നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ആവേശത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും ഇപ്പോള്‍ നിലമ്പൂരും പിടിച്ചെടുത്തതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലും ആത്മവിശ്വാസത്തിലും കോണ്‍ഗ്രസ് എത്തുമ്പോള്‍ ഒട്ടനവധി ചോദ്യങ്ങളും ഉയരുന്നു. ആരെ ഉയര്‍ത്തിക്കാട്ടിയാവും അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കളത്തില്‍ ഇറങ്ങുക. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പൊതുവെ ചര്‍ച്ചചെയ്യപ്പെടുന്നതെങ്കിലും ഉപതെരഞ്ഞെടുപ്പുകളിലെ തുടര്‍ച്ചയായ വിജയം സതീശന്‍ പക്ഷത്തിന് ആത്മവിശ്വാസം നല്‍കുന്നു.
എങ്കിലും അടൂരേ ഇത് വേണ്ടിയിരുന്നോ?
രമേശ് ചെന്നിത്തലയ്ക്ക് ശേഷം വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായതോടെ പാര്‍ട്ടിയെ ഏറെ വലച്ചിരുന്ന ഗ്രൂപ്പിസം ഒതുങ്ങിയെന്നും അണികള്‍ക്ക് ഉണര്‍വ് ഉണ്ടായെന്നും സതീശന്‍ അനുകൂലികള്‍ വിശ്വസിക്കുന്നു. ഇവര്‍ സതീശന് പിന്നില്‍ അണിനിരക്കുകയാണ്. യുവ നേതാക്കളുടെ പിന്തുണയോടെ താക്കോല്‍ സ്ഥാനത്ത് കയറാമെന്നാണ് സതീശന്റെ മോഹം. എന്നാല്‍ പഴയ തലമുറ നേതാക്കളുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ്. മാത്രമല്ല ഹൈക്കമാന്‍ഡില്‍ ചെന്നിത്തലയ്ക്ക് പതിറ്റാണ്ടുകളായുള്ള സ്വാധീനം സതീശന് ഇല്ലെന്നും ഇത് ഗുണം ചെയ്യുമെന്നുമാണ് ചെന്നിത്തല അനുകൂലികളുടെ നിലപാട്.പോര് രൂക്ഷമായാല്‍ സാക്ഷാല്‍ കെ സി വേണുഗോപാലിനെ തന്നെ മുഖ്യകസേര ഏല്‍പ്പിക്കുമോ എന്ന ആശങ്ക കേരള നേതാക്കള്‍ക്ക് ഉണ്ട്.
എന്തായാലും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസില്‍ അധികാരത്തിനായുള്ള ചരട് വലികള്‍ മുറുകുകയാണ്. ഇപ്പോള്‍ എംപി സ്ഥാനത്ത് ഇരിക്കുന്നവര്‍ പോലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രി സ്ഥാനത്ത് എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. പാര്‍ട്ടി അനുവദിച്ചാല്‍ മത്സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. കൊടിക്കുന്നില്‍ സുരേഷും നിയമസഭാ മോഹങ്ങളുമായി ഏറെക്കാലമായി നടക്കുകയാണ്. പല വേദികളില്‍ കൊടിക്കുന്നില്‍ തന്നെ ഇത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.
ശശി തരൂരും കളത്തിലിറങ്ങാന്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെങ്കിലും അതിനുള്ള സാധ്യത ഇപ്പോള്‍ ഒട്ടുമില്ല.ഏന്തായാലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കോണ്‍ഗ്രസില്‍ ചരടുവലികള്‍ മുറുകും. നിലമ്പൂരിലെ ചിരി അപ്പോഴുണ്ടാകുമോയെന്ന് കണ്ടറിയണം. തെരഞ്ഞെടുപ്പിനൊപ്പം പാര്‍ട്ടിയിലെ പോരിനും തടയിടുക എന്ന ഉത്തരവാദിത്തമാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ ഉള്ളത്. ഇനി ഒരിക്കല്‍കൂടി അധികാരത്തില്‍ നിന്ന് മാറി നില്‍ക്കുക എന്നത് പാര്‍ട്ടിക്ക് ആലോചിക്കാന്‍ പോലും കഴിയില്ല.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.