി UDFവാതിൽ അടച്ചിട്ടില്ല എന്ന നിലപാടുമായി മുന്നണിയിലെ രണ്ടാമത്തെ പാർട്ടി 

എന്തായാലും  അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ നിർണായകമാകാൻ പോകുന്നത് മുസ്ലിം ലീഗിൻ്റെ നിലപാട് തന്നെയായിരിക്കും. അക്കാര്യം ആർക്കും നിഷേധിക്കാൻ കഴിയാത്ത യാഥാർത്ഥ്യമാണ്.  മുന്നണി യോഗത്തിൽ അടക്കം അൻവറിനോട് ഇപ്പോൾ സ്വീകരിക്കുന്ന നിലപാട് ലീഗ് തുടർന്നാൽ യുഡിഎഫ് അസോസിയേറ്റ് ഘടകകക്ഷിയായി അൻവറിൻ്റെ തൃണമൂൽ കോൺഗ്രസ് വരാനാണ് സാധ്യത.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *