ആണവായുധം നിർമ്മിച്ചതിന് തൊട്ടരികിൽ എത്തി എന്നാരോപിച്ചു കൊണ്ടായിരുന്നു ഒരാഴ്ച മുമ്പ് ഇസ്രായേൽ, ഇറാനെ ആക്രമിച്ചത്. അമേരിക്കയുമായി ആണവ ചർച്ചകൾ നടക്കാനിരിക്കെയാണ് ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ എന്ന പേരിൽ ടെൽ അവീവ് ആക്രമണം നടത്തിയത്. പിന്നീട് ഇങ്ങോട്ട് ഓരോ ദിവസവും ഏകപക്ഷീയമായ ഈ സൈനിക നീക്കത്തിന് പിന്നിൽ യുഎസ് ആണെന്ന് വ്യക്തമായിക്കൊണ്ടിരുന്നു.
നിരുപാധികം കീഴടങ്ങിയില്ലെങ്കിൽ അമേരിക്ക നേരിട്ട് ഇടപെടുമെന്നും ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനിയെ വധിക്കുമെന്ന ഭീഷണിയും ഡൊണാൾഡ് ട്രംപ് നടത്തി. ഇടക്കിടെ മിഥുനം എന്ന പ്രിയദർശൻ സിനിമയിടെ നെടുമുടി വേണു അവതരിപ്പിച്ച സ്വാമി കഥാപാത്രത്തെപ്പോലെ അമേരിക്ക ഇപ്പോ തേങ്ങ ഉടയ്ക്കും എന്നതിനെ അനുസ്മരിപ്പിക്കും വിധം ടെഹ്റാറിനെതിരെ ഭീഷണി മുഴങ്ങി കൊണ്ടിരുന്നു. ഇറാൻ ഭീഷണിക്ക് വഴങ്ങിയില്ലെന്ന് മാത്രമല്ല യുഎസ് പ്രസിഡൻറിന് ചുട്ടമറുപടിയും കൊടുത്തു. ഇറാൻ എന്ന രാഷ്ട്രത്തിൻ്റെ ചരിത്രം അറിയാവുന്ന വിവേകമുള്ളവർക്ക് അറിയാം ആരുടെയും ഭീഷണിക്ക് മുന്നിൽ വഴങ്ങിയ ചരിത്രം ഈ രാഷ്ട്രത്തിനില്ല എന്നായിരുന്നു അയത്തൊള്ള ഖമേനി തന്നെ അമേരിക്കൻ പ്രസിഡൻറിന് മറുപടി നൽകിയത്.
ഇപ്പോൾ ട്രംപ് പറയുന്നത് രണ്ടാഴ്ചക്കകം ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. അതുവരെ ചർച്ചയുടെ വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഇന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാചിയും ചർച്ചക്കായി വാഷിംഗ്ടണുമായി ബന്ധപ്പെടുന്നുണ്ട്, എന്നാൽ ടെഹ്റാൻ അത് നിരസിച്ചു. ഇസ്രായേൽ യുദ്ധം നിർത്താതെ ട്രംപുമായി ഒരു ചർച്ചക്കുമില്ല, ആക്രമണത്തിന് പിന്നിൽ അമേരിക്കയും പങ്കാളിയാണ് എന്ന് ബോധ്യപ്പെട്ടുവെന്നാണ് അരഗാചി പ്രതികരിച്ചത്.
ഇനി എന്താണ് ഇപ്പോൾ തേങ്ങ ഉടയ്ക്കും, ഉടയ്ക്കും എന്ന് ഭീഷണിപ്പെടുത്തി കൊണ്ടിരുന്ന ട്രംപ് രണ്ടാഴ്ച എന്ന സമയപരിധി നിശ്ചയിച്ചതിന് പിന്നിൽ? ഇറാൻ – ഇസ്രയേൽ യുദ്ധം സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിൻ്റെ കാരണം സിമ്പിളാണെന്ന് വ്യക്തമാകും. കഴിഞ്ഞ എട്ടു ദിവസമായി ടെഹ്റാനെ തുടർച്ചയായി ടെൽ അവീവ് ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇറാൻ തിരിച്ചടിയും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ആക്രമണമാണ് ഇറാൻ നടത്തുന്നത്. ഇസ്രായേലിൻ്റെ വ്യോമ പ്രതിരോധ സംവിധാനമായ അയൺ ഡോമിനെ ഭേദിച്ച് ആക്രമണം നടത്താൻ ടെഹ്റാനും കഴിയുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇറാൻ പ്രത്യാക്രമണം നിലവിലെ രീതിയിൽ തുടർന്നാൽ രണ്ടാഴ്ച പിന്നിടുമ്പോൾ മിസൈലുകളെ പ്രതിരോധിക്കാൻ ടെൽ അവീവിന് കഴിയാതെ വരും.
വിശദമായി പറഞ്ഞാൽ രണ്ടാഴ്ച സമയം ട്രംപ് സമയം നൽകിയ അതേ ദിവസം തന്നെ യു.എസ് അധികൃതരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ഒരു കാര്യം റിപ്പോർട്ട് ചെയ്തു. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള ‘ആരോ’ വിഭാഗത്തിൽ പെട്ട മിസൈലുകൾ ഇസ്രായേലിൻ്റെ ശേഖരത്തിൽ തീർന്നുകൊണ്ടിരിക്കുകയാണെന്നാണ് ആ റിപ്പോർട്ട്. ‘ആരോ’ മിസൈലുകൾ ഇസ്രായേലിൻ്റെ പക്കൽ കുറവാണെന്ന കാര്യം യുഎസിന് അറിയാമെന്ന് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
യുഎസിൽ നിന്നാണ് ഇസ്രായേലിന് പ്രധാനമായും ആയുധങ്ങൾ ലഭിക്കുന്നത്. യുഎസ് കൂടുതൽ മിസൈലുകൾ നൽകിയില്ലെങ്കിൽ പത്തോ പന്ത്രണ്ടോ ദിവസം അതായത് കഷ്ടിച്ച് രണ്ടാഴ്ച കൂടിയേ ഇറാൻ്റെ മിസൈലുകളെ കൃത്യമായി പ്രതിരോധിക്കാൻ ഇസ്രായേലിന് കഴിയുകയുള്ളൂ എന്ന് സാരം. ഇതാണ് ട്രംപിൻ്റെ രണ്ടാഴ്ച അൽഗോരിതം എന്നതാണ് വസ്തുത.
പ്രതിരോധ മിസൈലുകളുടെ കുറവ് ഇറാനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിന് തിരിച്ചടിയാകുമെന്ന് മാത്രമല്ല പല നഗരങ്ങളും തവിടുപൊടിയാകും. രണ്ടാഴ്ചക്കുള്ളിൽ ആക്രമണം കടപ്പിച്ച് ഇറാൻ്റെ ആണവകേന്ദ്രങ്ങൾ എല്ലാം നശിപ്പിക്കാനാണ് അമേരിക്കയും ഇസ്രയേലും ലക്ഷ്യമിടുന്നത്.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിെയന്നാണ് വിവരം. എന്നാലതിൽ അന്തിമതീരുമാനമായിട്ടില്ലെന്ന് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്യുന്നു. ഇറാന് ആണവപദ്ധതി ഉപേക്ഷിച്ച് കീഴങ്ങാനാണിത് എന്നാണ് വാദം. എന്നാൽ അമേരിക്ക യുദ്ധത്തിൽ ഇടപെടരുതെന്ന മുന്നറയിപ്പ് റഷ്യ നൽകി കഴിഞ്ഞു. ചൈനയുടെയും റഷ്യയുടെയും പിന്തുണയും ഇറാനുണ്ട്. ഇപ്പോൾ യുദ്ധത്തിൽ നേരിട്ട് ഇടപ്പെട്ടാൽ ചൈനീസ്- റഷ്യൻ ഇടപെടലുകൾക്കും കാരണമാകുമെന്ന് വാഷിംഗ്ടണിന് വ്യക്തമായി അറിയാം. അതിനാൽ രണ്ടാഴ്ചക്കിടയിൽ ഭീഷണിപ്പെടുത്തിയോ ഇസ്രയേൽ ആക്രമണം കടുപ്പിച്ച്, ആണവകേന്ദ്രങ്ങൾ എല്ലാം തകർത്ത് ഇറാനെ നാമാവശേഷമാക്കുകയാണ് ലക്ഷ്യം. അതിനുള്ള ഡെഡ് ലൈനാണ് രണ്ടാഴ്ച.
ഇറാൻ്റെ ആണവ റിയാക്ടറുകളേയും ആണവകേന്ദ്രങ്ങളെയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ അവർ ലക്ഷ്യമിട്ടു കൊണ്ടിരിക്കുന്നത്. ആ ലക്ഷ്യം പൂർത്തികരിക്കണമെങ്കിൽ ഭൂമിക്കടിയിൽ സ്ഥിതിചെയ്യുന്ന ഇറാന്റെ ഫൊർദോ ആണവസമ്പുഷ്ടീകരണകേന്ദ്രം തകർക്കണം. അത് തകർക്കാൻ പറ്റില്ല ആയുധങ്ങൾ നിലവിൽ ഇസയേലിൻ്റെ പക്കലില്ല. അതിന് വേണ്ടി അവരെ സഹായിക്കുന്ന കാര്യം ട്രംപ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. ഫൊർദോ തകർക്കാൻ ഇസ്രയേലിന് യുഎസിന്റെ ബങ്കർ ബസ്റ്റർ ബോംബായ ജിബിയു-57എ/ബി വേണം. അത് നൽകുന്ന കാര്യം പരിഗണിച്ച് വരികയാണ്. രണ്ടാഴ്ചക്കുള്ളിൽ കണക്കു കൂട്ടലുകൾ പൂർത്തിയാവും എന്നാണ് ടെൽ അവീവും വാഷിംഗ്ടണും കണക്കുകൂട്ടുന്നത്. അല്ലെങ്കിൽ യുദ്ധചിത്രം മാറുമെന്ന് ഇരുകൂട്ടർക്കും നന്നായി അറിയാം.



ഫ്രഷ് കട്ട് സമരം ; പ്ലാന്റ് പ്രവർത്തിപ്പിക്കാൻ പോലീസ് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.