ജോലിസമയം 12 മണിക്കൂറായി വർധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരേ ബെംഗളൂരുവിൽ ഐടി ജീവനക്കാർ സമരം ശക്തമാക്കുന്നു. ടെക് പാർക്കുകളുടെ ഗേറ്റിനു മുൻപിലും ഐടി കമ്പനികളുടെ പരിസരങ്ങളിലും തെരുവോരങ്ങളിലും സമരം പടരുകയാണ്. കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) നേതൃത്വത്തിലാണ് ജീവനക്കാർ പ്രതിഷേധമുയർത്തുന്നത്. ഐടി കമ്പനികളെ സഹായിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് ജീവനക്കാർ പറയുന്നു.
ജോലിസമയം ദിവസം 14 മണിക്കൂറാക്കി ഉയർത്താൻ കഴിഞ്ഞവർഷം സർക്കാർ നീക്കം നടത്തിയിരുന്നു. ഇത് ജീവനക്കാരിൽ നിന്ന് എതിർപ്പുയർന്നതോടെ പിൻവലിച്ചു. ഇത്തവണ ജോലിസമയം ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറാക്കാനാണ് നീക്കം. സാധാരണ ജോലി ദിവസം പത്തു മണിക്കൂറും ഓവർടൈം ഉൾപ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിട്ടത്. നിലവിൽ സാധാരണ ജോലിസമയം ഒൻപതു മണിക്കൂറും ഓവർ ടൈം ഉൾപ്പെടെ പത്തു മണിക്കൂറുമാണ്. 1961-ലെ കർണാടക ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതി ചെയ്ത് ജോലിസമയം ഉയർത്താനാണ് സർക്കാർ തീരുമാനിച്ചത്. സംസ്ഥാനത്തെ ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്.
നിയമഭേദഗതിയെപ്പറ്റി ആലോചിക്കാൻ കഴിഞ്ഞമാസം 18-ന് ഉന്നതോദ്യോഗസ്ഥരുടെയും ജീവനക്കാരുടെ സംഘടന പ്രതിനിധികളുടെയും ഉൾപ്പെടെ യോഗം തൊഴിൽവകുപ്പ് സെക്രട്ടറി വിളിച്ചു ചേർത്തിരുന്നു. ഇതിൽ ജീവനക്കാർ എതിർപ്പറിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് യൂണിയന്റെ നേതൃത്വത്തിൽ ഐടി ജീവനക്കാർ സമരംതുടങ്ങിയത്.
ദിവസവും ജോലിസമയത്തിനു ശേഷമാണ് കൊടിയും പ്ലക്കാർഡുമായി അവരുടെ സമരം അരങ്ങേറുന്നത്. സർക്കാർ തീരുമാനം പിൻവലിക്കും വരെ സമരം തുടരുമെന്ന് യൂണിയൻ സെക്രട്ടറിമാരിലൊരാളായ വി.പി. ലെനിൻബാബു പറഞ്ഞു.



‘അവൻ നിങ്ങൾക്ക് മുന്നിലെത്തുമ്പോൾ കയ്യടികളും, അനുഗ്രഹവും നൽകുക’ ; മകന്റെ അരങ്ങേറ്റത്തിൽ വികാരാധീതനായി കിങ് ഖാൻ
പാലായിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.