സഖാവ് കുഞ്ഞാലിയുടേയും നിലമ്പൂർ
അരുൺ ടി വിജയൻ
ഗോപാലനെ ആര്യാടനും കോണ്‍ഗ്രസ് പാര്‍ട്ടിയും കയ്യൊഴിഞ്ഞുവെന്നാണല്ലോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരോപണം. എന്നാല്‍ ഏറനാട്ടില്‍ പാര്‍ട്ടി കെട്ടിപ്പെടുക്കാന്‍ മുന്നില്‍ നിന്ന കുഞ്ഞാലിയെ സിപിഎം പിന്നീട് കൈവിട്ടുവെന്നാണ് കുഞ്ഞാലിയുടെ പഴയ സഹപ്രവര്‍ത്തകരുടെ ആരോപണം. ഇതിന് ഏറ്റവും നല്ല ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് കുഞ്ഞാലിയെ കൊലപ്പെടുത്തിയെന്ന് വിശ്വസിക്കുന്ന ആര്യാടന്‍ പിന്നീട് നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും നയനാര്‍ മന്ത്രിസഭയില്‍ മന്ത്രിയായതുമാണ്. തന്നെ എത്തിച്ച മൂന്ന് ആശുപത്രികളിലും കുഞ്ഞാലി തന്നെയാണ് തന്നെ വെടിവച്ചത് ആര്യാടനാണെന്ന് മൊഴി നല്‍കിയത്. തോക്ക് പിടിച്ചത് ആര്യാടനല്ലെങ്കിലും അതിന് ഗോപാലന് കൂലി കൊടുത്തതും നിയോഗിച്ചതും ആര്യാടനാണെന്നും ഇവര്‍ പറയുന്നു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുഞ്ഞനന്തന്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചത് വെട്ടിക്കൊലപ്പെടുത്തിയതിനല്ല, പകരം ആസൂത്രണത്തില്‍ പങ്കാളിയായതിനും അറിഞ്ഞിട്ടും ഇത്തരമൊരു കൊലപാതകം തടയാന്‍ ശ്രമിക്കാത്തതിനുമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ നോക്കിയാല്‍ കുഞ്ഞാലിയെ കൊലപ്പെടുത്തിയത് ആര്യാടന്‍ തന്നെയാണ്. ആ ആര്യാടനെ സംരക്ഷിക്കാനാണ് പിന്നീട് സിപിഎം ശ്രമിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. കുഞ്ഞാലി കൊല്ലപ്പെട്ടതിന് പിന്നാലെ നിലമ്പൂര്‍ ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തുകൊണ്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് പ്രസംഗിച്ചത് കുഞ്ഞാലിയെ കൊലപ്പെടുത്തിയവരെ ബൂര്‍ഷ്വാ കോടതി വെറുതെ വിട്ടാലും ജനകീയ കോടതി വെറുതെ വിടില്ലെന്നാണെന്ന് മുമ്പ് പറഞ്ഞിരുന്നല്ലോ? എന്നാല്‍ 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ നിലമ്പൂരില്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. അന്ന് അവിടെ പ്രസംഗിച്ച ഇഎംഎസ് ആവശ്യപ്പെട്ടത് ആര്യാടനെ കൊലയാളിയെന്ന് വിളിക്കേണ്ടി വന്നതില്‍ ഇടതുപക്ഷം ഇന്ന് ഖേദിക്കുന്നുവെന്നും അതിനാല്‍ ആര്യാടനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം എന്നുമായിരിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജി ഇന്ന് കോടതി പരിഗണനയിൽ
ആര്യാടന് മുഹമ്മദിനെ നയനാര്‍ സര്‍ക്കാരില്‍ മന്ത്രിയാക്കിയും ടി കെ ഹംസയെ പാര്‍ട്ടിയിലെ വലിയ നേതാവാക്കി വളര്‍ത്തിയും സി പി എം കുഞ്ഞാലിയോട് നീതികേട് കാണിച്ചുവെന്നാണ് സഖാവ് സി എന്‍ രാജന്‍ പറയുത്. ആര്യാടന്‍ മന്ത്രിയായിരുന്ന രണ്ട് വര്‍ഷക്കാലം സി പി എം കുഞ്ഞാലി അനുസ്മരണം നടത്തിയിരുന്നില്ല. കുഞ്ഞാലി അനുസ്മരണം നടത്തിയിരുന്നെങ്കില്‍ സ്വാഭാവികമായി ആര്യാടനെക്കുറിച്ചും പറയേണ്ടി വരുമെന്നും ഇത് ഒഴിവാക്കാനായിരുന്നു പാര്‍ട്ടിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിക്കുന്നു. കേസിന്റെ വിധി പറയാന്‍ രണ്ട് ദിവസം ബാക്കിയുള്ളപ്പോള്‍ കുഞ്ഞാലിക്ക് വേണ്ടി വാദിച്ചിരുന്ന കുഞ്ഞിരാമപ്പൊതുവാളിനോട് ജഡ്ജി പറഞ്ഞത് വധശിക്ഷയല്ലെങ്കില്‍ ജീവപര്യന്തം ശിക്ഷ ഉറപ്പാണെന്നാണ്. എന്നാല്‍ വിധി വന്നപ്പോള്‍ ആര്യാടനെ വെറുതെ വിടുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂലമായി ഒരു വാക്ക് പോലും കോടതിയ്ക്ക് മുമ്പാകെ വന്നിട്ടില്ല. ആ കേസ് പിന്നീട് എന്തുകൊണ്ട് ഇങ്ങനെ വന്നുവെന്നും കുഞ്ഞാലിയുടെ പഴയ സഹപ്രവര്‍ത്തകര്‍ വിശദീകരിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ ഭിന്നതകള്‍ നിലനിന്ന കാലത്തായിരുന്നു കുഞ്ഞാലി വധക്കേസ് നടന്നത്. ഇന്ദിരാഗാന്ധിയുടെ കീഴില്‍ ഇന്‍ഡിക്കേറ്റ് കോണ്‍ഗ്രസ് എന്നും മൊറാര്‍ജി ദേശായിയുടെ കീഴില്‍ സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസെന്നും രണ്ടായിട്ട് നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ് അക്കാലത്ത്. ആര്യാടന്‍ മൊറാര്‍ജി കോണ്‍ഗ്രസിന്റെ ആളായിരുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ എണ്‍പതോളം റേഷന്‍ കടകളാണ് അക്കാലത്തുണ്ടായിരുന്നത്. റേഷന്‍ കടകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായിരുന്നു അക്കാലത്ത് കോണ്‍ഗ്രസിന്റെ രീതി. ആ കടകളിലേക്കെല്ലാം ആര്യാടന്‍ കത്ത് അയച്ചു. യഥാര്‍ത്ഥ കോണ്‍ഗ്രസ് മൊറാര്‍ജി കോണ്‍ഗ്രസ് ആണെന്നും എല്ലാവരും മൊറാര്‍ജി കോണ്‍ഗ്രസിന്റെ ഒപ്പം നില്‍ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ആ കത്തുകള്‍. അതിന്റെ അടിസ്ഥാനത്തില്‍ ചുങ്കത്തറ ഭാഗത്തു നിന്നും എണ്‍പത്തിരണ്ട് ആളുകള്‍ മൊറാര്‍ജി കോണ്‍ഗ്രസില്‍ ചേര്‍ന്നു. അന്ന് കോണ്‍ഗ്രസിന് മൊത്തത്തില്‍ എണ്‍പത് ആളുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ആര്യാടന്‍ ജയിലില്‍ കിടന്നുകൊണ്ട് അയച്ച കത്തുകളുടെ അടിസ്ഥാനത്തില്‍ ഇത്രയധികം പേര് സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ കരുണാകരന്‍ രംഗത്തിറങ്ങി. നിലമ്പൂര്‍ കോടതിയിലും കോഴിക്കോട് കോടതിയിലും ഈ കേസില്‍ ആര്യാടന് അനുകൂലമായി വിധിയുണ്ടാകുന്നത് അതിന് ശേഷമാണ്. ഇന്ദിരാ ഗാന്ധിയെ ഇടപെടുത്തിക്കൊണ്ട് കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്നാണ് അന്ന് കരുണാകരന്‍ ആര്യാടനോട് പറഞ്ഞതെന്നും കുഞ്ഞാലിയുടെ പഴയ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. തൂക്കുമരം അല്ലെങ്കില്‍ ജീവപര്യന്തം ഉറപ്പായിരുന്ന കേസില്‍ ഇന്ദിരാഗാന്ധി ജഡ്ജിയോട് പറഞ്ഞാണ് വിധി മാറ്റിയതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. അങ്ങനെ ഒരു പ്രധാനമന്ത്രി ഇടപെട്ട കേസ് കൂടിയാണ് ഇത്.
Also Read:എന്താണ് വെടിവച്ച ഗോപാലനും ആര്യാടനുമായുള്ള ബന്ധം! സഖാവ് കുഞ്ഞാലിയുടേയും നിലമ്പൂർ; ഭാഗം: 04
ഇത്തരത്തില്‍ കേസ് അട്ടിമറിച്ച് കോണ്‍ഗ്രസ് രക്ഷപ്പെടുത്തിയെടുത്ത ആര്യാടനെ പാര്‍ട്ടി ഇടതുപക്ഷത്തിന്റെ എംഎല്‍എയും മന്ത്രിയുമാക്കിയതെന്തിനാണെന്നും ഇവര്‍ ചോദിക്കുന്നു. ടി കെ ഹംസ ആര്യാടനെക്കാള്‍ മുന്നില്‍ നിന്ന് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ ആര്യാടന്‍ വലിയ ശക്തിയായി മാറിയതോടെ സ്ഥാനമില്ലാതെയായ ഹംസ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേരുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് ഹംസയ്ക്ക് സീറ്റ് കൊടുക്കാതെ ആര്യാടന് സീറ്റ് കൊടുത്തപ്പോള്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. കോണ്‍ഗ്രസുകാരുടെയും ലീഗുകാരുടെയും വോട്ട് നേടിയാണ് അന്ന് ഹംസ ജയിച്ചത്. അതിന് ശേഷമാണ് ഹംസ സിപിഎം നേതാവാകുന്നതും സംസ്ഥാന കമ്മിറ്റിയില്‍ വരെ എത്തുന്നതും.
Also Read : “കൈതോല പായയിൽ ഒളിപ്പിച്ച തോക്ക്” കുഞ്ഞാലിക്ക് നേരെ വെടി തുപ്പുന്നു.
ഇത് പറയാതിരുന്നാല്‍ ആര്‍ക്കും പ്രയോജനമില്ലെങ്കിലും തനിക്ക് പ്രയോജനമുണ്ടെന്നാണ് കുഞ്ഞാലിയുടെ ഒരു പഴയ സഖാവ് പറയുന്നത്. ജീവിതത്തില്‍ മുമ്പ് നേരിട്ടിട്ടുള്ള പല ഭീഷണികളും വെല്ലുവിളികളും ഈ പ്രായമായ കാലത്തും ആവര്‍ത്തിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നില്ല. മാത്രമല്ല, തന്റെ കുടുംബം ഇനിയും ഇവിടെ ജീവിക്കേണ്ടവരാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. കുഞ്ഞാലിക്ക് ആര്യാടനെ എതിര്‍ക്കാനുള്ള ശക്തിയുണ്ടായിരുന്നു. അന്നും പിന്നീട് കുറെക്കാലവും അദ്ദേഹത്തിനൊപ്പം നിന്ന് തങ്ങളും അത് ചെയ്തിട്ടുണ്ട്. ഇന്ന് ആര്യാടന്‍ വളരെയധികം വളര്‍ന്നിരിക്കുന്നു. നാളെ തങ്ങളുടെ മക്കളും പേരക്കുട്ടികളും ഉള്‍പ്പെടുന്നവരെ ആര്യാടനും കോണ്‍ഗ്രസുകാരും ഉപദ്രവിക്കില്ലെന്നതിന് എന്താണ് ഉറപ്പെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. അതേസമയം ആര്യാടനെതിരായ വെളിപ്പെടുത്തലുകള്‍ കൊണ്ട് പാര്‍ട്ടിക്കോ മറ്റാര്‍ക്കെങ്കിലുമോ എന്തെങ്കിലും പ്രയോജനമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇതിന് കാരണമായി അദ്ദേഹം പറയുന്നതും പാര്‍ട്ടി ഈ കേസ് എന്നേ വിട്ടതാണെന്നതാണ്. കുഞ്ഞാലിയുടെ വധം കൊണ്ട് ഇവിടുത്തെ തോട്ടം ഉടമകള്‍ക്കും ഭൂഉടമകള്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഉണ്ടായതിനേക്കാള്‍ ഗുണമുണ്ടായത് പാര്‍ട്ടിക്കാണ്. ടി കെ ഹംസയും ആര്യാടനുമൊക്കെ തമ്മില്‍ നല്ല ബന്ധമാണ്. തന്നോട് പാര്‍ട്ടിയിലെ തന്നെ ചിലര്‍ പറഞ്ഞത് അല്ലെങ്കില്‍ ഈ വെളിപ്പെടുത്തല്‍ കൊണ്ട് പാര്‍ട്ടിക്കെന്തെങ്കിലും ഗുണം ഉണ്ടാകണം. കുഞ്ഞാലി വധക്കേസ് തെളിയിക്കപ്പെട്ടാല്‍ പ്രത്യേകിച്ച് ഗുണമുണ്ടാകില്ലെന്ന് തോന്നിയതുകൊണ്ടായിരിക്കുമല്ലോ പാര്‍ട്ടി പണ്ടേ ഈ കേസ് വിട്ടത്. പിന്നെ കുറെക്കാലം പാര്‍ട്ടി തന്നെ ആര്യാടനെ ചുമന്നു കൊണ്ട് നടക്കുകയും ചെയ്തില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
കേസില്‍ ആര്യാടനെ വെറുതെ വിട്ടപ്പോള്‍ പിന്നാലെ പോകാന്‍ ആരുമില്ലാതെ വന്നതും പാര്‍ട്ടി ഈ കേസില്‍ താല്‍പര്യം എടുക്കാതിരുന്നതിനാലാണ്. ഇഎംഎസിന്റെ കീഴിലുള്ള ഒരു സര്‍ക്കാരിന്റെ നിയമസഭയിലെ ഒരു അംഗം മരിക്കുകയും എത്തിച്ച മൂന്ന് ആശുപത്രികളിലും അദ്ദേഹം നല്‍കിയ മരണമൊഴികള്‍ കോടതികളില്‍ വന്നിട്ടില്ലെന്നതാണ് പാര്‍ട്ടിയുടെ അലംഭാവത്തിന് ഇവര്‍ തെളിവായി പറയുന്നത്. ‘കോണ്‍ഗ്രസ് ഭരിക്കുമ്പോളാണ് അത് സംഭവിച്ചതെങ്കില്‍ മനസ്സിലാക്കാം. എന്നാലിത് നമ്മള്‍ ഭരിക്കുമ്പോഴാണ്.’ സംസാരിച്ച എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമാണ് ഇത്. നമ്മുടെ രാജ്യത്ത് നടക്കുന്ന സുപ്രധാന കേസുകളുടെ ഫയലുകളെല്ലാം ഹൈക്കോടതിയില്‍ വരും. കുഞ്ഞാലി വധക്കേസിലെ ഫയലും ഹൈക്കോടതിയില്‍ എത്തി. എന്നാല്‍ ഈ കേസ് ഒരു കാരണവശാലും വിട്ടുകളയരുതെന്നാണ് അന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. എന്നാല്‍ പിന്നീട് ഈ കേസ് ഹൈക്കോടതിയിലും തഴയപ്പെട്ടു. ഇതെങ്ങനെയാണെന്ന് അന്നത്തെ സിപിഎം നേതൃത്വത്തിന് യാതൊരു പിടിയുമില്ലെന്നും ഇവര്‍ പറയുന്നു. മരിച്ചുപോയാല്‍ ആരുമുണ്ടാകില്ലെന്നാണ് അന്ന് കോഴിക്കോട് കോടതിയിലുണ്ടായിരുന്ന ഒരു പ്രോസിക്യൂട്ടര്‍ തങ്ങളോട് പറഞ്ഞത്. ആരെങ്കിലും തയ്യാറായിരുന്നെങ്കില്‍ കേസ് ഹൈക്കോടതിയില്‍ പോകുമായിരുന്നു. എന്നാല്‍ അതിന് പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ടവരാരും അതിന് തയ്യാറായില്ല.
അന്ന് തങ്ങള്‍ ഇമ്പിച്ചി ബാവയോടും പാലോളിയോടും പറഞ്ഞ് കുഞ്ഞാലിയുടെ ഭാര്യയെക്കൊണ്ട് ഒപ്പിടീച്ച് കൊടുത്തതാണെന്നും ഇവര്‍ ഓര്‍ത്തെടുത്തു. എന്നാല്‍ അതിന്റെ പിന്നാലെ പോകാനൊന്നും ആരുമുണ്ടായില്ല. ആശുപത്രിയിലെത്തിക്കുമ്പോള്‍ കുഞ്ഞാലിക്ക് ബോധമുണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ കീഴ്‌ക്കോടതിയില്‍ നല്‍കിയ മൊഴിയാണ് ഹൈക്കോടതി കണക്കിലെടുത്തത്. ബോധമില്ലാത്ത ഒരാള്‍ എങ്ങനെ തന്നെ കൊലപ്പെടുത്തിയത് ആരായിരുന്നുവെന്ന് എങ്ങനെ പറയുമെന്ന് ഹൈക്കോടതി ചോദിച്ചു. ആശുപത്രിയില്‍ വച്ച് കുഞ്ഞാലിക്ക് ബോധമുണ്ടായിരുന്നുവെന്ന് സാക്ഷി പറയാന്‍ ഞങ്ങള്‍ ധാരാളം പേരുണ്ടായിരുന്നു. എന്നാല്‍ കേസ് നടത്തിപ്പിന് പാര്‍ട്ടി താല്‍പര്യമെടുക്കാതിരുന്നതോടെ ആര്‍ക്കും അതിന് സാധിച്ചില്ല. മഞ്ചേരി കോടതിയിലും കോഴിക്കോട് കോടതിയിലും സാക്ഷി പറയാന്‍ ഞങ്ങള്‍ പോയിരുന്നു. എന്നാല്‍ തനിക്ക് ഒരു പോലീസുകാരനാണ് ഒരു നേരത്തെ ഭക്ഷണമെങ്കിലും വാങ്ങിത്തന്നതെന്ന് ഇവരില്‍ ഒരാള്‍ പറയുന്നു. കുഞ്ഞാലി ഫണ്ട് എന്ന പേരില്‍ വലിയ തോതിലുള്ള ഫണ്ട് പിരിവ് തന്നെ അക്കാലത്ത് പാര്‍ട്ടി നടത്തിയിരുന്നു. ഇതിനെക്കുറിച്ച് സി എന്‍ രാജനാണ് വ്യക്തത നല്‍കുന്നത്.
കുഞ്ഞാലിയുടെ പേരില്‍ തൊഴിലാളികള്‍ക്കിടയില്‍ പിരിവെടുത്തപ്പോള്‍ ഇരുപത്തിയഞ്ച് പൈസ മുതല്‍ അഞ്ച് രൂപ വരെ നല്‍കിയവരുണ്ട്. മൊത്തം ഒരു ലക്ഷത്തി ഇരുപത്തിയൊമ്പതിനായിരം രൂപയാണ് അന്ന് പിരിവെടുത്തത്. ഇതില്‍ മുപ്പതിനായിരം രൂപ കുഞ്ഞാലിയുടെ കുടുംബത്തിന് എകെജിയാണ് അവര്‍ക്കുള്ള സഹായമെന്ന വിധത്തില്‍ കൈമാറിയത്. ബാക്കിയുള്ള തുക കുഞ്ഞാലി വധക്കേസിന്റെ നടത്തിപ്പിനായി ഉപയോഗിക്കാന്‍ അന്നത്തെ കോഴിക്കോട് പാര്‍ട്ടി സെക്രട്ടറി സെയ്താലിക്കുട്ടിയെ എകെജി ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതിയില്‍ നല്ല ഒരു വക്കീലിനെ പോലും വയ്ക്കാതെ ഈ തുക എവിടേക്ക് പോയെന്നാണ് രാജന്‍ ചോദിക്കുന്നത്. കുഞ്ഞാലി സ്വന്തം പണം മുടക്കി പാര്‍ട്ടിയ്ക്ക് വേണ്ടിയും തൊഴിലാളികള്‍ക്ക് വേണ്ടിയും ഉപയോഗിച്ചിരുന്ന ജീപ്പ് പോലും മരണത്തിന് ശേഷം പാര്‍ട്ടിയ്ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുകയാണ് സെയ്താലിക്കുട്ടി ചെയ്തത്. എന്നാല്‍ ചില ശക്തമായ എതിര്‍പ്പുണ്ടായതിനാല്‍ അത് നടക്കാതെ പോയി. പാര്‍ട്ടി കേസില്‍ തിരിഞ്ഞു നോക്കാതെ വന്നതോടെ കുഞ്ഞാലിയുടെ കുടുംബം പാര്‍ട്ടിയുമായും അകന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ഇപ്പോള്‍ അവര്‍ ആ വിഷയത്തില്‍ ആരുമായും സംസാരിക്കാനും തയ്യാറല്ല. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലെങ്കിലും സെയ്താലിക്കുട്ടി മനഃപ്പൂര്‍വ്വം തന്നെ കേസില്‍ ഉഴപ്പുകയായിരുന്നെന്ന് രാജന്‍ പറയുന്നത് ഇതിനാലാണ്. സെയ്താലിക്കുട്ടിയെക്കുറിച്ച് പഴയ സഖാക്കള്‍ പറയുന്നതും സമാനമായ അഭിപ്രായങ്ങളാണ്. ഒരു ബീഡിത്തൊഴിലാളിയായിരുന്ന സെയ്താലിക്കുട്ടി പിന്നീട് ബസ് ഉടമകളുമായും തോട്ടം ഉടമകളുമായുമെല്ലാം ചങ്ങാത്തത്തിലാകുകയായിരുന്നെന്നും ഇവര്‍ പറയുന്നു. ഒരു കാലത്ത് ഇമ്പിച്ചി ബാവയോ ഇ കെ നായനാരോ വിചാരിച്ചാല്‍ നടക്കുന്നതിനേക്കാള്‍ ഫണ്ട് സ്വരൂപിക്കാന്‍ സെയ്താലിക്കുട്ടി വിചാരിച്ചാല്‍ നടക്കുമായിരുന്നെന്നും ഇവര്‍ പറയുന്നു. അതിനാല്‍ തന്നെ പിന്നീട് പാര്‍ട്ടിയ്ക്ക് കുഞ്ഞാലിയെക്കാള്‍ വലിയ ആളായി സെയ്താലിക്കുട്ടി മാറുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
Also Read:സഖാവ് കുഞ്ഞാലിയെ കൊന്നത് ആര്യാടനോ? പൊളിയുന്ന ചിലവാദങ്ങൾ ഭാഗം: 1
ഇതിനെ ചോദ്യം ചെയ്തവരെയെല്ലാം സെയ്താലിക്കുട്ടി നേതൃത്വം നല്‍കി പലപ്പോഴായി പാര്‍ട്ടി പുറത്താക്കുകയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇമ്പിച്ചി ബാവയെ പോലെയുള്ളവര്‍ ജയിലിലും പാലോളി മുഹമ്മദ് കുട്ടിയെ പോലെയുള്ളവര്‍ ഒളിവിലും ആയിരുന്ന കാലത്താണ് തങ്ങളില്‍ പലരെയും പുറത്താക്കിയത്. തീവ്രസ്വഭാവമുണ്ടെന്ന് ആരോപിച്ചുള്ള ഈ പുറത്താക്കലിന് പിന്നില്‍ പാര്‍ട്ടിയിലെ കുഞ്ഞാലി വിഭാഗക്കാരെ ഒഴിവാക്കേണ്ടത് തന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമായി സെയ്താലിക്കുട്ടി കരുതിയതാണ് കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. അതേസമയം ഒരു പ്രാഥമിക അംഗത്വം പോലുമില്ലാത്ത ടി കെ ഹംസയെ പാര്‍ട്ടിയിലെ വലിയ നേതാവാക്കി വളര്‍ത്തുകയും ചെയ്തു. തന്നെ പുറത്താക്കിയതിന്റെ കാരണം പോലും അറിയിക്കാതെയായിരുന്നു നടപടിയെന്നും ഇവരില്‍ ഒരു സഖാവ് വ്യക്തമാക്കുന്നു. സെയ്താലിക്കുട്ടി മഞ്ചേരി നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നു. 1964ല്‍ കല്‍ക്കട്ട കോണ്‍ഗ്രസ് കഴിഞ്ഞ് നേതാക്കന്മാരെല്ലാം മടങ്ങി വരുന്ന സമയത്ത് കുഞ്ഞാലി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ചൈനാ ചാരന്‍ എന്ന് മുദ്രകുത്തിയായിരുന്നു അന്ന് നേതാക്കന്മാരെയെല്ലാം അറസ്റ്റ് ചെയ്തത്. പിന്നീട് വന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലിരുന്ന് കെ പി മാധവന്‍ നായര്‍ക്ക് കത്തെഴുതിയിരുന്നു. ‘സെയ്താലിക്കുട്ടിയുടെ കമ്മ്യൂണിസവുമായി നിലമ്പൂര്‍ മണ്ഡലത്തിലേക്ക് വന്നാല്‍ ഓന്റെ ഊര ഞാന്‍ ചവിട്ടി മുറിക്കും’ എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ കുഞ്ഞാലി ജയില്‍ മോചിതനായ ശേഷം അതിനൊക്കെ മാറ്റം വന്നിരുന്നു. ഇരുവരും തമ്മില്‍ അടുപ്പമാകുകയും സെയ്താലിക്കുട്ടി പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് വരികയും ചെയ്തു. എന്നാല്‍ അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടില്ലാത്ത കേരളത്തിലെ ഒരേയൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവാണ് സെയ്താലിക്കുട്ടിയെന്നും ഇവര്‍ പരിഹസിക്കുന്നു.
കുഞ്ഞാലിയുടെ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞിട്ട് കമ്മിറ്റി വിളിക്കാന്‍ പോലും അന്നത്തെ നേതൃത്വം തയ്യാറായില്ലെന്നാണ് രാജന്‍ പറയുന്നത്. പകരം തന്നെ ബലിയാടാക്കി മാറ്റുകയാണ് സെയ്താലിക്കുട്ടി ചെയ്തത്. കുഞ്ഞാലിയുടെ മരണശേഷം സെയ്താലിക്കുട്ടിക്ക് പാര്‍ട്ടിയിലെ കുഞ്ഞാലി പക്ഷക്കാരോട് കടുത്ത വിരോധമുണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് തന്റെ ജീവിതമെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി പറഞ്ഞിട്ട് രണ്ട് കൊലക്കേസുകളാണ് താനന്ന് ഏറ്റെടുത്തത്. ആദ്യത്തേത് നക്‌സല്‍ ചാണ്ടി വധക്കേസ് ആയിരുന്നു. എന്നാല്‍ അതില്‍ സാക്ഷി പറയേണ്ടിയിരുന്നത് നക്‌സലുകളായിരുന്നതിനാലും കൊല്ലപ്പെട്ടത് നക്‌സല്‍ ആയതിനാലും കോടതി തനിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയായിരുന്നു. കൂടാതെ സാക്ഷിമൊഴികളെല്ലാം രാജന്‍ വെടിവെച്ചുവെന്നായിരുന്നു. എന്നാല്‍ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇതുകൂടെ പരിഗണിച്ചാണ് അന്ന് മഞ്ചേരി കോടതിയിലെ ജഡ്ജിയായിരുന്ന ജാനകിയമ്മ തന്നെ വെറുതെ വിട്ടത്. 1978 ഫെബ്രുവരി നാലിന് നടന്ന വീരാന്‍കുട്ടി വധക്കേസാണ് രണ്ടാമത് ഏറ്റെടുത്തത്. വലിയ ഭൂപ്രമാണിയും ജന്മിയുമൊക്കെയായ നാലകത്ത് ബീരാന്‍ ഹാജിയുടെ സഹോദരിയുടെ മകനായിരുന്നു വീരാന്‍കുട്ടി. വീരാന്‍ കാരണം നാട്ടിലെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പോലുമാകാത്തത്ര ശല്യമായിരുന്നെന്നാണ് രാജന്‍ പറയുന്നത്. വനത്തില്‍ നിന്നും മരം മുറിക്കുകയും വേട്ടയാടുകയുമൊക്കെ ചെയ്യുന്ന ഒരു വനംകൊള്ളക്കാരനായിരുന്നു അയാള്‍. രാഷ്ട്രീയ നിലപാടുകളൊന്നുമില്ലാത്തതിനാല്‍ ലീഗിനും കോണ്‍ഗ്രസിനും എല്ലാം അയാള്‍ ഒരുപോലെ ശത്രുവും ആയിരുന്നു. കുഞ്ഞാലി മരിച്ചതിന് ശേഷം ഭൂമി ഏറ്റെടുക്കല്‍ സമരങ്ങളുടെ പേരില്‍ നാലകത്ത് ബീരാനൊക്കെ വിരോധം തന്നോടായിരുന്നെന്നും രാജന്‍ പറയുന്നു. പലപ്പോഴും അവര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും താന്‍ യാത്രയ്ക്ക് ഉപയോഗിക്കുന്ന വഴികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
Also Read:സഖാവ് കുഞ്ഞാലിയെ കൊന്നത് ആര്യാടനോ? പൊളിയുന്ന ചിലവാദങ്ങൾ ഭാഗം: 1
വീരാന്‍കുട്ടിയ്ക്ക് നേരെ ആക്രമണമുണ്ടാകുമ്പോള്‍ സംഘടനത്തില്‍ പരിക്കേറ്റ് ആദ്യം ആശുപത്രിയിലെത്തിച്ചത് തന്നെയാണ്. ആദ്യത്തെ എഫ്‌ഐആറും അതായിരുന്നു. അതിന് ശേഷമാണ് ബീരാനെ നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചതും അവിടെ വച്ച് അയാള്‍ മരിച്ചതും. ആ കൊലക്കുറ്റം ഏറ്റെടുക്കാന്‍ പാര്‍ട്ടി എന്നോട് ആവശ്യപ്പെട്ടു. സെയ്താലിക്കുട്ടി ആശുപത്രിയില്‍ വന്നിട്ടാണ് രാജനെ പ്രതിസ്ഥാനത്ത് കൊടുത്തിട്ടുണ്ടെന്നും കുറ്റം സമ്മതിക്കണമെന്നും ആവശ്യപ്പെട്ടത്. പാര്‍ട്ടി തീരുമാനമാണെന്നാണ് എന്നോട് പറഞ്ഞത്. അന്ന് അവിടെയുണ്ടായിരുന്ന ഒരു ജില്ലാ കമ്മിറ്റി മെമ്പറും പോലീസുകാരും പോലും കുറ്റം സമ്മതിക്കരുതെന്ന് പറഞ്ഞതാണ്. എന്നാല്‍ പാര്‍ട്ടി തീരുമാനമുണ്ടെന്ന് ജില്ലാ സെക്രട്ടറി പറയുമ്പോള്‍ കേസ് ഏറ്റെടുക്കുമെന്നായിരുന്നു രാജന്റെ നിലപാട്. എന്നാല്‍ പിന്നീട് പാര്‍ട്ടി തിരിഞ്ഞ് പോലും നോക്കിയില്ലെന്ന് രാജന്‍ പറയുന്നു. കേസ് ലോക്കല്‍ പോലീസില്‍ നിന്നും ക്രൈംബ്രാഞ്ചിന് പോയി. അവര്‍ പോലും പ്രതികളെ അറിയാം നീയെന്തിനാണ് ഇതൊക്കെ ഏറ്റെടുക്കാന്‍ പോകുന്നതെന്നാണ് ചോദിച്ചത്. ആ കേസില്‍ ഇവരെല്ലാം കൂടി ഒത്തു. കോണ്‍ഗ്രസും ലീഗും സെയ്താലിക്കുട്ടിയും എല്ലാം ഒറ്റക്കെട്ടായി. കേസില്‍ രാഷ്ട്രീയമായി സഹായിക്കാമെന്ന് പറഞ്ഞ സെയ്താലിക്കുട്ടി മറുചേരിയില്‍ ചേര്‍ന്നു. കോഴിക്കോട് കോടതിയില്‍ തനിക്ക് വേണ്ടി ഹാജരായതും കുഞ്ഞിരാമ പൊതുവാള്‍ ആയിരുന്നു. ഗോവിന്ദന്‍ എന്ന തൃശൂരുകാരനായ ജഡ്ജിയാണ് വിധി പറഞ്ഞത്. 1978 സെപ്തംബര്‍ 23നാണ് വധശിക്ഷ വിധിച്ചത്. പിന്നീടാണ് ജീവപര്യന്തമായി ശിക്ഷ കുറച്ചത്. രാജന്റെ ശിക്ഷ ജീവപര്യന്തമായ സമയത്താണ് നിലമ്പൂരില്‍ ആര്യാടന്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
ജയിലില്‍ കഴിയുമ്പോഴാണ് ഇഎംഎസ് ആര്യാടന് വേണ്ടി നടത്തിയ പ്രസംഗം ദേശാഭിമാനിയില്‍ വായിച്ചതെന്നും രാജന്‍ പറയുന്നു. തൂക്കാന്‍ വിധിച്ച് കിടന്നപ്പോള്‍ നയനാരും എം വി രാഘവനുമെല്ലാം തന്നെ ജയിലില്‍ വന്ന് കണ്ടിരുന്നു. തനിക്ക് വേണ്ടിയും അന്ന് പാര്‍ട്ടി പിരിവ് നടത്തിയിരുന്നു. എന്നാല്‍ കേസ് നടത്താനോ വക്കീലിന് കൊടുക്കാനോ കാശില്ലാതെ താന്‍ അഞ്ച് മാസത്തോളം തൂക്ക് മുറിയില്‍ കഴിയുകയായിരുന്നെന്നാണ് രാജന്‍ പറയുന്നത്. പിരിച്ച ഫണ്ടുകളൊക്കെ സെയ്താലിക്കുട്ടി പാര്‍ട്ടിക്കോ കേസിനോ മുടക്കാതെ എന്തൊക്കെയോ ചെയ്തു. ഒടുവില്‍ കുഞ്ഞിരാമ പൊതുവാള്‍ തന്റെ സ്വന്തം ചെലവില്‍ ഹൈക്കോടതിയില്‍ കേസിന് ഹാജരായാണ് വധശിക്ഷ ജീവപര്യന്തമായി കുറച്ചെടുത്തത്. ടി കെ രാമകൃഷ്ണന്‍ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹവുമായും നല്ല ബന്ധമുണ്ടായിരുന്നതിനാലാണ് പരോള്‍ ലഭിച്ചത്. പരോള്‍ കിട്ടി വന്നപ്പോഴാണ് ദേശാഭിമാനിയില്‍ വായിച്ചത് പോലെ ഇഎംഎസ് അങ്ങനെ പ്രസംഗിച്ചതെന്ന് വ്യക്തമായത്. അതോടെ പാര്‍ട്ടിയുമായി ഞാനും അകന്നു. എം വി രാഘവന്‍ പാര്‍ട്ടി മാറിയപ്പോള്‍ താന്‍ അദ്ദേഹത്തോടൊപ്പം കൂടിയതാണ് ഇവര്‍ക്കൊക്കെ തന്നോട് ദേഷ്യം തോന്നാനുള്ള മറ്റൊരു കാരണമെന്നും രാജന്‍ വ്യക്തമാക്കി.
Also Read: “കൈതോല പായയിൽ ഒളിപ്പിച്ച തോക്ക്” കുഞ്ഞാലിക്ക് നേരെ വെടി തുപ്പുന്നു. ഭാഗം: 3
അതേസമയം കുഞ്ഞാലിയുടെ പഴയ സഖാക്കള്‍ ആരോപിക്കുന്നതു പോലെയല്ല കാര്യങ്ങളെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം ഇപ്പോഴും പറയുന്നത്. വര്‍ഗ്ഗ ശത്രുക്കളെ ഭിന്നിപ്പിച്ച് ദുര്‍ബലരാക്കുന്നതിന് പാര്‍ട്ടിയ്ക്ക് ചില രീതികളുണ്ട്. അതുപോലെ കുഞ്ഞാലിക്ക് വേണ്ടി നടത്തിയെന്ന് പറയപ്പെടുന്ന ഫണ്ട് പിരിവിനെക്കുറിച്ചും അവര്‍ക്ക് ചിലത് പറയാനുണ്ട്. അതുപോലെ ഈ വിഷയത്തില്‍ ആര്യാടനും കോണ്‍ഗ്രസും എന്താണ് പറയുന്നതെന്നും അടുത്ത ഭാഗത്തില്‍.



പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവ് : പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.