ഒരു തഷിഞ്ഞുഹജ അങ്ങ് കഴിച്ചാലോ? എന്നു ചോദിച്ചാൽ ആരുമൊന്ന് അമ്പരന്നു പോകും. നമ്മൾ ചായയുടെ കൂടെ കഴിക്കുന്ന ഒരു സാധനത്തിൻ്റെ പേരാണ് തഷിഞ്ഞുഹജ എന്നത്. ഇത് ഒരുകാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ഒരു ഗൂഡ ഭാഷയിൽ നമുക്കു പരിചിതമായ സാധനത്തിന് പറയുന്ന പേരാണ്. ആ ഭാഷയിൽ പരിപ്പുവടക്ക് പറഞ്ഞിരിക്കുന്ന പേരാണ് തഷിഞ്ഞുഹജ . സെഹാനേച്ച് എന്ന് നമ്മളോടാരെങ്കിലും ഇന്ന് ചോദിക്കുകയാണെങ്കിൽ നമ്മൾ പെട്ടു പോകും. ഇതും മറ്റൊരു ഭാഷയാണ്. കേരളത്തിൽ നിലനിന്നിരുന്നത് തന്നെ. എന്താ പേര്? എന്നതാണ് സെഹാ നേച്ച് എന്നതിനർത്ഥം. ഇതിലൊരു ഭാഷ തെക്ക് രൂപം കൊണ്ടവയാണെങ്കിൽ മറ്റേത് വടക്ക് മലബാറിൽ രൂപം കൊണ്ടതാണ്. ഇത്തരം നിഗൂഢ ഭാഷകളുടെ പ്രത്യേകതകളാണ് പറയാൻ പോകുന്നത്.
ഉപയോഗിക്കുന്നതിനൊപ്പം മറ്റു താല്പര്യങ്ങൾ കൂടി സംരക്ഷിക്കാൻ രൂപപ്പെടുത്തിയിട്ടുള്ളതാണ് ഗൂഡ ഭാഷകൾ അഥവാ രഹസ്യമായ ഭാഷകൾ. ഒരു നാട്ടിൽ ഒരു ഗൂഢഭാഷ നിലനിൽക്കുന്നുണ്ടെങ്കിലും ആ നാട്ടിലെ എല്ലാവർക്കും അത് അറിയണമെന്നില്ല. ഈ ഭാഷ ഉപയോഗിക്കുന്നവരുടെ ഉദ്ദേശ്യം തന്നെ തനിക്ക് ചുറ്റുമുള്ളവർ അറിയാതെ കാര്യം പറയുക എന്നതാണ്.
സങ്കീർണ്ണമായ വ്യാകരണ നിയമങ്ങൾ ഇതിന് ഉണ്ടാവാറില്ല. മലയാളത്തിൻ്റെ അതേ ഈണത്തിലും ഉച്ചാരണ രീതിയിലുമാണ് ഇത്തരം ഭാഷകൾ ഉപയോഗിക്കുന്നത്. അതിനാൽ ഗൂഡ ഭാഷ കേൾക്കുന്ന മറ്റൊരാൾക്ക് സംശയം ഉണ്ടാവുകയുമില്ല. ചരിത്രപരമായ ഏതെങ്കിലും പ്രത്യേക കാലത്ത് പ്രത്യേക ആവശ്യകത വന്നതുകൊണ്ടാണ് ഒരു ഗൂഡ ഭാഷ രൂപപ്പെടുന്നത്. ഗൂഡ ഭാഷകൾ ആ കാലഘട്ടത്തിൻ്റെ ആവശ്യം കഴിഞ്ഞാൽ ഇല്ലാതാവുകയാണ് പതിവ്.
കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ല, പൊലീസിൽ പരാതി നല്കി കെ എസ് യു
മേൽപ്പറഞ്ഞ തഷിഞ്ഞു ഹജ പരിപ്പുവടയ്ക്ക് ഒരു ഗൂഡ ഭാഷയിൽ പറയുന്നതാണെന്നു പറഞ്ഞല്ലോ? ഇത് തിരുവിതാംകൂറിൽ രൂപം കൊണ്ട മൂലഭദ്രി എന്ന ഗൂഢ ഭാഷയിലെ പ്രയോഗമാണ്. സെഹാനേച്ച് എന്നത് പേരെന്താണ് എന്നതാണ്. ഇത് മലബാറിൽ മാപ്പിള കലാപകാലത്ത് രൂപം കൊണ്ട “മൈഗുരുഡ്” എന്ന ഭാഷയിലേതാണ്.
വംശീയ ഗൂഡ ഭാഷ, വംശീയേതര ഗുഡ ഭാഷ എന്നിങ്ങനെ ഗൂഡ ഭാഷകളെ രണ്ടായി തിരിക്കാം. മുഖ്യഭാഷ ഉപയോഗിക്കുന്നതോടൊപ്പം തന്നെ ചില പ്രത്യേക സന്ദർഭങ്ങളിൽ ചില സമുദായാംഗങ്ങൾ പരസ്പരം സംവദിക്കുന്നതിനായി ഉപയോഗിച്ച ഗൂഡ ഭാഷയാണ് വംശീയ ഗൂഡ ഭാഷ. പാണർ, കുശവർ എന്നിവർ ഇത്തരത്തിൽ ഭാഷ ഉപയോഗിച്ചിരുന്നു.
പാണരുടെ ഭാഷയിൽ “പൈസ തരുന്നതിൽ പിശുക്കുണ്ട് വാങ്ങിക്കണോ?” എന്നതിന് “ചിറ്റണം മേട്ടുന്നത് കിഴുമ്പിലാണ്. മമ്മിക്കണോ?” എന്നാണ് ചോദിക്കുക. “മമ്മിച്ചോ” എന്ന് പറഞ്ഞാൽ വാങ്ങിച്ചോ എന്നർത്ഥം.
“മുഖം കണ്ടാൽ അടിക്കാൻ തോന്നും ” എന്നതിന് ” മോപ്പി കൊളർന്നാൽ കെറ്റിയാട ക്കാൻ തോന്നും ” എന്നാണ് ഭാഷ.
വിനോദത്തിനായും തൊഴിൽ പരമായ ഉദ്ദേശ്യങ്ങൾക്ക് വേണ്ടിയും ചില ചരിത്രപരമായ കാരണങ്ങളാലും രൂപം കൊണ്ട ഗൂഢ ഭാഷകളാണ് വംശീയേതര ഗൂഢ ഭാഷകൾ. കടപയാദി , ചെട്ടി ഭാഷ, മറിച്ചു ചൊല്ലൽ, മൂലഭദ്രി, മൈഗുരുഡ് തുടങ്ങിയവ ഉദാഹരണങ്ങളാണ്.
തിരുവിതാംകൂർ മഹാരാജാവിൻ്റെ പട്ടാളക്കാർക്കിടയിൽ രൂപം കൊണ്ട ഗുഡഭാഷയാണ് ” മൂലഭദ്രി ” . രാജശാസനകൾ മറ്റുള്ളവർ അറിയാതെ രഹസ്യമായി സംസാരിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. മൂലഭദ്രി പ്രകാരം വാക്കുകളുണ്ടാക്കുന്നതിനെ ശ്ലോകത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു.
” അകൗ ഖഗൗ ഘങൗ ചൈവ
ചടൗ ഞണൗ തപൗ നമൗ
യശൗ രഷൗ ലസൗ ചേതി
ഒഹ ഷള റഴ കള ”
അ യ്ക്ക് പകരം ക, ക യ്ക്ക് പകരം അ. ഇങ്ങനെ ശ്ലോകത്തിൽ ചേർത്തെഴുതിയിരിക്കുന്ന വാക്കുകൾ പരസ്പരം മാറി ഉപയോഗിക്കുന്നു. ചായ വേണോ ? എന്നതിന് മൂലഭദ്രിയിൽ ടാശ ഹേഞ്ഞോ? എന്നാണ് ചോദിക്കുക. വേണം എന്നതിന് ഹേഞ്ഞം എന്നാണ് പറയുക.
കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലാണ് ” മൈഗുരുഡ് ” എന്ന നിഗൂഡ ഭാഷ ഉപയോഗിച്ചിരുന്നത്. മൈഗരുഡ് മലബാർ കലാപകാലത്ത് ഉപയോഗിച്ചിരുന്ന ഭാഷയാണ്.
മൈഗുരുഡിൽ സ്വരാക്ഷരങ്ങളായ അ, ആ, ഇ, ഈ, എന്നിവയ്ക്ക് യഥാക്രമം സ , സാ , സി, സീ എന്നിങ്ങനെ അം അഃ വരെ ഉപയോഗിക്കുന്നു. വ്യഞ്ജനാക്ഷരങ്ങൾ ഒന്നിന് പകരം മറ്റൊന്ന് എന്ന നിലയിൽ ഉപയോഗിക്കുന്നു. ഉപയോഗം മനസ്സിലാക്കാനായി ഒരു ശ്ലോകമുണ്ട്.
” കമ ങയ ചര വട ണ്ടഷ
പന റണ ഞല ങ്കറ്റ ബഞ്ച
ന്തഹ ബജ തള”
ശ്ലോകത്തിൽ ഒരു ജോടിയായി കൊടുത്തിരിക്കുന്ന അക്ഷരങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും മാറി ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ക എന്നതിന് പകരം മ യും മ യ്ക്ക് പകരം ക യും ഉപയോഗിക്കും. ഈ ഭാഷയിൽ ഒരു ചായ വേണം എന്നതിന് സെചു രാങ ടേറം എന്നു പറയുന്നു. മഞ്ചേരിക്ക് കമ്പേജി എന്നാണ് പറയുന്നത്. കടി വേണോ? എന്നതിന് മവി ടേറോ എന്നാണ് പറയുക. വേണ്ട എന്നതിന് ടേഷ എന്നും പറയുന്നു. മലബാർ കലാപകാലത്ത് ഈ ഭാഷയിൽ എന്തെല്ലാം പ്രയോഗിച്ചിരിക്കുന്നു. ബ്രിട്ടീഷുകാരെ വെള്ളം കുടിപ്പിച്ച ഭാഷ എന്നു വേണമെങ്കിൽ ഇതിനെ പറയാം.
എന്നാൽ നമുക്കും ഒരു ഭാഷയുണ്ടാക്കി അങ്ങ് കാച്യാലോ?



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.