പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊപ്പം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ തിയേറ്ററുകളിൽ എത്തി. ‘മോഹൻലാൽ- പൃഥ്വിരാജ് ടീമിന് ആശംസകൾ. വരും ദിനങ്ങളിൽ ഞാനും എമ്പുരാൻ കാണുന്നുണ്ട്”- എന്നായിരു സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്. പ്രവർത്തകരും നേതാക്കളും ആവേശത്തോടെ പോസ്റ്റ് ഷെയർ ചെയ്തു. ആദ്യ ഷോ കഴിഞ്ഞപ്പോഴാണ് എട്ടിൻ്റെ പണി കിട്ടിയതായി ബിജെപിക്കാർക്ക് മനസിലായത്. പ്രമേയത്തിലും കഥാപാത്രങ്ങളിലും ബിജെപി വിമർശനമുണ്ടെന്ന അവലോകനങ്ങൾ സോഷ്യൽ മീഡിയകളിൽ വന്നതോടെയാണ് സംഘപരിവാർ പ്രൊഫൈലുകൾ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. എന്താണ് ബി ജെ പി സംഘ പരിവാരുകാരെ വിറളി പിടിപ്പിക്കുന്നതായി എമ്പുരാനിലുള്ളത്. എന്താണ് ചിത്രം റിലീസ് ആയതിന് ശേഷം ചിത്രത്തിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നത് എന്തുകൊണ്ടാണെന്നും നമുക്കൊന്ന് പരിശോധിക്കാം.
വെറുമൊരു തട്ടുപൊളിപ്പൻ പണംവാരി ചിത്രത്തിനപ്പുറം സമകാലിക രാഷ്ട്രീയ വിഷയങ്ങളിലേക്കും ചരിത്രപരമായ യാഥാർത്ഥ്യങ്ങളിലേക്കും വെളിച്ചം വീശുന്ന ഒരു ചലച്ചിത്ര അനുഭവമായി മാറുകയാണ് ഈ സിനിമ. പൃഥ്വിരാജ് സുകുമാരൻ്റെ സംവിധാന മികവിൽ ഒരുങ്ങിയ ഈ സിനിമ, കേവലം ഒരു കച്ചവട സിനിമ എന്നതിലുപരി, പ്രേക്ഷകരെ ചിന്തിപ്പിക്കാനും ആസ്വാദനത്തിൻ്റെ പുതിയ തലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
സിനിമയിലെ സായിദ് മസൂദ് എന്ന കഥാപാത്രത്തിൻ്റെ ഭൂതകാലം അവതരിപ്പിക്കുമ്പോൾ, 2002-ലെ ഗുജറാത്ത് കലാപത്തിൻ്റെ ഭീകരമായ ഓർമ്മകൾ വീണ്ടും ചർച്ചാവിഷയമാകുകയാണ്. ഈ ഫ്ലാഷ് ബാക്കാണ് സംഘപരിവാർ ഹാൻഡിലുകളുടെ ഹാലിളക്കുന്നത്.
അബ്രാം ഖുറേഷിയുടെ വിശ്വസ്തനായ സായിദ് മസൂദിൻ്റെ (പൃഥ്വിരാജ്) ദുരിതമയമായ ഭൂതകാലമാണ് സിനിമയുടെ ഈ ഭാഗത്ത് അനാവരണം ചെയ്യുന്നത്. 2002-ലെ ഗുജറാത്ത് കലാപത്തിൽ അനാഥനായ സായിദിൻ്റെ കഥ, ബൽരാജ് എന്ന വില്ലൻ കഥാപാത്രവുമായി (അഭിമന്യു സിംഗ്) അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയസ്പർശിയായ വൈകാരികതയിലൂടെയാണ് ഈ ഭാഗം കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
സിനിമയിലെ ഒരു പ്രധാന രംഗത്തിൽ, ബൽരാജിൻ്റെ കൂട്ടാളികൾ ഗർഭിണിയായ ഒരു മുസ്ലീം സ്ത്രീയെ ആക്രമിക്കുന്നത് കാണിക്കുന്നു. ഈ ദൃശ്യം, 2002-ലെ ഗുജറാത്ത് കലാപത്തിൻ്റെ കറുത്ത അധ്യായങ്ങളിൽ ഒന്നായ നരോദ പാട്യ കൂട്ടക്കൊലയെ പ്രേക്ഷകർക്ക് ഓർമ്മിപ്പിക്കുന്നു. ഗുജറാത്തിൽ കലാപം ഏറ്റവും കൂടുതൽ നാശം വിതച്ച പ്രദേശങ്ങളിൽ ഒന്നാണ് നരോദ. ഇവിടെ, നരോദ പാട്യയിൽ 97 പേരും, തൊട്ടടുത്തുള്ള നരോദ ഗാവിൽ 11 പേരും അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.
അഭിമന്യു സിംഗിൻ്റെ കഥാപാത്രത്തിന് ‘ബാബ ബജ്റംഗി’ എന്ന് പേര് നൽകിയത് യാദൃശ്ചികമല്ലെന്ന് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഈ പേര്, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിട്ട വ്യക്തിയെ ഓർമ്മിപ്പിക്കുന്നു എന്ന് പലരും വിലയിരുത്തുന്നു. ബാബുഭായ് പട്ടേൽ എന്ന ബാബു ബജ്റംഗി, ബജ്റംഗ്ദലിൻ്റെ ഗുജറാത്ത് ഘടകത്തിൻ്റെ നേതാവായിരുന്നു.
2002-ലെ ഗുജറാത്ത് കലാപത്തിൽ ഇയാൾ ഒരു പ്രധാന പങ്ക് വഹിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. നരോദ പാട്യ കൂട്ടക്കൊലയുടെ മുഖ്യ സൂത്രധാരനായി കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക കോടതി ഇയാൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 2019 മാർച്ചിൽ സുപ്രീം കോടതി ഇദ്ദേഹത്തിന് ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം അനുവദിച്ചു.
2002ൽ ഗുജറാത്തിൽ നടന്ന വർഗീയ കലാപം ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ഏടുകളിൽ ഒന്നാണ്. ഗോദ്രയിൽ അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന ട്രെയിനിൻ്റെ ഒരു കോച്ച് തീവെച്ച് നശിപ്പിക്കപ്പെട്ട സംഭവത്തെ തുടർന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഈ ട്രെയിനിൽ 59 തീർത്ഥാടകർ വെന്തുമരിച്ചു. ഇതിന് പിന്നാലെ ഗുജറാത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമങ്ങൾ അരങ്ങേറി. ഈ കണക്കുകൾ പ്രകാരം ആയിരത്തിലധികം ആളുകൾ ഈ കലാപത്തിൽ കൊല്ലപ്പെട്ടു.
എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും എത്രയോ അധികമായിരിക്കാം എന്ന് പല മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നു. കലാപത്തിൽ നിരവധി പേർക്ക് വീട് നഷ്ടപ്പെടുകയും പലായനം ചെയ്യേണ്ടി വരികയും ചെയ്തു. നരോദ പാട്യ, ഗുൽബർഗ് സൊസൈറ്റി തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന കൂട്ടക്കൊലകൾ ഇന്നും നടുക്കുന്ന ഓർമ്മകളാണ്. ‘എമ്പുരാൻ’ എന്ന സിനിമ ഗുജറാത്ത് കലാപത്തിൻ്റെ ഭീകരതയെ പൂർണമായി അവതരിപ്പിക്കുന്നില്ലെങ്കിലും, അതിലെ ചില സൂചനകൾ ചർച്ചയാക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത.
അതേസമയം, ഗുജറാത്ത് കലാപത്തെ വെറും ഏതാനും അധികാരമോഹികളായ രാഷ്ട്രീയക്കാരുടെ അത്യാഗ്രഹമായി ചുരുക്കിക്കാണിക്കുന്നു എന്നും, വംശീയ ഉന്മൂലനമായി കണക്കാക്കാവുന്ന ഒരു ദുരന്തത്തെ വേണ്ടത്ര ഗൗരവത്തോടെ സിനിമ സമീപിച്ചില്ല എന്നുള്ള വിമർശനങ്ങൾ ഉയരുന്നുണ്ട്. എങ്കിലും, സമാനമായ ഒരു വിഷയം ഒരു മുഖ്യധാര സിനിമയിൽ ചർച്ചാവിഷയമാക്കിയ സംവിധായകൻ്റെ ധൈര്യം പ്രശംസനീയമാണെന്ന് നെറ്റിസൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.സിനിമയെ പ്രശംസിച്ച് സംസ്ഥാന മുന്‍ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണൻ്റെ മകനും ചലച്ചിത്ര നടനുമായ ബിനീഷ് കൊടിയേരിയും രംഗത്തെത്തി.
ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബജറ്റ് സിനിമയില്‍ ഗുജറാത്തില്‍ കലാപം നടത്തിയത് സംഘപരിവാറാണെന്ന് പറയണമെങ്കില്‍ ചില്ലറ ധൈര്യം പോരെന്ന് എമ്പുരാനെ അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പില്‍ ബിനീഷ് കൊടിയേരി പറയുന്നു. “ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബഡ്ജറ്റ് പടം സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പച്ചക്ക് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോര.
സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ ” – ബിനീഷ് ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാൽ, പൃഥ്വിരാജ്, മുരളി ഗോപി, ആൻ്റണി പെരുമ്പാവൂർ എന്നിവരുടെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇടത് ഹാൻഡിലുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബിജെപിയിൽ ചിത്രം അഭിപ്രായ ഭിന്നതക്ക് തുടക്കം കുറിക്കുകയും ചെയ്തു.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.