ലോറിയിൽ നിന്നിറക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിനടിയിൽ പെട്ട് ഷോറൂം ജീവനക്കാരൻ മരിച്ചു

ലോറിയില്‍ നിന്നിറക്കുന്നതിനിടെ പുത്തന്‍ റേഞ്ച് റോവറിന്‍റെ നിയന്ത്രണംവിട്ടു. കാറിനടിയില്‍പ്പെട്ട് ഷോറൂമിലെ ജീവനക്കാരന് ദാരുണാന്ത്യം. കാറിറക്കിയ യൂണിയന്‍കാരനെതിരെ കേസെടുത്ത് പാലാരിവട്ടം പൊലീസ്.

ചളിക്കവട്ടത്തെ റെയ്ഞ്ച് റോവര്‍ യാര്‍ഡില്‍  ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. രണ്ട് കൂറ്റന്‍ ലോറിയിലാണ് പുത്തന്‍ റെയ്ഞ്ച് റോവര്‍ കാറുകളുടെ ലോഡെത്തിയത്. കാറുകള്‍ ലോറികളില്‍ നിന്ന് യാര്‍ഡിലേക്ക് നീക്കം ചെയ്യാന്‍ പതിവുപോലെ യൂണിയന്‍കാരെ ചുമതലപ്പെടുത്തി. വേണ്ട നിര്‍ദേശങ്ങളും മറ്റും നല്‍കാന്‍ ഒപ്പം ഷോറൂമിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി റോഷന്‍ ആന്‍റണി സേവ്യറുമുണ്ടായിരുന്നു. രണ്ട് യൂണിയന്‍കാരില്‍ ഒരാളായ അന്‍ഷാദ് ഡ്രൈവറായും രണ്ടാമന്‍ അനീഷ്, റോഷനോടൊപ്പം ലോറിക്ക് പുറത്ത് റോഡിലും നിലയുറപ്പിച്ചു.

ലോറിക്കുള്ളില്‍ നിന്ന് റിവേഴ്സെടുത്ത് റെയിലിലൂടെ കാര്‍ താഴെയ്ക്ക് ഇറക്കുന്നതിനിടെ അന്‍ഷാദിന് കാറിന്‍റെ നിയന്ത്രണം വിട്ടു. ബ്രേക്ക് ചവിട്ടുന്നതിന് മുന്‍പ് തന്നെ നിമിഷം നേരംകൊണ്ട് കാര്‍ ലോറിയില്‍ നിന്ന് പുറത്തേക്ക് പാഞ്ഞിറങ്ങി. ലോറിയില്‍ നിന്ന് കുതിച്ചുചാടിയ കാര്‍  പുറത്ത് റോഡില്‍ നിന്നിരുന്ന അനീഷിന്റേയും റോഷന്റേയും നേര്‍ക്കാണ് കുതിച്ചെത്തിയത്. എന്താണ് സംഭവിച്ചതെന്ന് മനസിലാകും മുന്‍പ് കാര്‍ റോഷന്‍റെ ശരീരത്തിലൂടെ കയറിയിറങ്ങി.

നിയന്ത്രണംവിട്ട കാര്‍ യാര്‍ഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയില്‍ ഇടിച്ചു നിന്നു.  ഇവിടംകൊണ്ട് ഒതുങ്ങിയില്ല അപകടം. പിന്നീട് മുന്നോട്ടുകുതിച്ച് റോഡിന് വശത്തെ വൈദ്യുതി പോസ്റ്റുകളും ഇടിച്ച് തെറിപ്പിച്ചാണ് കാര്‍ നിന്നത്. റോഷനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനീഷിന‍് നെറ്റിയിലും കൈക്കും പരുക്കേറ്റു.

ഓട്ടോമാറ്റിക് വാഹനത്തിന്‍റെ നിയന്ത്രണം സംബന്ധിച്ച് ഓടിച്ചയാള്‍ക്ക് മനസിലാകാത്തതാകം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. സ്ഥിരമായി കാറുകള്‍ ലോറിയില്‍ നിന്നിറക്കി പരിചയമുള്ളവരാണ് ജോലിക്കെത്തിയതെന്നു ഷോറൂം അധികൃതര്‍ വ്യക്തമാക്കുന്നു.

പാലാരിവട്ടം പൊലീസ് കാറോടിച്ച നൗഷാദിനെ പ്രതിയാക്കി കേസെടുത്തു. ബിഎന്‍എസ് 106(1), 125, 125(a) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ജീവന് അപകടത്തിലാക്കുന്ന പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *