ഗവർണർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി; താത്ക്കാലിക വിസിമാരായ സിസ തോമസും ശിവപ്രസാദും പുറത്ത് പോകും

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് ഹൈക്കോടതിയിൽ നിന്നു വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം റദ്ദാക്കിയ സിംഗിൾ ബെഞ്ചിൻ്റെ തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിവി ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

സര്‍ക്കാര്‍ പാനലില്‍ നിന്ന് നിയമനം നടത്തണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.ഇതിനെതിരെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര അർലേക്കർ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഇതാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്.സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, എപിജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി (കെടിയു) താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും.

താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ഥിരം വിസി നിയമനത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഗവർണറും സംസ്ഥാന സർക്കാരും ക്രിയാത്മകമായി ഇടപെടാനും സിംഗിൾ ബെഞ്ചിനെപ്പോലെ ഡിവിഷൻ ബെഞ്ചും നിർദേശിച്ചിട്ടുണ്ട്

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് 2024 നവംബറിൽ ഇരുവരുടെയും താൽക്കാലിക നിയമനം നടത്തിയത്. അദ്ദേഹം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ഗവർണറായ രാജേന്ദ്ര ആർലേക്കറാണ് സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഹർജി നൽകിയത്. ഇരു സർവകലാശാലകളിലും പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സർക്കാർ പാനൽ നൽകിയെങ്കിലും ഗവർണർ ഡോ. ശിവപ്രസാദിനെയും ഗവർണർ നിയമിക്കുകയായിരുന്നു. രണ്ട് സർവകലാശാലകളിലെയും വിസിമാരുടെ കാലാവധി മേയ് 27ന് പൂർത്തിയായെങ്കിലും നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന നിർദേശത്തോടെ 30 വരെ തുടരാൻ കോടതി അനുമതി നൽകിയിരുന്നു

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *