ശബരിമല സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി കൊല്ലം വിജിലൻസ് കോടതി. കേസിൽ നിർണായകമെന്ന് കരുതപ്പെടുന്ന വി.എസ്.എസ്.സി നടത്തിയ പരിശോധനാ റിപ്പോർട്ടാണ് കൈമാറിയത്. ദ്വാരപാലക ശില്പം, കട്ടിളപ്പാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണ് റിപ്പോർട്ടിലുള്ളത്. ഇന്നലെയാണ് വി.എസ്.എസ്.സി മുദ്രവച്ച കവറിൽ ശാസ്ത്രീയ പരിശോധനാഫലം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ പരിശോധനാ ഫലം നിർണായകമായേക്കും. ഈ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം ഇനി തുടർനടപടികൾ സ്വീകരിക്കുക. 19ന് ഹൈക്കോടതിയിൽ കൊടുക്കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഈ ശാസ്ത്രീയ അന്വേഷണഫല റിപ്പോർട്ടും ഉൾപ്പെടുത്തും. സ്വർണപാളികൾ മാറ്റിയോ, ശബരിമലയിൽ ഇപ്പോഴുള്ളത് പഴയപാളികളാണോ അല്ലയോ, പാളികളിലെ സ്വർണത്തിന്റെ അളവ് തുടങ്ങിയവ നിർണയിക്കുന്ന പരിശോധനയാണ് നിലവിൽ നടത്തിയിട്ടുള്ളത്.
അതേസമയം, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ റിമാൻഡിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസിനെ ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ശങ്കരദാസിനെ സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാമെന്ന് ജയിൽ ഡോക്ടർ നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.