ബെംഗളൂരുവിൽ കസ്റ്റഡിയിൽ പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ ദലിത് യുവാവിനെ പുനരധിവാസ കേന്ദ്രത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാംഗ്ലൂർ സ്വദേശി ദർശനാണ് മരിച്ചത്. മദ്യപാനിയായ ദർശനെ നവംബർ 12 ന് വീടിനു സമീപം ഉണ്ടായ സംഘർഷത്തിൽ വിവേക് നഗർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പോലീസുകാർ ദർശനെ വിട്ടയക്കുകയോ, കാണാൻ അനുവദിക്കുകയോ ചെയ്തില്ലെന്നാണ് ദർശന്റെ അമ്മയുടെ ആരോപണം.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പവനും മറ്റ് രണ്ട് പൊലീസുകാരും ദർശനെ സ്റ്റേഷനിനുള്ളിൽ ക്രൂരമായി ആക്രമിച്ചതായും നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാക്കിയതായും അമ്മ ആദിലക്ഷ്മി ആരോപിക്കുന്നു. പിന്നീട് നവംബർ 15ന്, ദർശനെ പുനരധിവാസ കേന്ദ്രത്തിൽ പൊലീസ് നിർദേശപ്രകാരം പ്രവേശിപ്പിച്ചു. ദർശൻ സുഖം പ്രാപിക്കുന്നതായാണ് എല്ലാ ദിവസവും പുനരധിവാസ കേന്ദ്രത്തിൽ നിന്ന് കുടുംബത്തെ അറിയിച്ചിരുന്നത്.
നവംബർ 26 ന്, ശ്വാസ സംബന്ധമായ അസുഖം കാരണം ദർശൻ മരിച്ചെന്നാണ് പുനരധിവാസ കേന്ദ്രത്തിൽ നിന്നും അറിയിച്ചത്. കുടുംബാംഗങ്ങൾ അവിടേക്ക് എത്തിയപ്പോൾ മൃതദേഹം പുനരധിവാസ കേന്ദ്രത്തിൽ ഉണ്ടായിരുന്നില്ല. നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. മരിച്ച നിലയിലാണ് ദർശനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. നെഞ്ചിലും കാലുകളിലും ഒന്നിലധികം മുറിവുകൾ കണ്ടെത്തിയിരുന്നു. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിൽ ശരീരത്തിൽ നിരവധി പരുക്കുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം.
തമിഴ്നാട്ടിൽ പെൺകുട്ടികളോട് സംസാരിച്ചെന്ന പേരിൽ പന്ത്രണ്ടാം ക്ലാസുകാരനെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി
മാടനായകനഹള്ളി പൊലീസ് ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയും പുനരധിവാസ കേന്ദ്രത്തിലെ ജീവനക്കാർക്ക് എതിരെയും കേസ് റജിസ്റ്റർ ചെയ്തു. പട്ടികജാതിക്കാരനായ തന്റെ മകൻ ഉയർന്ന ജാതിക്കാരായ പൊലീസുകാരുടെ കസ്റ്റഡി ആക്രമണത്താലും, പുനരധിവാസ കേന്ദ്രത്തിന്റെ അനാസ്ഥയും മൂലമാണ് മരിച്ചതെന്ന് മാതാവ് പരാതിപ്പെട്ടു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.