തിരഞ്ഞെടുപ്പ് കാലത്ത് ആന്റോ ആന്റണി 2 കോടി വാങ്ങി ; ആരോപണവുമായി എം.എൻ രാജു

പത്തനംതിട്ട എം.പി ആന്റോ ആന്റണിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമയും കേരള കോൺഗ്രസ് (എം) നേതാവുമായ എൻ എം രാജു രംഗത്ത്. തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ ആവിശ്യങ്ങൾക്കായി  ആന്റോ ആന്റണി രണ്ടുകോടി രൂപ വാങ്ങിയെന്നാണ് ആരോപണം.  രണ്ടുമാസത്തിനകം തരാമെന്ന ഉറപ്പിലാണ് പണം കൈപ്പറ്റിയതെന്നും,  എന്നാൽ ഏഴുവർഷങ്ങൾ കഴിഞ്ഞിട്ടും അതിൽ 20 ലക്ഷം മാത്രമാണ് തന്നതെന്നുമാണ് അദ്ദേഹം ആരോപിച്ചത്.

‘2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാലത്ത് ആന്റോ ആന്റണിയും ഭാര്യയും പണമാവശ്യപ്പെട്ട് ഓഫീസിലും വീട്ടിലും പലതവണ വന്നിരുന്നു. തുടർന്നാണ് പ്രചാരണാവശ്യങ്ങൾക്കായി രണ്ടുകാേടി പലിശയ്ക്ക് നൽകിയത്. നൽകിയ രണ്ടുമാസത്തിനകം തിരികെ നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഏഴുവർഷം കഴിഞ്ഞിട്ടും പണം മുഴുവൻ നൽകിയിട്ടില്ല. ഈടൊന്നും വാങ്ങാതെയാണ് പണം നൽകിയത്. വ്യക്തിപരമായ ബന്ധത്തിന്റെ പുറത്ത് നിക്ഷേപകരുടെ പണമാണ് ഓഫീസിലെ അക്കൗണ്ട് വഴി കൈമാറിയത്.

ഈ വിവരങ്ങൾ ഇ.ഡിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചിട്ടുണ്ട്. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ മകൾ ഉൾപ്പെടെ എം പിയുടെ വീട്ടിൽ ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നൽകാൻ തയ്യാറായില്ല. ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്’- രാജു ആരോപിക്കുന്നു. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതു കൊണ്ടാണ് ഇതുവരെ പൊലീസിൽ പരാതി നൽകാതിരുന്നതെന്നും ഇപ്പോൾ ഈ വിഷയം പരസ്യമാക്കാൻ തീരുമാനിക്കുകയാണെന്നും രാജു കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല തന്ത്രി കണ്ഠരര് രാജീവര് തന്റെ സ്ഥാപനത്തിൽ രണ്ടരക്കോടി നിക്ഷേപിച്ചുവെന്നത് വെറും ആരോപണം മാത്രമമാണെന്നും തന്ത്രിയെയോ കുടുംബത്തെയോ കണ്ടിട്ടില്ലെന്നും എം.എൻ രാജു വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനത്തിന്റെ ഉടമയാണ് എൻ എം രാജു. തന്ത്രി കണ്ഠര് രാജീവര് സ്ഥാപനത്തിൽ കോടികൾ നിക്ഷേപിച്ചെന്നും ബാങ്ക് തകർന്ന് പണം കിട്ടാതായിട്ടും തന്ത്രി കേസു കൊടുത്തില്ലെന്നുമായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞദിവസം അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡി ബാങ്കിലും രാജുവിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. നിക്ഷേപ തട്ടിപ്പിൽ രണ്ടുവർഷമായി ഇ.ഡി അന്വേഷണം നേരിടുന്ന സ്ഥാപനമാണ് നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്. സ്ഥാപനത്തിന്റെ 44 കോടിവരുന്ന സ്വത്തുക്കൾ മരവിപ്പിച്ചിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *