ഗോവയിൽ ഗവർണർ സ്ഥാനത്തേക്ക് മുൻ കേന്ദ്ര മന്ത്രി അശോക് ഗജപതി രാജു എത്തിയിരിക്കുകയാണ്. മലയാളിയായ പിഎസ് ശ്രീധരൻപിള്ളക്ക് പകരക്കാരനായിട്ടാണ് അദ്ദേഹം പദവിയിൽ എത്തുന്നത്. വിജയനഗരം നാട്ടുരാജ്യത്തിലെ പുസപതി രാജകുടുംബത്തിലെ പിന്തുടർച്ചക്കാരനാണ് എഴുപത്തിനാലുകാരനായ അശോക് ഗജപതി രാജു. ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്കുദേശം പാർട്ടിയുടെ മുതിർന്ന നേതാവാണ് അദ്ദേഹം. വിജയനഗരത്തിലെ അവസാന മഹാരാജാവായ പുസപതി വിജയരാമ ഗജപതി രാജുവിന്റെ ഇളയ മകനാണ്. ഇരുപത്തിയഞ്ച് വർഷത്തിലേറെ ആന്ധ്രാപ്രദേശ് സംസ്ഥാന നിയമസഭയിൽ അംഗമായിരുന്ന അദ്ദേഹം പതിമൂന്ന് വർഷം ആന്ധ്രാപ്രദേശ് സർക്കാരിൽ മന്ത്രിയായിരുന്നു. വാണിജ്യ നികുതി, എക്സൈസ്, നിയമനിർമ്മാണകാര്യം, ധനകാര്യം, ആസൂത്രണം, റവന്യൂ എന്നീ വകുപ്പുകളുടെ ചുമതല നിർവഹിച്ചു.
1951 ൽ ചൈന്നൈയിലാണ് അശോക് ഗജപതിയുടെ രാജുവിൻ്റെ ജനനം. ഗ്വാളിയോറിലെ സിന്ധ്യ സ്കൂൾ , ഹൈദരാബാദ് പബ്ലിക് സ്കൂൾ , വിശാഖപട്ടണത്തെ വിഎസ് കൃഷ്ണ കോളേജ് എന്നിവിടങ്ങളിലാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത് . അദ്ദേഹത്തിന്റെ പിതാവ് പുസപതി വിജയരാമ ഗജപതി രാജുവും സഹോദരൻ പുസപതി ആനന്ദ ഗജപതി രാജുവും ഇന്ത്യൻ പാർലമെന്റേറിയന്മാരും സംസ്ഥാന സർക്കാരിൽ മന്ത്രിമാരുമായിരുന്നു. ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡന്റാണ് അശോക് ഗജപതി രാജു.
1978ൽ ജനതാ പാർട്ടി സ്ഥാനാർഥിയായാണ് രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. വിജയനഗരം വിധാൻ സഭാ മണ്ഡലത്തിൽ നിന്നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 1982 ൽ തെലുങ്കുദേശം പാർട്ടി രൂപീകരിച്ചപ്പോൾ അതിൽ ചേരുകയും 1983, 1985, 1989, 1994, 1999, 2009 വർഷങ്ങളിലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിക്കുകയും ചെയ്തു.
Also Read : ശ്രീധരൻ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവർണർ
പലതവണ സംസ്ഥാനത്ത് മന്ത്രിയായ അശോക് ഗജപതി രാജു എൻടി രാമറാവു മന്ത്രിസഭയിൽ എക്സൈസ് വകുപ്പും ചന്ദ്രബാബുനായിഡു മന്ത്രിസഭയിൽ ധനകാര്യം, നിയമം, റവന്യൂ വകുപ്പുകളും കൈകാര്യം ചെയ്തു ശ്രദ്ധേയനായി.
2014ൽ വിജയനഗരം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദി സർക്കാരിൽ ക്യാബിനറ്റ് പദവിയിൽ വ്യോമയാന മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്നതിനായി കേന്ദ്ര സർക്കാരുമായുള്ള തർക്കത്തെത്തുടർന്ന് 2018 മാർച്ച് 8 ന് അദ്ദേഹം രാജിവച്ചു.


വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.