നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു നാളെ കേരളത്തിലെത്തും

നാലു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ കേരളത്തിലെത്തും. ഒക്ടോബർ 21 മുതൽ 24 വരെയാണ് രാഷ്ട്രപതിയുടെ കേരള സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തും. വൈകിട്ട്‌ 6.20ന്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതി അന്ന്‌ രാജ്‌ഭവനിലാകും തങ്ങുക.

ശബരിമല ദർശനം ഉൾപെടെയുള്ള നാലു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തുന്നത്. ശബരിമല സന്ദർശനത്തിനു ശേഷം, വ്യാഴാഴ്ച രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ നാരായണൻ്റെ അർദ്ധകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടർന്ന്, വർക്കലയിലെ ശിവഗിരി മഠത്തിൽ ശ്രീനാരായണ ഗുരുവിൻ്റെ മഹാസമാധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിലും രാഷ്ട്രപതി പങ്കെടുക്കും.

വെള്ളിയാഴ്ച എറണാകുളം സെൻ്റ് തെരേസാസ് കോളേജിൻ്റെ ശതാബ്ദി ആഘോഷ പരിപാടിയിലും രാഷ്ട്രപതി പങ്കെടുക്കും. ഇതിന് ശേഷം ഉച്ചയോടെ ഡൽഹിയിലേക്ക് തിരികെ മടങ്ങും. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് നാവികസേനയുടെ പ്രത്യേക വിമാനത്തിലായിരിക്കും രാഷ്ട്രപതിയുടെ മടക്കം. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഒക്ടോബർ 21, 22, 23 തീയതികളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 21 ന് ഉച്ചയ്ക്ക് 02.00 മണി മുതൽ രാത്രി 8 മണി വരെ ശംഖുമുഖം- ഓൾസെയിന്റ്സ്- ചാക്ക -പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- വേൾഡ്‌വാർ-മ്യൂസിയം – വെള്ളയമ്പലം കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.

ശബരിമല സന്ദർശനത്തിന്റെ മുന്നോടിയായി സന്നിധാനം, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങളുടെ അവസാനഘട്ട റിഹേഴ്‌സൽ നടക്കും. രാഷ്‌ട്രപതി യാത്രചെയ്യുന്ന ഗൂർഖ വാഹനത്തിൽ നിശ്‌ചയിച്ചിട്ടുള്ള ആളുകളെകയറ്റി പന്പയിൽനിന്ന്‌ സന്നിധാനത്തേക്കും തിരിച്ചും ഓടിച്ചുനോക്കും. കഴിഞ്ഞദിവസം നിലയ്‌ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പൊലീസ്‌ സുരക്ഷാപരിശോധന നടത്തിയിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *