ഉരുളെടുത്ത ഒരു നാടിൻ്റെ പ്രതീക്ഷകളുടെ ദിനം; വയനാടിൻ്റെ അതിജീവന സ്വപ്നങ്ങൾക്ക് നിറം പകരുമ്പോൾ

വയനാട് മുണ്ടക്കൈ ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ദുരന്തമുണ്ടായി എട്ട് മാസത്തിന് ശേഷമാണ് അതിജീവന പദ്ധതി ഉയരുന്നത്. കൽപ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സര്‍ക്കാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുൾപ്പെട്ടവരിൽ 175 പേർ വീടിനായി സമ്മതപത്രം നൽകിയിട്ടുണ്ട്. 7 സെന്റ് ഭൂമിയില്‍ ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്നത്. രണ്ടു മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയുൾപ്പെടുന്നതാണ് വീട്ഒറ്റ നിലയിൽ പണിയുന്ന പിന്നീട് ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കുക.

ഉദ്ഘാടന ചടങ്ങില്‍ പ്രിയങ്ക ഗാന്ധി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രി കെ രാജന്‍ എന്നിവരും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

 

ടൗൺഷിപ്പിന്റെ മാതൃക
പുനരധിവസിക്കുന്നവർക്ക് വേണ്ടി ആരോ​ഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ എന്നിവയും ടൗൺഷിപ്പിൽ നിർമിക്കും. ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, മൈനർ ഓപ്പറേഷൻ തിയറ്റർ, ഒപി ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ എന്നിവ ആരോ​ഗ്യ കേന്ദ്രത്തിൽ ഉണ്ടാവും. ഓപ്പൺ മാർക്കറ്റ്, കടകൾ, സ്റ്റാളുകൾ, കുട്ടികൾക്ക് കളി സ്ഥലം, പാർക്കിങ് എന്നിവയും സജ്ജീകരിക്കും.

ടൗൺഷിപ്പിനുള്ളിൽ ആധുനിക നിലവാരത്തിൽ റോഡുകൾ നിർമിക്കും∙ മൾട്ടി പർപ്പസ് ഹാൾ, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയറ്റർ എന്നിവയോട് കൂടിയാണ് കമ്മ്യൂണിറ്റി സെന്റർ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപറേറ്റീവ് സൊസൈറ്റിയാണ് നിർമാണം . കിഫ്കോണ്‍ കണ്‍സള്‍ട്ടന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കും.

എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ കോടതിവിധി പ്രകാരം പ്രതീകാത്മകമായാണ് 64 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

അതേസമയം വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുളള ഭൂമി സർക്കാ‍ർ ഏറ്റെടുക്കുന്നതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചു. സമാനഹർജിയിൽ ഡിവിഷൻ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ഡിവിഷൻ ബെഞ്ചിൽ ഹർജി നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം താൻ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ടി.ആർ രവി വ്യക്തമാക്കി. തുടർന്ന് ഡിവിഷൻ ബെഞ്ചിലേക്ക് വിടാൻ നിർദേശിച്ച് ഹർജി രജിസ്ട്രിക്ക് കൈമാറി.

ഏറ്റെടുക്കുന്ന ഭൂമിക്ക് പകരമായി 26 കോടി രൂപയാണ് സർക്കാർ നിശ്ചയിച്ചതെന്നും എന്നാൽ തറവില കണക്കാക്കിയാൽ പോലും 519 കോടിയുടെ മൂല്യമുണ്ടെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിന്‍റെ വാദം. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ് എൽസ്റ്റൺ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. മുമ്പുള്ള  കോടതിവിധി പ്രകാരം 64 ഹെക്ടർ ഭൂമി പ്രതീകാത്മകമായി ഏറ്റെടുത്ത സർക്കാർ തറക്കല്ലിടൽ ചടങ്ങ് നടത്തുകയായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *