തനിക്കെതിരായ ക്രിമിനല്‍ അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി എംപിയും ബോളിവുഡ് താരവുമായ കങ്കണ റണാവത്ത് സമർപ്പിച്ച ഹര്‍ജി പരിഗണനക്കെടുക്കാതെ സുപ്രീം കോടതി. ഇതിന് പിന്നാലെ അവര്‍ ഹര്‍ജി പിന്‍വലിച്ചു. 2021-ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത 73-കാരിയാണ് കങ്കണയ്‌ക്കെതിരേ കേസ് കൊടുത്തത്. അവര്‍ക്കെതിരേ മോശം പരാമര്‍ശമുള്‍പ്പെട്ട ട്വീറ്റ് കങ്കണ റീട്വീറ്റ് ചെയ്തതാണ് കേസിന് കാരണം.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന് മുന്‍പാകെയാണ് കങ്കണയുടെ ഹര്‍ജിയെത്തിയത്. കങ്കണയുടെ ട്വീറ്റ് കേവലം റീട്വീറ്റ് മാത്രമായിരുന്നില്ല. അതിനൊപ്പം അവര്‍ സ്വന്തം പരാമര്‍ശവും ചേര്‍ത്തിരുന്നെന്ന് ജസ്റ്റിസ് മെഹ്ത പറഞ്ഞു. ‘നിങ്ങളുടെ കമന്റുകളെ കുറിച്ച് എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. അതൊരു ലളിതമായ റീട്വീറ്റ് ആയിരുന്നില്ല. നിങ്ങള്‍ സ്വന്തം അഭിപ്രായങ്ങള്‍ അതിൽ ചേര്‍ത്തിട്ടുണ്ട്. നിങ്ങള്‍ അതിൽ മസാല ചേർത്തു.’ അദ്ദേഹം പറഞ്ഞു.
അതേസമയം, വാദം കേള്‍ക്കുന്നതിനിടെ തന്റെ പരാമര്‍ശങ്ങളില്‍ കങ്കണ ഇതിനകം വിശദീകരണം നല്‍കിയിട്ടുണ്ടെന്നും പഞ്ചാബില്‍ ഹാജരാകുന്നതിന് സുരക്ഷാ ആശങ്കകളുണ്ടെന്നും കങ്കണയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, വിശദീകരണങ്ങള്‍ നല്‍കേണ്ടത് വിചാരണക്കോടതിക്ക് മുന്‍പാകെയാണെന്നും ജസ്റ്റിസ് മെഹ്ത വ്യക്തമാക്കി.
2021-ല്‍ ഭട്ടിന്‍ഡ കോടതിയിലാണ് കങ്കണയ്‌ക്കെതിരേ മഹീന്ദര്‍ കൗര്‍ എന്ന സ്ത്രീ പരാതി നല്‍കിയത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന മഹീന്ദറിന്റെ ചിത്രം ഉള്‍പ്പെട്ട ആക്ഷേപകരമായ ട്വീറ്റ്, ടൈം മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട അതേ ദാദി (മുത്തശ്ശി)ആണെന്നത് ഉള്‍പ്പെടെ അധിക്ഷേപകരമായ രീതിയിൽ കങ്കണ റീട്വീറ്റ് ചെയ്‌തെന്നാണ് പരാതി.



പ്രശസ്ത നടി ഊർമിള ഉണ്ണി ബി.ജെ.പിയിൽ ചേർന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.