അരുൺ ടി വിജയൻ
സഖാവ് കുഞ്ഞാലിയുടേയും നിലമ്പൂർ – അവസാന ഭാഗം
കുഞ്ഞാലിയുടെ പഴയ സഖാക്കള്‍ ആരോപിക്കുന്നതു പോലെയല്ല കാര്യങ്ങളെന്നാണ് സിപിഎം പ്രാദേശിക നേതൃത്വം പറയുന്നതെന്നാണല്ലോ കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞ് അവസാനിപ്പിച്ചത്. വര്‍ഗ്ഗ ശത്രുക്കളെ ഭിന്നിപ്പിച്ച് ദുര്‍ബലരാക്കുന്നതിന് പാര്‍ട്ടിയ്ക്ക് ചില രീതികളുണ്ട്, അത് കാലാകാലങ്ങളായി പലവിധത്തില്‍ നടപ്പാക്കാറുമുണ്ടെന്നാണ് പി ടി ഉമ്മറിന്റെ വിശദീകരണം. കുഞ്ഞാലിയുടെ മരണ ശേഷം നിലമ്പൂരില്‍ പാര്‍ട്ടി ദുര്‍ബലപ്പെട്ടപ്പോള്‍ ആര്യാടനെയും ടി കെ ഹംസയെയും പോലുള്ളവരെ പാര്‍ട്ടിയ്‌ക്കൊപ്പം നിര്‍ത്താനാണ് ശ്രമിച്ചത്. കുഞ്ഞാലി വധത്തില്‍ ആര്യാടന്‍ നിരപരാധിയാണെന്ന വാദം ഒരിക്കലും അംഗീകരിക്കാനാകില്ല. തൊഴില്‍ തര്‍ക്കത്തില്‍ അതിന് മുമ്പും ശേഷവും ഐഎന്‍ടിയുസിയും അന്നത്തെ എഐടിയുസിയും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നും അത് തന്നെയാണ് സംഭവിച്ചത്. കുഞ്ഞാലി സംഭവസ്ഥലത്ത് കുറെ വൈകിയാണ് എത്തിയത്. കോണ്‍ഗ്രസ് ഓഫീസിന് താഴെയുള്ള ഹോട്ടലിന്റെ ചില്ല് പൊട്ടിച്ചിട്ടാണ് കുഞ്ഞാലിയെ വെടിവച്ചത്. അത് ഗോപാലനെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമല്ല. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഓര്‍മ്മയുള്ള സമയത്തെല്ലാം കുഞ്ഞാലി പറഞ്ഞിട്ടുള്ളത് തന്നെ വെടിവച്ചത് ആര്യാടനാണെന്നാണ്. പാര്‍ട്ടിയും അതുതന്നെയാണ് അംഗീകരിക്കുന്നത്.
ഗൃഹാതുര സ്മരണകളുയർത്തി മലയാളികൾക്ക് ഇന്ന് തിരുവോണം; മഹാബലിയും വാമനനും തൃക്കാക്കരയപ്പനും പിന്നെ ഓണക്കോടിയും ഓണസദ്യയും, പുലികളിയും; നാടും നഗരവും ആഘോഷത്തിൽ
ആര്യാടന് പറയുന്നത് പോലെ എഐടിയുസിയിലെ കുറെ ആളുകള്‍ സിഐടിയുവില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമായിരുന്നില്ല അവിടെ നടന്നതെന്നും മുന്‍ ഏരിയ സെക്രട്ടറി കൂടിയായ ഉമ്മര്‍ പറയുന്നു. മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തില്‍ രണ്ട് വിഭാഗങ്ങളും രണ്ട് നിലപാടുകള്‍ സ്വീകരിച്ചു. ഈ നിലപാടുകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ഗോപാലനാണ് പ്രതിയെന്ന് ആര്യാടന്‍ തന്നെ പറഞ്ഞുണ്ടാക്കിയതാണെന്നും അദ്ദേഹം പറയുന്നു. അത് ഒരു വാഗ്ദാനത്തിന്റെ പുറത്തായിരുന്നു. എന്നാല്‍ ഈ വാഗ്ദാനം പാലിക്കാതെ വന്നപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. അതിന്റെ പേരിലുള്ള തര്‍ക്കങ്ങളുടെ ഫലമായി അവര് തന്നെ ഗോപാലനെ കൊലപ്പെടുത്തുക ആയിരുന്നുവെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ജീവിതാവസാന കാലത്ത് സ്വയം വെള്ളപൂശാന്‍ ആര്യാടന്‍ നടത്തുന്ന ശ്രമം മാത്രമാണ്. ആര്യാടനെ ചുറ്റിപ്പറ്റി ഇത്തരത്തിലുള്ള നിരവധി നിഗൂഢമായ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്. സമീപകാലത്ത് നിലമ്പൂര്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഓഫീസില്‍ രാധ എന്ന ജീവനക്കാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടതും പണ്ട് ആര്യാടന്റെ രാഷ്ട്രീയ ഗുരുവും നിലമ്പൂരിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കുഞ്ഞാമന്‍ ഹാജിയുടെ മരണവുമെല്ലാം അതില്‍ ചിലത് മാത്രമാണ്. രാധയുടെ മരണത്തില്‍ അറസ്റ്റിലായത് ആര്യാടന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമാണ്. ഒരു ഭരണസമിതിയെല്ലാം രൂപീകരിച്ചാണ് അന്ന് അവര്‍ തെളിവുകളെല്ലാം നശിപ്പിച്ചത്.
Also Read : സഖാവ് കുഞ്ഞാലിയെ കൊന്നത് ആര്യാടനോ? പൊളിയുന്ന ചിലവാദങ്ങൾ ഭാഗം: 1
1980ല്‍ ആര്യാടന്‍ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായത് രാഷ്ട്രീയ അടവുപരമായ നിലപാടുകളുടെ ഭാഗമായാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖ്യശത്രുവിനെ തോല്‍പ്പിക്കുന്നതിന് എതിരാളികളെ ഭിന്നിപ്പിക്കുകയും അതുവഴി ഇടതുപക്ഷത്തിന് മുന്നോട്ട് പോകാന്‍ കഴിയുന്ന സാഹചര്യം ഒരുക്കുകയും ചെയ്യുക എന്നതാണ്. 1969ല്‍ നമ്മള്‍ പുറത്തുപോകുകയും കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാകുകയും ചെയ്തപ്പോള്‍ ഒരു വല്ലാത്ത അവസ്ഥയാണ് കേരളത്തിലുണ്ടായിരുന്നത്. എണ്‍പത് വരെ ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി നിലനിന്നിരുന്നു. ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു ആര്യാടനെ ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയാക്കിയത്. അത് രാഷ്ട്രീയവും താത്വികവുമായ കാരണങ്ങളാലാണ്. ചൈനീസ് സമരകാലത്ത് ഏറ്റവും വലിയ ശത്രുവിനെ കൂട്ടുപിടിച്ചുകൊണ്ടാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് പോയത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ ചില അടവുപരമായ നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും. അതിന്റെ ഭാഗമായിരുന്നു ആര്യാടന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായുള്ള സഖ്യം. അവര് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ സ്വാഭാവികമായും ആര്യാടന്‍ മത്സരിക്കുകയും മന്ത്രിയാകുകയും ചെയ്തു. പക്ഷെ അതോടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയെ തകര്‍ക്കാന്‍ നമുക്ക് സാധിച്ചു. 1982ല്‍ ടികെ ഹംസയെ പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുന്നത് ആര്യാടനെ തോല്‍പ്പിക്കാനായാണ്. അതിന് സാധിക്കുകയും ചെയ്തു. പിന്നീട് ഹംസ പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനും നേതാവുമായി മാറിയപ്പോള്‍ കോണ്‍ഗ്രസിന് കനത്ത ഒരു നഷ്ടമുണ്ടാക്കാനും പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ടെന്നും പി ടി ഉമ്മര്‍ വിശദീകരിക്കുന്നു.
ആര്യാടന് രക്ഷപ്പെടാനുണ്ടായ സാഹചര്യവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായി ആര്യാടന്‍ ജയിലില്‍ കിടക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ പിളര്‍പ്പ് നടക്കുന്നത്. സംഘടനാ കോണ്‍ഗ്രസിനൊപ്പമാണ് ആര്യാടന്‍ നിലയുറപ്പിച്ചത്. കരുണാകരനും വിശ്വനാഥനും ആര്യാടനെ ജയിലില്‍ പോയി കണ്ടാണ് ഇന്ദിരാ കോണ്‍ഗ്രസിനൊപ്പം നിര്‍ത്തുന്നത്. രാഷ്ട്രീയമായ നല്ലരീതിയിലുള്ള ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് പോലുമുണ്ടായിട്ടുണ്ട്. കൂടാതെ സാക്ഷികള്‍ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ട് സാക്ഷി മൊഴികള്‍ വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് കോടതി വിധിയില്‍ പറഞ്ഞത്. അതുകൊണ്ട് സംശയത്തിന്റെ ആനുകൂല്യം നല്‍കി വിട്ടയയ്ക്കുന്നുവെന്നായിരുന്നു വിധി. പിന്നെ ഡോക്ടറുമായി നടന്ന ഗൂഢാലോചനയെക്കുറിച്ച് മാതൃഭൂമിയില്‍ വന്ന അഭിമുഖത്തില്‍ ആര്യാടന്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഡോക്ടര്‍ ആവശ്യമായ ബുദ്ധി ഉപദേശിച്ചുവെന്നാണ് ആര്യാടന്‍ സമ്മതിച്ചത്. മയക്കത്തിലായിരുന്നതിനാല്‍ മൊഴി നല്‍കാനായിരുന്നില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ കുഞ്ഞാലി ആ സമയത്ത് മയക്കത്തിലായിരുന്നില്ല. ആശുപത്രിയില്‍ കുഞ്ഞാലി ആര്യാടനെതിരെ മൊഴി നല്‍കിയിട്ടുമുണ്ട്. ഔദ്യോഗിക കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ആര്യാടനെ ഇന്ദിരാ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താന്‍ കരുണാകരന്‍ ജയിലില്‍ പോയി കണ്ടുവെന്നത് അന്നത്തെ കാലത്ത് വാര്‍ത്തകളിലുണ്ടായിരുന്നതാണ്. കരുണാകരന്‍ വഴി കേസില്‍ ഇന്ദിരാ ഗാന്ധിയെ ഇടപെടുത്താനും കേസില്‍ നിന്ന് രക്ഷപ്പെടുത്താനും അവര്‍ക്ക് സാധിച്ചിട്ടുണ്ടാകുമെന്നാണ് ഞങ്ങള്‍ അന്ന് മനസ്സിലാക്കിയത്. അവസാന കാലമായെന്ന് തോന്നിയപ്പോള്‍ കുറെ കാര്യങ്ങള്‍ പറഞ്ഞ് പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ് ആര്യാടന്‍ ശ്രമിച്ചതെന്ന് എസി അംഗം ശിവാത്മജന്‍ ആരോപിക്കുന്നു.
Also Read:”കൈതോല പായയിൽ ഒളിപ്പിച്ച തോക്ക്” കുഞ്ഞാലിക്ക് നേരെ വെടി തുപ്പുന്നു.
അതേസമയം കുഞ്ഞാലിയുടെ പഴയ സഖാക്കള്‍ പറയുന്നതുപോലെ കുഞ്ഞാലി ഫണ്ട് എവിടെപ്പോയെന്നതിന് വ്യക്തമായ മറുപടി നല്‍കാന്‍ പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതൃത്വത്തിന് സാധിച്ചിട്ടില്ല. കുഞ്ഞാലി വധക്കേസിനെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട ഫണ്ടിനെക്കുറിച്ചോ തനിക്ക് യാതൊന്നും അറിയില്ലെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ് പറയുന്നു. കുഞ്ഞാലി വധക്കേസ് സംബന്ധിച്ച് മുമ്പ് തേജസ് ദിനപ്പത്രത്തില്‍ സി എന്‍ രാജന്റെ അഭിമുഖം വന്നപ്പോള്‍ സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതില്‍ നിരാശപൂണ്ട ചില മുന്‍കാല പ്രവര്‍ത്തകരുടെ ആരോപണങ്ങള്‍ മാത്രമാണ് ഇതെന്നാണ് മോഹന്‍ദാസ് പ്രതികരിച്ചിരുന്നത്. പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിച്ച് നടക്കുന്നത് നിരാശപൂണ്ട ഒരു വിഭാഗം ആളുകള്‍ മാത്രമാണെന്ന വാദം അദ്ദേഹം അഴിമുഖത്തോടും ആവര്‍ത്തിച്ചു.
അങ്ങനെയൊരു സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അക്കാലത്ത് പാര്‍ട്ടിയില്‍ സജീവമായിരുന്ന പിടി ഉമ്മറിനൊക്കെ അറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് പാര്‍ട്ടി ഏരിയ കമ്മിറ്റി സെക്രട്ടറി പത്മാക്ഷന്‍ പ്രതികരിച്ചത്. അക്കാലത്ത് താന്‍ ജനിച്ചിട്ടേയുള്ളൂവെന്നും പലതും കേട്ടുകേള്‍വികളില്‍ നിന്ന് മാത്രം അറിയാവുന്ന കാര്യമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഈ ഫണ്ടിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞുകേട്ടിട്ടില്ല. അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ആര്യാടനെ പിന്നീട് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത് ആവശ്യമില്ലാത്ത ഒരു പണിയായിരുന്നെന്നും പത്മാക്ഷന്‍ പ്രതികരിച്ചു. ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യമായിരുന്നു അത്. എന്നാല്‍ വലതുപക്ഷ രാഷ്ട്രീയം പൊളിക്കുകയെന്നതായിരുന്നു അതിന്റെ ഉദ്ദേശം. പുതിയകാലത്ത് നിന്ന് നോക്കിയാല്‍ അത് ശരിയായിരുന്നുവെന്ന് മനസ്സിലാക്കാമെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയത്തില്‍ സ്വാഭാവികമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നായിരുന്നു ടി കെ ഹംസ പാര്‍ട്ടിയുടെ നേതാവായി മാറിയതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ലമെന്ററി രാഷ്ട്രീയമെന്നത് ഒരു പന്നിക്കൂടാണെന്ന് ലെനിന്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Also Read: എന്താണ് വെടിവച്ച ഗോപാലനും ആര്യാടനുമായുള്ള ബന്ധം! സഖാവ് കുഞ്ഞാലിയുടേയും നിലമ്പൂർ; ഭാഗം: 04
ഹൈക്കോടതിയില്‍ പരാതി പോകേണ്ടത് സര്‍ക്കാര്‍ അല്ലേയെന്നാണ് പി ടി ഉമ്മര്‍ ചോദിക്കുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കേസിന്റെ പ്രക്രിയകള്‍ പുരോഗമിച്ചത്. ആര്യാടനെ വെറുതെ വിട്ടപ്പോഴേക്കും കരുണാകരന്‍ സര്‍ക്കാര്‍ നിലവില്‍ വന്നിരുന്നു. അവര്‍ ഹൈക്കോടതിയില്‍ പോയതും ഇല്ല. ഫണ്ടിന് ആഹ്വാനം ചെയ്തിരുന്നുവെന്നത് നേരാണ്. സഖാവ് എകെജിയാണ് ആ ഫണ്ട് കൈമാറിയത്. അത് കുടുംബത്തിന് നല്‍കുകയല്ലേ ചെയ്തത്. ഒരു സമ്മേളനം വിളിച്ചുകൂട്ടിയാണ് എകെജി കുഞ്ഞാലിയുടെ കുടുംബത്തിന് ഫണ്ട് കൈമാറിയത്. എന്നാല്‍ ആ തുക എത്രയായിരുന്നുവെന്നൊന്നും തനിക്ക് ഓര്‍മ്മയില്ല. അത് ഉപയോഗിച്ച് ഹൈക്കോടതി പോകാനോ കേസ് നടത്താനോ ഒന്നും പറഞ്ഞിട്ടില്ലെന്നും കെ ടി ഉമ്മര്‍ വ്യക്തമാക്കുന്നു. സെയ്താലിക്കുട്ടിയ്ക്ക് എന്തിനാണ് ഫണ്ട് കൊടുക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. ഓരോരുത്തരും അവരവരുടെ ഊഹം വച്ച് പറയുന്നതാണ് ഇതെല്ലാം. ഒരു വിധിക്ക് മുകളില്‍ അപ്പീല്‍ പോകേണ്ടത് സര്‍ക്കാര്‍ ആണ്. സ്വകാര്യ ഹര്‍ജി പോയാലും അതിന് സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. കരുണാകരന്‍ സര്‍ക്കാരില്‍ നിന്നും അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയെ ഇകഴ്ത്താന്‍ വേണ്ടി മാത്രം പലരും നുണകള്‍ പറഞ്ഞു പരത്തുന്നതാണ്. അതെല്ലാം ആര്യാടനെ വെള്ളപൂശാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം പറയുന്നു.
ഇഎംഎസ് ആര്യാടന്‍ കൊലയാളിയല്ല എന്നൊന്നും പറഞ്ഞിട്ടില്ലെന്നും ഉമ്മര്‍ പറയുന്നു. ഇഎംഎസ് പറഞ്ഞത് സമകാലിക രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ചാണ്. 1975ല്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയപ്പോള്‍ ബിജെപിയുടെ മാതൃരൂപമായിരുന്ന ജനസംഘത്തിനൊപ്പം പോലും സിപിഎം ഒന്നിച്ചു നിന്നിട്ടുണ്ടായിട്ടുണ്ടല്ലോയെന്നും അദ്ദേഹം ചോദിക്കുന്നു. പാര്‍ട്ടിയുടെ പൊതുവായ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിനും പാര്‍ട്ടി ആഗ്രഹിക്കുന്ന വിധത്തില്‍ രാജ്യത്തെ എത്തിക്കുന്നതിനും എതിരാളികളായി വരുന്നവരെ രാഷ്ട്രീയമായി നേരിടുക അല്ലാതെ വൈകാരികമായി കാണാതിരിക്കുകയെന്നതാണ് സിപിഎം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ള നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോപാലനെക്കൊണ്ട് കൃത്യം ചെയ്യിച്ചത് ആര്യാടനാണെന്ന വാദത്തെ തള്ളുകയാണ് നിലമ്പൂരിലെ കോണ്‍ഗ്രസ് നേതൃത്വം. ആര്യാടന് തോക്ക് പിടിക്കാന്‍ പോലും അറിയില്ലെന്നാണ് അമരമ്പ്രം പഞ്ചായത്തിലെ മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എന്‍ എം ബഷീര്‍ പറയുന്നത്. കേസില്‍ ആര്യാടനൊപ്പം കോണ്‍ഗ്രസ് ഓഫീസില്‍ നിന്നും അറസ്റ്റിലായ നീലാമ്പ്ര കുഞ്ഞാമന്റെ മകനാണ് ഇദ്ദേഹം. ഗോപാലന്‍ തോക്കുമായി കെട്ടിടത്തിന് താഴെ ഒളിച്ചിരിക്കുന്ന വിവരം അവര്‍ക്കാര്‍ക്കും അറിയില്ലായിരുന്നുവെന്നാണ് ബഷീറിന്റെ വാദം. സാഹചര്യവശാല്‍ ആര്യാടന്‍ അവിടെ എത്തിച്ചേര്‍ന്നതാണ്. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ ആര്യാടനും തന്റെ പിതാവിനും നേരെ കൊലവിളികളുമായി പാര്‍ട്ടി ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയപ്പോഴാണ് ഗോപാലന്‍ വെടിവച്ചത്. ഗോപാലന് കുഞ്ഞാലിയോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നുവെന്നത് താന്‍ പറഞ്ഞ് കേട്ടത് മാത്രമാണെന്ന് ഇദ്ദേഹം സമ്മതിക്കുന്നു. ഈ വാദങ്ങളെയാണ് കുഞ്ഞാലിയുടെ പഴയ സഖാക്കളും സിപിഎമ്മിന്റെ ഇപ്പോഴത്തെ നേതൃത്വവും ഒരേ സ്വരത്തില്‍ ഖണ്ഡിക്കുന്നത്. അതില്‍ ആര്യാടന് തോക്ക് പിടിക്കാന്‍ പോലും അറിയില്ലെന്നൊക്കെ കോണ്‍ഗ്രസ് പറഞ്ഞു പരത്തുമ്പോള്‍ പുച്ഛിച്ച് തള്ളാനേ ആകൂവെന്നും നിലമ്പൂരില്‍ അതിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അന്ന് അതേ കെട്ടിടത്തിലുണ്ടായിരുന്ന ആര്യാടന്റെയും സമ്മതമില്ലാതെ എങ്ങനെയാണ് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരാള്‍ക്ക് ഒളിച്ചിരിക്കാനാകുന്നതെന്ന അവരുടെ ചോദ്യം സുപ്രധാനം തന്നെയാണ്. കുഞ്ഞാലിയെ ലക്ഷ്യമിട്ടല്ലെങ്കില്‍ പിന്നെ എന്തിന് ആര്യാടനും മറ്റുള്ളവരും അവിടെയെത്തിയെന്നതും പ്രധാനമാണ്. അവരെയെല്ലാം അറസ്റ്റ് ചെയ്തത് കോണ്‍ഗ്രസ് ഓഫീസില്‍ നിന്നല്ല എന്നത് ആര്‍ക്കും നിഷേധിക്കാനാകാത്ത കാര്യമാണല്ലോ? തോക്ക് പിടിച്ചിട്ടുണ്ടാകില്ലെങ്കിലും കാഞ്ചി വലിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത് ആര്യാടനാണെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നതും അതിനാലാണ്. അതിന് ശേഷമുണ്ടായ ആര്യാടന്റെ വളര്‍ച്ച തന്നെയാണ് ഇതിന്റെ ആവശ്യമെന്തായിരുന്നു എന്നതിനുള്ള ഉത്തരമെന്നും ഇവര്‍ പറയുന്നു.
Also Read: കുഞ്ഞാലിയെ കൈവിട്ട സിപിഎം പാർട്ടി തന്നെ ആര്യാടനെ അരിയിട്ട് വാഴിക്കുന്നു ! ഭാഗം: 05
അമ്പത് വര്‍ഷം മുമ്പ് നടന്ന കുഞ്ഞാലി വധക്കേസ് വീണ്ടും ചര്‍ച്ചയാകാന്‍ കാരണം ആര്യാടന്‍ തന്നെയാണ്. താനല്ല കുഞ്ഞാലിയെ കൊലപ്പെടുത്തിയതെന്ന് സ്ഥാപിക്കേണ്ടത് ആര്യാടന്റെ ആവശ്യമായിരുന്നു. എന്നാല്‍ ആര്യാടന്‍ ഒരുവിധത്തിലും കുറ്റവിമുക്തനാകുന്നില്ലെന്നാണ് പ്രദേശവാസികളും പാര്‍ട്ടി അംഗങ്ങളുമായ എല്ലാവരും തന്നെ ഒരേസ്വരത്തില്‍ പറയുന്നത്. അതേസമയം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട ആര്യാടനെ ഈ വിഷയത്തില്‍ സമീപിച്ചപ്പോള്‍ തനിക്ക് ഇനി ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. അത് ആര്യാടന്റെ സ്വയം വെള്ളപൂശാനുള്ള ശ്രമം മാത്രമാണെന്നാണെന്നാണ് അന്നത്തെ സാഹചര്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ സിപിഎം ചില ഗുരുതരമായ ആരോപണങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കൂടി കൂട്ടിച്ചേര്‍ത്ത് ഈ പരമ്പര അവസാനിപ്പിക്കുന്നു. കുഞ്ഞാലിയുടെ കാലഘട്ടത്തില്‍ സാധാരണക്കാരുടെ പിന്തുയായിരുന്നു പാര്‍ട്ടിക്ക് ആവശ്യം. ജന്മികളും തോട്ടംതൊഴിലാളികളും വലിയ രീതിയില്‍ സാധാരണക്കാരെ വേട്ടയാടുന്ന കാലഘട്ടമായിരുന്നു കുഞ്ഞാലിയുടേത്. എന്നാല്‍ പാര്‍ട്ടി കുറേക്കൂടി മുന്നോട്ട് വരുമ്പോള്‍ ജനസ്വാധീനം വര്‍ധിക്കുകയും അടുത്തഘട്ടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്തു. ആര്യാടന്‍ ഉള്‍പ്പെടെയുള്ള വര്‍ഗ്ഗശത്രുക്കളെ കൂടെക്കൂട്ടിയുള്ള ആ മുന്നേറ്റം പാര്‍ട്ടിയ്ക്ക് വേണ്ടി രക്തവും വിയര്‍പ്പും നല്‍കിയ ഒരു വിഭാഗം സാധാരണക്കാരായ തൊഴിലാളികളെ എത്രമാത്രം വേദനിപ്പിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് കുഞ്ഞാലി വധക്കേസിനെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.