വർഷങ്ങളായി കേരളത്തിൻ്റെ ഉറക്കം കെടുത്തുന്ന മുല്ലപ്പെരിയാർ വിഷയത്തിൽ ആത്മാർത്ഥമായി ഇടപെട്ട രണ്ട് ഭരണാധികാരികളേ നമുക്കുണ്ടായിട്ടുള്ളൂ. മൂക്ക് മുറിച്ച് കേരളത്തില്‍ നിന്ന് നാം നാട് കടത്തിയ സര്‍ സിപിയും ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദനും. കേരളം ഭരിച്ച പ്രഗത്ഭരായ മറ്റ് മുഖ്യമന്ത്രിമാരും കേരളത്തിലെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിച്ചിട്ടില്ല എന്നതാണ് ചരിത്ര സത്യം. 1895ൽ മുല്ലപ്പെരിയാർ ഡാമിൻ്റെ പണി തീർന്നു. അതോടെ പെരിയാർ ജലം തമിഴ്നാട്ടിലേക്ക് നിർബാധം ഒഴുകി. ഈ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ച് തമിഴ്നാട് കരാർ ലംഘിച്ചു. പാട്ടക്കരാർ പ്രകാരം ആർബിട്രേറ്റർമാരുടെ മുന്നിലാണ് വാദം നൂറ്റാണ്ട് മുമ്പ് നടന്നത്. കൽക്കട്ട ഹൈക്കോടതിയിലെ റിട്ടയേർഡ് ജഡ്ജി നളിനി രഞ്ജൻ ചാറ്റർജിയായിരുന്നു അമ്പയർ. തിരുവിതാംകൂറിനു വേണ്ടി ഹാജരായത് ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരായിരുന്നു. മദ്രാസിനു വേണ്ടി പ്രഗത്ഭ അഭിഭാഷകനായിരുന്നു അല്ലാടി കൃഷ്ണസ്വാമി അയ്യരും. അന്ന് തുടങ്ങിയ നിയമയുദ്ധമാണ് ഇപ്പോഴും നിയമസഭയ്ക്കകത്തും സുപ്രീം കോടതിയിലും നിർബാധം തുടരുന്നത്. സർ സിപി തമിഴ്നാട്ടുകാരനായിരുന്നെങ്കിലും പെരിയാർ ജലത്തിൽ നിന്ന് തമിഴ്നാട് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനെ മാത്രമല്ല, സർ സിപി എതിർത്തത്. പാട്ടക്കാരാർ പ്രകാരം ജലസേചനത്തിനു മാത്രമേ പെരിയാർഉപയോഗിക്കാൻ. സർ സിപി തിരുവിതാംകൂറിനോട് കാണിച്ച സ്നേഹത്തിൻ്റെ നൂറിൽ ഒരംശം പോലും പിന്നീട് വന്ന ജനാധിപത്യ സർക്കാരുകൾ കാണിച്ചില്ല. സിപിഐയുടെ വാദം അമ്പയർ അംഗീകരിച്ചു.

പെരിയാർ ജലത്തിൽ നിന്നും മദ്രാസിന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവില്ലെന്ന് അമ്പയർ ചാറ്റർജി വിധി പറഞ്ഞു. എന്നാൽ 1970ൽ അച്യുതമേനോന് സർക്കാർ കാലഹരണപ്പെട്ട മുല്ലപ്പെരിയാർ പാട്ടക്കാരാർ 999 കൊല്ലത്തേക്ക് പുതുക്കിക്കൊടുത്തു. പെരിയാർ ജലത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാനുള്ള അനുമതിയും നൽകി. 1947 ഓഗസ്റ്റ് 15ന് കാലഹരണപ്പെട്ടതാണ് മുല്ലപ്പെരിയാർപാട്ടക്കാരാർ. 23 വർഷത്തിനുശേഷം നിലവിലില്ലാത്ത കരാറിൻ്റെ പേരിലാണ് അനുബന്ധ കരാർ ഉണ്ടാക്കിയത്. സ്വാതന്ത്ര്യാനന്തരം സംസ്ഥാനങ്ങളുടെ പുനഃസംഘടനയ്ക്കായി പാർലമെൻ്റ് പാസാക്കിയ നിയമമാണ് ഇതിലൂടെ ലംഘിച്ചത്. സ്റ്റേറ്റ് റീ-ഓർഗനൈസേഷൻ ആക്ട് അനുസരിച്ച് നിയമത്തിലെ 108ാം വകുപ്പ് പ്രകാരം സംസ്ഥാനങ്ങൾ തമ്മിലുള്ള കരാർ പുതുക്കണമെങ്കിൽ ഒരു വർഷത്തിനുള്ളിൽ അത് ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നു. അതായത് 1957 നവംബർ 1ന് മുമ്പ് മുല്ലപ്പെരിയാർ കരാർ പുതുക്കപ്പെടുന്നില്ലെങ്കിലും അതിന് നിയമസാധുതയില്ല. നിയമസാധുതയില്ലാത്ത ഈ കരാറാണ് അച്യുതമേനോന് സർക്കാർ 1970 മെയ് 29ന് 999 വർഷത്തേക്ക് പുതുക്കി നൽകിയത്. മന്ത്രിസഭയുടെയോ, നിയമസഭയുടെയോ അംഗീകാരമില്ലാതെയാണ് മുഖ്യമന്ത്രി അച്യുതമേനോൻ ആ കരാറിൽ ഗുരുതരമായ ഈ നിയമലംഘനങ്ങൾ സുപ്രീം കോടതിയിൽ വാദിക്കാനോ, ജയിക്കാനോ കേരളത്തിന് 136 വർഷം കഴിഞ്ഞിട്ടും സാധിച്ചില്ല എന്നതാണ് ദയനീയം.

ഇതിനെതിരെ പോരാടിയത് എൽഡിഎഫ് കൺവീനറും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായിരുന്ന കാലത്തൊക്കെ വിഎസ് മുല്ലപ്പെരിയാറിനായി പോരാടിയിട്ടുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തുക്കളും എല്ലാം തന്നെ ഭീഷണി നേരിടും. ഇതിനു പുറമെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ വന്യജീവികളുടെ സുരക്ഷിതത്വവും അപകടത്തിലാകുമെന്നും വിഎസ് അന്ന് വ്യക്തമാക്കിയിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ ഡാം വരുന്നതിന് വേണ്ടി അതുല്യമായ പോരാട്ടങ്ങളും അദ്ദേഹം നടത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ മൂന്ന് ജില്ലകളിലെ മുപ്പത്തിയഞ്ച് ലക്ഷത്തോളം ജനങ്ങളുടെ ജീവിതമാണ് അപകടത്തിലാവുക എന്ന് വിഎസ് ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയായതിന് പിന്നാലെ പിണറായി വിജയൻ മുല്ലപ്പെരിയാറിനെക്കുറിച്ച് നടത്തിയ പ്രസ്താവനക്കെതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു. പിണറായിയുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച വിഎസ് പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നും തുറന്നടിച്ചു. മുഖ്യമന്ത്രിയുണ്ട നിലപാട് ഇടതു മുന്നണിയുടെ നിലപാടിനു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കത്തും നല്‍കിയാണ് വിഎസ് പ്രതിഷേധിച്ചത്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.