നിർമ്മാണത്തിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് വന്ദേഭാരതിന്റെ രണ്ടാമത്തെ സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) ഫാക്ടറിയിലേക്ക് തിരിച്ചയച്ചു. റെയിൽവേയുടെ സ്ഥാപനങ്ങളായ റിസേർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ (RDSO), പെരമ്പൂർ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ICF) എന്നിവയുടെ മേൽനോട്ടത്തിൽ ഈ ട്രെയിനിന്റെ ട്രയൽ റണ്ണുകൾ നടത്തിയിരുന്നു.
മധ്യപ്രദേശിലെ ഖജുരാഹോയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബ വരെ ട്രയൽറണ്ണും, രാജസ്ഥാനിലെ കോട്ട ഡിവിഷനിലുള്ള റോഹൽഖുർദ്-ഇന്ദ്രഗഢ് റൂട്ടിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സ്പീഡ് ട്രയൽറണ്ണും നടത്തി. ഇതിനിടക്കാണ് ട്രെയിനിൽ സാങ്കേതിക തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്. ഈ തകരാറുകൾ പരിഹരിക്കുന്നതിനായാണ് ഇപ്പോൾ ട്രെയിൻ നിർമ്മാണശാലയിലേക്ക് തിരികെ അയച്ചിരിക്കുന്നത്. തകരാറുകൾ പരിഹരിച്ച ശേഷം ട്രെയിൻ റെയിൽവേയ്ക്ക് കൈമാറും.
BEML നിർമ്മിച്ച ആദ്യത്തെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലും സാങ്കേതികപ്പിഴവുകൾ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാൻ ICF ന് ആറ് മാസത്തിലധികം സമയമെടുത്തു. സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി ട്രെയിൻ യാത്രയ്ക്ക് യോഗ്യമല്ലെന്നും ഒരു ഘട്ടത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ റെയിൽവേ അധികൃതർ ഈ വാർത്തകൾ നിഷേധിച്ചു.
നിലവിൽ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഡൽഹിയിലാണ് സർവീസ് നടത്തുന്നത്. 16 കോച്ചുകളാണ് ഈ ട്രെയിനിനുള്ളത്. ജനുവരിയിൽ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ ഉദ്ഘാടനം ചെയ്യുമെന്നാണ് റെയിൽവേ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, അപാകതകൾ പരിഹരിച്ച് ട്രെയിൻ തിരിച്ചെത്തിയ ശേഷമായിരിക്കും ഇനി ഉദ്ഘാടനം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുക.



ശബരിമല കൊടിമര പുനഃപ്രതിഷ്ഠക്കിടയിലെ സ്വർണ്ണക്കൊള്ള ; അന്വേഷിക്കാൻ പ്രത്യേക സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.