കാവിക്കൊടിയേന്തിയ വനിതയെ പൂവിട്ട് പൂജിക്കുന്ന ഗവർണർ ആക്ഷേപിക്കുന്നത് ഭരണഘടനയെ; മതേതരത്വം സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് മന്ത്രി ശിവൻകുട്ടി

ഭാരതാംബ വിവാദത്തിൽ ഗവർണർ രാജേന്ദ്ര അർക്കേർക്ക് എതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്തുകൊണ്ട് രാജ്ഭവനിൽ നടന്ന പരിപാടിക്കിടയിൽ നിന്നും ഇറങ്ങി പോയത് അടക്കമുള്ള കാര്യങ്ങൾ മന്ത്രി ഇന്ന് വിശദീകരിച്ചു. രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവർണറുടെ നടപടി ഭരണഘടനയുടെ നഗ്നമായ ലംഘനമാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഭരണഘടന പദവിയിലിരിക്കുന്ന ഒരാൾ ഒരു പ്രത്യേക മതബിംബത്തെ ഔദ്യോഗികമായി ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും മന്ത്രി വിമർശിച്ചു.

ഇത്തരം ഭരണഘടന ലംഘനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയാത്തതുകൊണ്ടാണ് താൻ സ്കൗട്ട് ആൻഡ് ഗൈഡ്സിൻ്റെ സർട്ടിഫിക്കറ്റ് വിതരണ ചടങ്ങിൽ ഇറങ്ങിപ്പോയതെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. ഭരണഘടനയെ ഉയർത്തിപ്പിടിക്കാനുള്ള തൻ്റെ ഉത്തരവാദിത്തം മാത്രമാണ് താൻ നിറവേറ്റിയത്. ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കാവിക്കൊടിയേന്തിയ വനിതയെ ഭാരതാംബ എന്ന് വിളിച്ച് പൂവിട്ട് തൊഴുന്നതിനെ ന്യായീകരിക്കുന്ന ഗവർണർ യഥാർഥത്തിൽ ഭരണഘടനയുടെ മതേതര സ്വഭാവത്തെയാണ് ആക്ഷേപിക്കുന്നത്. ദേശീയതയെ മതപരമായ ബിംബവൽകരണവുമായി കൂട്ടിച്ചേർക്കുന്നതിൻ്റെ പ്രതീകമാണ് ഭാരതാംബയുടെ ചിത്രം. ഔദ്യോഗിക ചടങ്ങിൽ ഇത് പ്രദർശിപ്പിച്ച് ആരാധിക്കുന്നത് രാജ്യത്തിൻ്റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണ്. ഇത് മറ്റ് മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് തങ്ങളോട് വിവേചനം കാണിക്കുന്നതായി തോന്നാൻ ഇടവരുത്തുമെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഭരണഘടന ലംഘനം
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം രാജ്യം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് ആണെന്ന് വ്യക്തമാക്കുന്നുണ്ട്. അനുഛേദം 14 നിയമത്തിന് മുന്നിൽ എല്ലാവർക്കും തുല്യത ഉറപ്പാക്കുന്നു. അനുഛേദം 15 (1) മതം, വർഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നു. അനുഛേദം 25 മുതൽ 28 വരെ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും, ഔദ്യോഗിക പദവിയിലുള്ളവർ സർക്കാർ പരിപാടികളിൽ മതപരമായ ആചാരങ്ങൾ പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

ഭരണഘടനയുടെ മതേതര സ്വഭാവത്തിന്മേലുള്ള കടന്നാക്രമണമാണ് ഗവർണറുടെ പ്രവൃത്തി. ഇത് പ്രോട്ടോക്കോൾ ലംഘനം മാത്രമല്ല, ഭരണഘടന ഉറപ്പുനൽകുന്ന മതേതര മൂല്യങ്ങളെ തകർക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭരണഘടന സ്ഥാപനം ഒരു പ്രത്യേക മതപരമായ പ്രതീകത്തെ ഉയർത്തിക്കാട്ടുന്നത് മറ്റ് മതവിഭാഗങ്ങളോടുള്ള അവഗണനയായി കണക്കാക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *