തകർന്ന് വീഴുന്ന No.1 പൊയ്മുഖങ്ങൾ..! ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില കൽപിക്കാത്ത നാണംകെട്ട ഭരണകൂടം

പുകൾപെറ്റത് എന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന തകർച്ച തുറന്നു കാട്ടുന്ന വാർത്തകൾക്കാണ് കുറച്ച് ദിവസങ്ങളായി കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കലിൻ്റെ തുറന്ന് പറച്ചിലിലൂടെയാണ് ആരോഗ്യ മേഖലയിലെ സർക്കാർ മേനി പറച്ചിലുകൾ ആദ്യം തുറന്ന് കാട്ടപ്പെട്ടത്. അത്യാവശ്യ ഉപകരണങ്ങൾ ഇല്ലാത്തത് കാരണം ശസ്ത്രക്രിയ അടക്കം മുടങ്ങി പോകുന്ന സാഹചര്യങ്ങളടക്കം പിന്നാലെ കേരളത്തിൽ ചർച്ചയായി.

സാധാരണക്കാർ ആശ്രയിക്കുന്ന കേരളത്തിൽ എമ്പാടുമുള്ള സർക്കാർ ആശുപത്രികളിലെ ദയനീയ സ്ഥിതി തുറന്ന് കാട്ടലിന് ഡോക്ടർ ഹാരിസിൻ്റെ വെളിപ്പെടുത്തൽ വഴിയൊരുക്കി. മരുന്നുകളും മറ്റ് ഉപകരണങ്ങളും എന്തിന് പഞ്ഞി പോലും ഇല്ലാത്ത ദുരവസ്ഥയിലൂടെയാണ് സംസ്ഥാനത്തെ ആശുപത്രികൾ കടന്നു പോകുന്നത് എന്ന് വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കി. അപ്പോഴും ആരോഗ്യ മന്ത്രി വീണാ ജോർജും മറ്റ് മന്ത്രിമാരും അതിനെ ന്യായീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. സിസ്റ്റത്തിൻ്റെ വീഴ്ചയാണെന്നും അതിന് മാറ്റം വന്നാലേ രക്ഷയുള്ളു എന്നാണ് മന്ത്രിയും സമ്മതിക്കുന്നത്. ആ സിസ്റ്റത്തിൻ്റെ തലപ്പത്തുള്ള അതിന് മാറ്റം കൊണ്ട വരേണ്ട വ്യക്തിയാണ് ഇങ്ങനെ നാണംകെട്ട പ്രസ്താവന നടത്തിയത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

നമ്പർ വൺ എന്ന് അവകാശപ്പെട്ട ആരോഗ്യമേഖല  വെൻ്റിലേറ്ററിലാണ് എന്ന പ്രതിപക്ഷ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് നിലവിലെ അവസ്ഥ എന്ന് ബോധ്യപ്പെടുമ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കേരളത്തെ ഞെട്ടിക്കുന്ന മറ്റൊരു വാർത്ത വരുന്നത്. ആശുപത്രിയിലെ പഴക്കം ചെന്ന കെട്ടിടം തകർന്ന് വീണ് ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാൻ എത്തിയ തലയോലപ്പറമ്പ് സ്വദേശി ബിന്ദു എന്ന വീട്ടമ്മ മരിച്ചു എന്നതായിരുന്നു ആ ദു:ഖവാർത്ത. ഉടനടി സ്ഥലത്ത് എത്തിയ ആരോഗ്യ മന്ത്രിയും മറ്റൊരു മന്ത്രിയായ വിഎൻ വാസവനും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിന് പകരം തങ്ങൾ ഉൾപ്പെട്ട സിസ്റ്റത്തെ ന്യായീകരിക്കുന്നതാണ് കണ്ടത്.

തകർന്നത് ആളൊഴിഞ്ഞ കെട്ടിടമാണെന്നും ആരും കുടങ്ങിയിട്ടില്ല എന്ന് പറഞ്ഞ് വീണ്ടും സർക്കാർ മേനി പറച്ചിലിൽ അഭിരമിച്ച മന്ത്രിമാർ രണ്ടര മണിക്കൂറുകളോളമാണ് രക്ഷാപ്രവർത്തനം വൈകിപ്പിച്ചത്. ഈ സമയം കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ ഒരു മനുഷ്യ ജീവൻമരണത്തോട് മല്ലടിക്കുകയായിരുന്നു. മന്ത്രിമാർ ന്യായികരണം നടത്താതെ തകർന്ന വീണ കെട്ടിടത്തിന് അടിയിൽ ആരെങ്കിലും കുടുങ്ങിയോ എന്ന് പരിശോധിക്കണം എന്ന ഒറ്റ വാക്ക് പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ആ ജീവൻ രക്ഷപ്പെടുമായിരുന്നു എന്നതാണ് വസ്തുത.

കഴിഞ്ഞ ഒമ്പത് വർഷക്കാലമായി, വിശേഷിച്ച് കോവിഡിന് ശേഷം ആരോഗ്യ കേരളം നമ്പർ വൺ എന്ന് പിആർ ഏജൻസികളാൽ പടുത്തുയർത്തിയ നുണക്കോട്ടകളാണ് കോട്ടയത്തും ഡോ ഹാരിസിൻ്റെ വെളിപ്പെടുത്തലിലൂടെ തിരുവനന്തപുരത്തും തകർന്ന് വീണത്. കേരളമെമ്പാടും നിന്നും സംസ്ഥാനത്തെ ആരോഗ്യരംഗം അടിസ്ഥാന സൗകര്യമുൾപ്പെടെ  സമസ്ത മേഖലകളിലും ബലക്ഷയത്താൽ ആടി ഉലയുകയാണ് എന്നത് തെളിവുകൾ സഹിതം പുറത്തു വന്നു.

കോട്ടയം സംഭവത്തിന് ശേഷം കഴിവ്കെട്ട ആരോഗ്യ മന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകൾ സമരത്തിലാണ്. സംസ്ഥാനമൊട്ടാകെ പ്രതിഷേധക്കാരും പൊലീസുമായി സംഘട്ടനം തുടരുകയാണ്. ആരോഗ്യ മേഖല നേരിടുന്ന തകർച്ചയും വകുപ്പ് മന്ത്രി അതിദയനീയമായ പരാജയമാണെന്നും ആർക്കും സംശയലേശമന്യേ വെളിപ്പെട്ടിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണ പാർട്ടിയായ സിപിഎമ്മും അതിൻ്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐഐയും സ്വീകരിക്കുന്നത്. സമരം ചെയ്യുന്ന യൂത്ത് കോൺഗ്രസ്കാരെ നേരിടുമെന്നാണ് ഡിവൈഎഫ്ഐ കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരുപാട് സമരമുഖകളിലൂടെ കടന്ന് വന്ന് അതിലൂടെ വളർന്ന യുവജ സംഘടനയും പാർട്ടിയുമാണ് ഇങ്ങനെ പറയുന്നത് എന്നതാണ് ശ്രദ്ധേയം.

അവരോട് നിങ്ങൾ പ്രതിപക്ഷത്തായിരിക്കുമ്പോൾ ആണ് ഇങ്ങനെ ഒരു സംഭവം നടന്നിരുന്നെങ്കിലോ എന്ന് ചോദിച്ചാൽ എന്ത് മറുപടിയായിരിക്കും നൽകുക എന്നറിയാൻ കൗതുകമുണ്ട്. അക്ഷരാർത്ഥത്തിൽ  കേരളം കത്തിച്ചേനേ എന്ന് എല്ലാവർക്കും ചിന്തിക്കാൻ കഴിയും എന്ന വസ്തുത അവർ തന്നെ മറന്നു പോകുന്നു എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. കോട്ടയത്ത് ബിന്ദു എന്ന വീട്ടമ്മയെ ഇവിടുത്തെ സിസ്റ്റം കൊന്നതാണ് എന്ന് പറഞ്ഞാലും അതിശയോക്തിതിയില്ല. കേരളത്തിലെ നിരവധി ആശുപത്രി കെട്ടിടങ്ങളുടേയും ബലക്ഷയ വാർത്തകൾ പുറത്തു വന്നു കഴിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ സാധാരക്കാരുടെ മക്കൾ താമസിക്കുന്ന വിദ്യാർത്ഥികളുടെ ഹോസ്റ്റലും ഏത് നിമിഷവും തകർന്ന് വീഴാൻ പാകത്തിലാണ് നിൽക്കുന്നത്.  സാധാരക്കാരുടെ മക്കൾക്ക് ഇത് മതി എന്നാണോ സർക്കാർ പറയുന്നത് എന്നാണ് സ്ഥലത്ത് എത്തിയ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സർക്കാരിനോട് ചോദിച്ചത്. വളരെ പ്രസക്തമായതും സർക്കാരിൻ്റെ മനോഭാവം തെളിയിക്കുന്ന ഒരു ചോദ്യമായി അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

കേരളത്തിൽ നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകൾ ഇടിഞ്ഞ് താഴുകയും തകർന്ന് വീഴുന്നതും തുടർക്കഥകളാവുന്നതിന് ഇടയിലാണ് ആരോഗ്യ മേഖലയിലെ ദുരവസ്ഥയും പുറത്ത് വന്നത്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനവും കെടുകാര്യസ്ഥതയും കാരണം രാജ്യത്തെങ്ങും മുമ്പ് കേട്ടുകേൾവിയില്ലാത്ത തരത്തിൽ ദേശീയപാത നിർമ്മാണത്തിലെ വീഴ്ചകൾ പുറംലോകമറിഞ്ഞത്. വൻ അഴിമതിയും ദേശീയ പാതാ നിർമ്മാണത്തിൽ നടന്നുവെന്ന വിമർശനവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പിണറായി വിജയൻ നയിക്കുന്ന ഇടത് സർക്കാരിൻ്റെ മറ്റൊരു മേനിപറച്ചിലായിരുന്നു ദേശിയ പാത വികസനം. പിആർ വർക്കും റീൽസ് വിപ്ലവവുമായി മുഖ്യമന്ത്രിയുടെ ബന്ധുകൂടിയായ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആണ് റോഡ് വികസനം ഒരു തിലകക്കുറിയായി കൊണ്ടു നടന്നത്. നൂറു കണക്കിന് ആളുകൾ ഇന്ന് ഭീതിയോടെയാണ് നിർമ്മാണം തുടരുന്ന ദേശീയ പാതക്ക് സമീപം താമസിക്കുന്നത്. പല സ്ഥലങ്ങളിലും ആളുകൾ സ്വന്തം വീടുകൾ ഉപേക്ഷിച്ച് നാടുവിട്ട സ്ഥിതി വിശേഷവുമുണ്ടായി. ജനങ്ങൾ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിട്ടാണ് പലയിടത്തും കഴിയുന്നത്.

കേരളത്തിലെ ആരോഗ്യ രംഗവും വകുപ്പ് മന്ത്രിയും വിമർശനവും പ്രതിഷേധവും നേരിടുമ്പോഴാണ് മുഖ്യമന്ത്രി തുടർ ചികിത്സക്കായി അമേരിക്കയ്ക്ക് പോയിരിക്കുന്നത്. ഇതിനെതിരെയും വലിയ വിമർശനമാണ് ഉയർന്നത്. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ആശ്രയമായ പൊതു ആരോഗ്യ കേന്ദ്രങ്ങളിൽ രോഗികളുടെ ജീവന് ഉറപ്പ് നൽകാൻ കഴിയാത്ത സാഹചര്യമുള്ളപ്പോഴാണ് മുഖ്യമന്ത്രി വിദേശത്ത് ചികിത്സ തേടിപ്പോയത് എന്നാണ് പ്രധാന കുറ്റപ്പെടുത്തൽ. പബ്ലിക് ഹെൽത്ത് കെയർ നടപ്പാക്കുമെന്നായിരുന്നു ഇടത് മുന്നണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു. കേരളത്തിലെ ആരോഗ്യരംഗം വേൾഡ് നമ്പർ വൺ എന്ന് അവകാശപ്പെടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തും സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സ തേടുന്നത്. മന്ത്രി ആർ ബിന്ദുവും മുൻ മന്ത്രിയും ചികിത്സ തേടിയത് സ്വകാര്യ ആശുപത്രികളിലാണ്. മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും സ്വകാര്യ ആശുപത്രിയിൽ സർക്കാർ ചിലവിൽ ചികിത്സ. സാധാരണക്കരായ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യമില്ലാത്ത മരുന്നില്ലാത്ത തകർന്ന് നിലംപൊത്താറായ സർക്കാർ ആശുപത്രിയിൽ ചികിത്സ. എന്തുകൊണ്ടാണ് വേൾഡ് നമ്പർ വണ്ണായ കേരളത്തെ സർക്കാർ ആശുപത്രികളെ മേനി പറയുന്ന ഈ മന്ത്രിമാർ ആശ്രയിക്കാത്തത് എന്ന ചോദ്യവും പ്രസക്തമാണ്. ആശുപത്രിയിൽ എത്തുന്ന സാധാരണക്കാരും ദേശീയ പാതയുടെ സമീപത്ത് താമസിക്കുന്ന ജനങ്ങളും ജീവൻ തന്നെ നഷ്ടപ്പെടുന്ന സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന ആർക്കും നിഷേധിക്കാനാകാത്ത വസ്തുത ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *