ആർ.രാഹുൽ
നിലമ്പൂരിൽ ബിജെപിയും സിപിഎമ്മും തമ്മിൽ രഹസ്യ ബാന്ധവമെന്നാണ് ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചത്. മെറ്റൊരു ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള പരസ്യ ബാന്ധവവും നിലമ്പൂരിലും ചർച്ചയാവും എന്നുറപ്പാണ്. തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ കളത്തിൽ ഇറങ്ങിയാൽ ഉറപ്പായും ടി എംസി വിഷയം പ്രചരണ ആയുധമാക്കും. ബിജെപിയും വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് സാധ്യത.
നിലമ്പൂരിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാളിഗഞ്ചിലാണ് കോൺഗ്രസ് -സിപിഎം സഖ്യ സ്ഥാനാർത്ഥി മത്സരത്തിനിറങ്ങുന്നത്. തൃണമൂൽ കോൺഗ്രസ് എംഎൽഎ നാസിറുദീൻ അഹമ്മദിന്റെ ( നാസർ അഹമ്മദ്) മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലത്തിൽ ടിഎംസിയും ബിജെപിയും തമ്മിലാണ് നേർക്ക് നേർ പോരാട്ടം നടക്കുന്നത്. നാസിർ അഹമ്മദിൻ്റെ മകളാണ് സിറ്റിംഗ് സീറ്റ് നിലനിർത്താൻ സംസ്ഥാന ഭരണ പാർട്ടിക്ക് വേണ്ടി കളത്തിൽ ഇറങ്ങുന്നത്. ആഷിസ് ഘോഷാണ് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത്.
പരാജയം ഉറപ്പായിട്ടും കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തുന്നത് ബിജെപിയെ സഹായിക്കാനാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾ പറയുന്നു. സിപിഎമ്മും കോൺഗ്രസും ബിജെപിയുടെ ബി ടീമായിട്ടാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതെന്നും അവർ ആരോപിക്കുന്നു. മുർഷിദാബാദ് കലാപം അടക്കം ഉയർത്തിക്കാട്ടി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. എന്നാൽ അഭിമാന പോരാട്ടമായിട്ടാണ് തൃണമൂലും മമതയും കാളിഗഞ്ച് പോരാട്ടത്തെ കാണുന്നത്.
മണ്ഡലത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ ആദ്യകാലങ്ങളിൽ കോൺഗ്രസിനെയും പിന്നീട് ഇടത് മുന്നണിയേയും ടിഎംസിയേയും മാറി മാറി വിജയിപ്പിച്ച ചരിത്രമാണ് മണ്ഡലത്തിലുള്ളത്. 2016 വരെ കോൺഗ്രസിൻ്റെയും ഇടത് മുന്നണിയുടേയും ശക്തികേന്ദ്രമായിരുന്നു കാളിഗഞ്ച്. 2006 വരെ കോൺഗ്രസും ഇടതുമുന്നണിയും തമ്മിലുള്ള നേർക്ക് നേർ പേരാട്ടങ്ങളാണ് നടന്നത്. കോൺഗ്രസും ഇടത് മുന്നണിക്ക് വേണ്ടി ആർഎസ്പിയും മാറി മാറി മണ്ഡലം പിടിച്ചെടുത്തു. 2011 മുതൽ ആണ് ടിഎംസി മണ്ഡലത്തിൻ്റെ മത്സര ചിത്രത്തിലേക്ക് വരുന്നത്. യുപിഎ മുന്നണി ധാരണ പ്രകാരം കോൺഗ്രസ് സീറ്റ് വിട്ടു നൽകി. തൃണമൂൽ സ്ഥാനാർത്ഥി നാസിറുദീൻ അഹമ്മദ് ഇടത് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു.
ആർഎസ്പിയുടെ ശക്തി കേന്ദ്രം കൂടിയാണ് കാളിഗഞ്ച്. 2011 ൽ 56,913 (36.35) വോട്ട് നേടി ആർഎസ്പിയുടെ ശങ്കർ സർക്കാർ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് ആർഎസ്പിയുടെ സിറ്റിംഗ് സീറ്റ് തൃണമൂൽ പിടിച്ചെടുത്തപ്പോൾ വെറും 13,319 (8.51 ശതമാനം) വോട്ടുകൾ മാത്രമായിരുന്നു ബിജെപിക്ക് നേടാനായത്. കോൺഗ്രസ് – ടിഎംസി സഖ്യമാണ് അന്ന് ഉണ്ടായിരുന്നത്.
2016ലെ തിരഞ്ഞെടുപ്പിൽ ടിഎംസി ബാന്ധവം അവസാനിപ്പിച്ച കോൺഗ്രസും സിപിഎം നേതൃത്വം നൽകുന്ന ഇടത് മുന്നണിയും വാം ഗണ താത്രിക് ധർമ നിരപേക്ഷ ജോഡ് (ഇടത് ജനാധിപത്യ മതേതര സഖ്യം) എന്ന സഖ്യം രൂപീകരിച്ച് മത്സരത്തിനിറങ്ങി. ശക്തമായ എതിർപ്പുണ്ടായിട്ടും സിപിഎം നിർബന്ധത്തിന് വഴങ്ങി ആർഎസ്പി സീറ്റ് കോൺഗ്രസിന് വിട്ടു നൽകി. തൃണമൂൽ കോൺഗ്രസിൻ്റ നാസറുദ്ദീൻ അഹമ്മദിനെ തോൽപ്പിച്ച് കോൺഗ്രസിൻ്റെ ഹസൻ ഉസമാൻ ഷെയ്ഖ് മണ്ഡലം തിരിച്ചുപിടിച്ചു. ബിജെപി ഇക്കുറിയും കാര്യമായ നേട്ടം ഉണ്ടാക്കാനാവാതെ മൂന്നാം സ്ഥാനത്ത് അപ്രസക്തമായ ഒരു പാർട്ടിയായി തുടർന്നു.
2021ൽ കോൺഗ്രസ് -ഇടത് സഖ്യ സ്ഥാനാർത്ഥി ആയിരുന്ന അബുൾ കാഷെം അതിദയനീയമായി പരാജയപ്പെട്ടു. സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് വെറും 11.98 ശതമാനം വോട്ട് (25,076) മാത്രമാണ് നേടിയത്. ബിജെപിയുടെ അഭിജിത് ഘോഷ് 30.91 ശതമാനം (64,709) വോട്ട് നേടി മണ്ഡലത്തിൽ ശക്തമായ മുന്നേറ്റം നടത്തി. 53.35 ശതമാനം വോട്ട് (111,696) നേടി തൃണമൂൽ കോൺസിന് വേണ്ടി നാസറുദീൻ അഹമ്മദ് മണ്ഡലം തിരിച്ചുപിടിച്ചു. കോൺഗ്രസും ഇടത് മുന്നണിയും പൊടിപോലുമില്ല കണ്ടു പിടിക്കാൻ എന്ന അവസ്ഥയിലേക്ക് തങ്ങളുടെ ശക്തി കേന്ദ്രത്തിൽ കൂപ്പുകുത്തി. ഇര വരും സഖ്യകക്ഷികളായി മത്സരിച്ചിട്ടും ബിജെപി അപ്രസക്തമായിരുന്ന കാലത്ത് നേടിയ വോട്ടുകൾ പോലും നേടാനാകുന്നില്ല എന്നതാണ് ഏറ്റവും ഖേദകരം.


നിലമ്പൂരിൽ CPM പ്രതാപകാലത്തെ ബംഗാൾ മോഡൽ മത്സരമോ! ഇടതിൻ്റെ സർവാധിപത്യം തകർക്കാൻ മമതക്കൊപ്പം നിന്ന കോൺഗ്രസിൻ്റെ ഇന്നത്തെ അവസ്ഥക്ക് കാരണം? ചരിത്രം കേരളത്തിൽ ആവർത്തിക്കുമോ?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.