കോയമ്പത്തൂരിൽ മാനാണെന്ന് കരുതി യുവാവിനെ ബന്ധുക്കൾ വെടിവച്ചു കൊന്നു. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് (23) കൊല്ലപ്പെട്ടത്. സംഭവത്തിൽ കാരമട വെള്ളിയങ്കാട് കുണ്ടൂർ സ്വദേശി കെ മുരുകേശൻ (37), അൻസൂർ സ്വദേശി എൻ. പാപ്പയ്യൻ (50) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസികളാണ് സഞ്ജിത്തിനെ മരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ശനിയാഴ്ച വൈകുന്നേരം പ്രവീണും പപ്പയ്യനും സഞ്ജിത്തിന്റെ വീട്ടിലെത്തി മദ്യപിക്കുകയും അത്താഴം കഴിക്കുകയും ചെയ്ത ശേഷം കാരമട ഫോറസ്റ്റ് റേഞ്ചിൽ പില്ലൂർ അണക്കെട്ടിനു സമീപമുള്ള അത്തിക്കടവ് വനത്തിലേക്ക് മാൻ വേട്ടയ്ക്കായി പോയതായിരുന്നു. മദ്യലഹരിയിൽ നാടൻ തോക്കുകളുമായാണ് ഇവർ വേട്ടയ്ക്ക് പോയത്.
വേട്ടക്കിടയിൽ മാൻ ആണെന്ന് തെറ്റിദ്ധരിച്ച് പാപ്പയ്യൻ സഞ്ജിത്തിന് നേരെ വെടിവയ്ക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിത്ത് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. ഇതോടെ പ്രതികൾ കടന്നുകളഞ്ഞു. പിറ്റേ ദിവസം രാവിലെ ഭവാനി നദിയുടെ തീരത്തുള്ള ഒരു വനപ്രദേശത്ത് സഞ്ജിത്തിന് വെടിയേറ്റതായി മുരുകേശൻ കുടുംബത്തെ അറിയിക്കുകയായിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലം പൊലീസ് പരിശോധന നടത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മേട്ടുപ്പാളയത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്നും നാടൻ തോക്കും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.